Connect with us

National

ഫരീദാബാദില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണു; രക്ഷാ പ്രവര്‍ത്തനത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു,13 പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരെ രക്ഷിക്കാന്‍ ഓടിയെത്തിയ ഇന്‍സ്‌പെക്ടര്‍ ജഗദീഷ് പ്രസാദിന്റെ മുഖത്തും തലയിലും റൈഡിന്റെ ഭാഗം വന്ന് ഇടിച്ചതാണ് മരണകാരണം.

Published

|

Last Updated

ന്യൂഡല്‍ഹി |  ഫരീദാബാദിലെ സൂരജ്കുണ്ഡ് മേളയില്‍ യന്ത്രഊഞ്ഞാല്‍ തകര്‍ന്നുണ്ടായ അപകടത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു.ഹരിയാനയിലെ ഫരീദാബാദില്‍ നടന്നുവരുന്ന സൂരജ്കുണ്ഡ് മേളയില്‍ ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ‘സുനാമി ഊഞ്ഞാല്‍്’എന്നറിയപ്പെടുന്ന യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീഴുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റ പോലീസ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് പ്രസാദ് ആണ് മരിച്ചത്.
അപകടത്തില്‍ സന്ദര്‍ശകരടക്കം 13 പേര്‍ക്ക് പരുക്കേറ്റു.

റൈഡ് പെട്ടെന്ന് തകരുകയും ചരിഞ്ഞു വീഴുകയുമായിരുന്നു. പരുക്കേറ്റവരെ രക്ഷിക്കാന്‍ ഓടിയെത്തിയ ഇന്‍സ്‌പെക്ടര്‍ ജഗദീഷ് പ്രസാദിന്റെ മുഖത്തും തലയിലും റൈഡിന്റെ ഭാഗം വന്ന് ഇടിച്ചതാണ് മരണകാരണം.

ഡെപ്യൂട്ടി കമ്മീഷണര്‍ ആയുഷ് സിന്‍ഹ, ടൂറിസം മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.പരിക്കേറ്റവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

റൈഡ് ഓപ്പറേറ്റര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ശക്തമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശം നിലവില്‍ ബാരിക്കേഡ് കെട്ടി അടച്ചിരിക്കുകയാണ്.

മേളയില്‍ നേരത്തെ ശക്തമായ കാറ്റില്‍ ഫുഡ് കോര്‍ട്ടിലെ ഒരു ഗേറ്റ് തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുകളുണ്ട്.

 

---- facebook comment plugin here -----

Latest