Connect with us

Articles

സവര്‍ണ ജാതിഭൂതം വീണ്ടും പുറത്തുചാടുമ്പോള്‍

മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് വന്നപ്പോഴും സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് വന്നപ്പോഴും സംവരണത്തിനെതിരെ തെരുവിലിറങ്ങിയ ആളുകളുടെ പിന്‍തലമുറകള്‍ തന്നെയാണ് ഇപ്പോള്‍ യു ജി സിയുടെ പുതിയ റെഗുലേഷനുമെതിരെ രംഗത്തുവന്നിട്ടുള്ളത്. ഇവര്‍ തന്നെയാണ് കുറച്ചുനാള്‍ മുമ്പ് പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിനും എതിരായി തെരുവില്‍ വന്നത്.

Published

|

Last Updated

ഇന്ത്യയിലെ ക്യാമ്പസുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ നേരിടുന്ന ജാതീയവും മതപരവുമായ വിവേചനങ്ങള്‍ ദിനംപ്രതി കൂടിവരികയാണ് എന്ന കണ്ടെത്തലില്‍ നിന്നാണ് യു ജി സി തുല്യതാ റെഗുലേഷന്‍സ്-2026 പുറത്തിറക്കിയത്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്, നമ്മുടെ കലാലയങ്ങളില്‍ ജാതിയുടെയോ വംശത്തിന്റെയോ ലിംഗത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ ഭിന്നശേഷിയുടെയോ പേരില്‍ ഒരാളും യാതൊരു തരത്തിലുമുള്ള വിവേചനങ്ങള്‍ നേരിടാന്‍ പാടില്ല എന്ന്. ഇന്ത്യന്‍ ഭരണഘടനയും ഇതേ നിലപാടാണ് പുലര്‍ത്തുന്നത്. യാതൊരു തരത്തിലുമുള്ള വിവേചനങ്ങള്‍ നേരിടാതെ സ്വാഭിമാനത്തോടെ പഠനം പൂര്‍ത്തിയാക്കാനുള്ള സാഹചര്യങ്ങള്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് യു ജി സി പുതിയ തുല്യതാ റെഗുലേഷന്‍ കൊണ്ടുവന്നത്. എന്നാല്‍ പുതിയ റെഗുലേഷന്‍ സവര്‍ണ വിദ്യാര്‍ഥികള്‍ക്കെതിരെ തെറ്റായ പരാതികള്‍ കൊണ്ടുവരാനും അവരുടെ പഠനം തടസ്സപ്പെടുത്താനും വലിയ നിയമ പോരാട്ടങ്ങളിലേക്ക് അവരെ നയിക്കാനും ഇടയാക്കും എന്ന് പറഞ്ഞ് സവര്‍ണ വിദ്യാര്‍ഥികള്‍ സമരം നടത്തുകയും പ്രശ്‌നം സുപ്രീം കോടതിയുടെ മുമ്പിലെത്തുകയും ചെയ്തു. പരാതിക്കാരുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്നും അതുകൊണ്ട് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ പുതിയ യു ജി സി റെഗുലേഷന്‍ മരവിപ്പിക്കാനും നിലവിലുള്ള 2012ലെ റെഗുലേഷന്‍ തുടരാനുമാണ് കോടതി പറഞ്ഞത്.

യു ജി സിയുടെ പുതിയ റെഗുലേഷന്റെ ലക്ഷ്യത്തില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്, ക്യാമ്പസിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ക്ഷേമമാണ് റെഗുലേഷന്‍ ലക്ഷ്യമിടുന്നതെന്ന്. ഏതെങ്കിലും ഒരു ജാതിക്കാരുടെയോ മതക്കാരുടെയോ പ്രശ്‌നങ്ങള്‍ മാത്രമല്ല ഈ റെഗുലേഷന്‍ പരിഗണിക്കുന്നത്. കലാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും നേരിടുന്ന വിവേചനങ്ങള്‍ ഈ റെഗുലേഷന്റെ പരിധിയില്‍ വരുന്നുവെന്ന് കാണാം. ക്യാമ്പസില്‍ ഒരു വിദ്യാര്‍ഥി ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ നേരിടുന്ന പക്ഷം ആ വിദ്യാര്‍ഥിക്ക് കൃത്യമായി അത് പരിഹരിക്കാനുള്ള സ്ഥാപനപരമായ സാഹചര്യങ്ങള്‍ സുതാര്യമായി ഉറപ്പുവരുത്തുക എന്നതാണ് പുതിയ തുല്യതാ റെഗുലേഷനിലൂടെ യു ജി സി ലക്ഷ്യമിടുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സവര്‍ണ വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനങ്ങളും ഈ റെഗുലേഷന്റെ പരിധിയില്‍ വരുന്നുണ്ട്. റെഗുലേഷന്‍ മുഴുവന്‍ നോക്കിയിട്ടും അതിലെന്തെങ്കിലും സവര്‍ണ വിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സവര്‍ണരായ വിദ്യാര്‍ഥികളെ തിരഞ്ഞു പിടിച്ച് ദ്രോഹിക്കാന്‍ ഉദ്ദേശിച്ചുള്ള ഒന്നും പുതിയ റെഗുലേഷനില്‍ ഉള്ളതായി തോന്നുന്നില്ല. എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്വാഭിമാനത്തോടെ പഠനം ചെയ്യാനുള്ള സാഹചര്യമുണ്ടാകും, മറ്റുള്ളവരുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കാന്‍ ശ്രമിക്കുന്ന ഏതൊരാളും നിയമത്തിന് വിധേയപ്പെടേണ്ടിവരും എന്നതല്ലാതെ മറ്റൊന്നും ഈ റെഗുലേഷനില്‍ ഇല്ല. നിയമം അനുസരിക്കേണ്ടിവരും, അല്ലാത്ത പക്ഷം നിയമം നിങ്ങളെ തേടിവരും എന്ന് പറയുന്നതില്‍ എന്താണ് ഭരണഘടനാവിരുദ്ധമായുള്ളത്.
നിലവില്‍ കോളജുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ പരിഹരിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ട്. പുതിയ റെഗുലേഷനില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കൂടി നീതി കൊടുക്കാന്‍ കഴിയുന്ന തരത്തിലാണ് അതിനെ രൂപപ്പെടുത്തിയിട്ടുള്ളത്. ഒരു വശത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സവര്‍ണ വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനങ്ങള്‍ കൂടി പുതിയ റെഗുലേഷന്‍ പരിഗണിക്കുന്നു. ഒപ്പം സവര്‍ണ- അവര്‍ണ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടാകുന്ന ഒരു പ്രശ്‌നത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സവര്‍ണ വിദ്യാര്‍ഥിക്ക് കൗണ്ടര്‍ പരാതി കൊടുക്കാനുള്ള ഒരവസരമാണ് പുതിയ റെഗുലേഷന്‍ തുറന്നുകൊടുക്കുന്നത്. ഇന്ത്യന്‍ ക്യാമ്പസുകളില്‍ അടിയന്തരമായി ഭരണകൂടം ഇടപെടാന്‍ തക്കവണ്ണം സവര്‍ണ വിദ്യാര്‍ഥികള്‍ എന്തെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ നേരിടുന്നതായ പത്ര റിപോര്‍ട്ടുകളോ സര്‍ക്കാര്‍ അന്വേഷണ റിപോര്‍ട്ടുകളോ കണ്ടിട്ടില്ല. പീഡിതവിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനങ്ങള്‍ കൃത്യമായി അഭിസംബോധന ചെയ്യാനും അവര്‍ക്ക് നീതി ഉറപ്പാക്കാനും കഴിയാത്ത സാഹചര്യമാണ് പുതിയ റെഗുലേഷന്‍ കൊണ്ടുവരുന്നതെന്ന് തിരിച്ചറിയണം. യഥാര്‍ഥത്തില്‍ റെഗുലേഷന്‍ സവര്‍ണ വിരുദ്ധമല്ല മറിച്ച് സവര്‍ണര്‍ക്ക് അനുകൂലമാണ്.

ഇന്ത്യന്‍ ക്യാമ്പസുകളില്‍ ഇന്ന് സവര്‍ണരുടെ ജാതീയമായ അപ്രമാദിത്തം നടപ്പാക്കുക അത്ര എളുപ്പമല്ല. എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുന്ന സാമൂഹിക ബോധമുള്ള കുട്ടികളാണ് ഓരോ വര്‍ഷവും അവിടേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ സവര്‍ണര്‍ കാലാകാലമായി ക്യാമ്പസുകളില്‍ നടപ്പാക്കുന്ന ജാതീയവും ലിംഗപരവുമായ വിവേചനങ്ങള്‍ ഇപ്പോള്‍ ശക്തമായി എതിര്‍ക്കപ്പെടുന്നുണ്ട്. ജാതീയവും മതപരവുമായ വിവേചനങ്ങള്‍ ക്യാമ്പസുകളുടെ പുറത്ത് കൂടിക്കൂടി വരികയും ഏകാശിലാത്മകമായ ഒരു തിയോക്രാറ്റിക്ക് രാഷ്ട്രത്തിന്റെ സാധ്യതകള്‍ പ്രയോഗവത്കരിക്കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും കൂടുതല്‍ ബഹുസ്വരമായുള്ള ക്യാമ്പസുകളില്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നത് ഉറപ്പാണല്ലോ. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് വന്നപ്പോഴും സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് വന്നപ്പോഴും സംവരണത്തിനെതിരെ തെരുവില്‍ ഇറങ്ങിയ ആളുകളുടെ പിന്‍തലമുറകള്‍ തന്നെയാണ് ഇപ്പോള്‍ യു ജി സിയുടെ പുതിയ റെഗുലേഷനുമെതിരെ രംഗത്തുവന്നിട്ടുള്ളത്. ഇവര്‍ തന്നെയാണ് കുറച്ചുനാള്‍ മുമ്പ് പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിനും എതിരായി തെരുവില്‍ വന്നത്. ഇന്ത്യയും ഇവിടുത്തെ വിഭവങ്ങളും തൊഴിലുകളും പഠനാവസരങ്ങളും ഒക്കെ തങ്ങള്‍ക്ക് മാത്രമായിട്ടുള്ളതാണെന്ന തലതിരിഞ്ഞ ചിന്ത എവിടുന്നാണ് സവര്‍ണര്‍ക്ക് കിട്ടുന്നത്.

2023ലെ ക്രൈം റെക്കോര്‍ഡ് അനുസരിച്ച് 55,000 കേസുകളാണ് പട്ടികജാതിക്കാര്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമത്തിന് മുമ്പില്‍ വരാത്ത കേസുകള്‍ അതിന്റെ പതിന്മടങ്ങ് ആയിരിക്കും. ഇത്തരം സാഹചര്യത്തില്‍ ക്യാമ്പസുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ജാതീയമായ പീഡനങ്ങള്‍ അനുഭവിക്കാനുള്ള സാഹചര്യങ്ങള്‍ ഒട്ടുമേ ഇല്ലെന്ന് കരുതാനാകില്ല. ജാതീയമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ കരുതലോടെ കൈകാര്യം ചെയ്യുന്ന സംസ്ഥാനങ്ങളില്‍ പോലും ക്യാമ്പസുകളില്‍ ഉണ്ടാകുന്ന പട്ടികജാതി, പട്ടികവര്‍ഗ പീഡന പരാതികള്‍ മുളയിലേ നുള്ളുകയോ നീതി വൈകിപ്പിക്കുകയോ പരാതിക്കാരെ തന്നെ കുറ്റക്കാരാക്കുകയോ ഒക്കെ ചെയ്തുവരുന്നത് നമുക്ക് അറിവുള്ളതാണല്ലോ.

മണ്ഡല്‍ കമ്മീഷന്‍ കാലത്തും സച്ചാര്‍ കമ്മീഷന്‍ കാലത്തുമൊക്കെ കുടം വിട്ട് വെളിയില്‍ വന്ന സവര്‍ണ ജാതി ഭൂതം തന്നെയാണ് ഇപ്പോള്‍ യു ജി സിയുടെ തുല്യതാ റെഗുലേഷനെതിരെയും മുറുമുറുക്കുന്നത്. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ ജാതിയനുസരിച്ചാണ് ഇക്കാര്യത്തില്‍ അവരുടെ പ്രതികരണം ഉണ്ടാകുന്നത് എന്നത് വളരെയധികം ശ്രദ്ധിക്കണ്ട കാര്യമാണ്. പിന്നാക്ക ജാതി മന്ത്രിമാര്‍ റെഗുലേഷനെ സ്വാഗതം ചെയ്യുമ്പോള്‍ സവര്‍ണ മന്ത്രിമാര്‍ പൊതുവെ റെഗുലേഷനെ എതിര്‍ക്കുകയോ അതിനോട് നിസ്സംഗത പുലര്‍ത്തുകയോ ആണ് ചെയ്യുന്നത്. ഇന്ത്യയെ ഒരു ഭൂരിപക്ഷ മതരാഷ്ട്രമാക്കുന്നതിലേക്കുള്ള ശ്രമങ്ങള്‍ എത്രമേല്‍ നടത്തിയാലും ജാതികള്‍ക്കിടയിലുള്ള അധികാര- അവകാശ വിതരണത്തിലെ ചരിത്രപരമായ അന്തരങ്ങള്‍ അതിന് തടസ്സമായി നില്‍ക്കുക തന്നെ ചെയ്യും. സാംസ്‌കാരിക ദേശീയതയെന്നത് പിന്നാക്ക ജാതികളുടെ അവകാശങ്ങള്‍ കവര്‍ന്നുകൊണ്ട് നേടിയെടുക്കാന്‍ കഴിയുമെന്ന് കരുതാന്‍ ന്യായമില്ല.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലേക്ക് വന്ന പഴയ അയിത്ത ജാതികളെ രാജ്യം പുനരധിവസിപ്പിച്ചത് ആന്‍ഡമാന്‍ പോലുള്ള വിദൂര ദേശങ്ങളില്‍ ആയിരുന്നു. അല്ലാത്തവരെ നല്ലയിടങ്ങളിലാണ് കുടിയിരുത്തിയത്. രാജ്യം പണിത ഡാമുകള്‍ക്കും അണക്കെട്ടുകള്‍ക്കും കനാലുകള്‍ക്കും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ക്കും റെയില്‍വേ ലൈനുകള്‍ക്കും വൈദുതി നിലയങ്ങള്‍ക്കും വേണ്ടിയൊക്കെ കുടിയിറക്കപ്പെട്ട ജനതകള്‍ പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക ജനതകള്‍ ആയിരുന്നു. വര്‍ത്തമാന ഇന്ത്യയിലും വികസനത്തിന് വേണ്ടിയും ബലിയാടാകുന്നവര്‍ ഇവര്‍ തന്നെയാണ്. ചരിത്രപരമായി ജാതിയും സ്വതന്ത്ര ഇന്ത്യയുടെ വികസന നയങ്ങളും പിന്നാക്ക ജാതികളെ വികസനത്തിന്റെ പുറമ്പോക്കുകളില്‍ തന്നെ നിലനിര്‍ത്തുന്നു. ഈ വിശാലമായ പശ്ചാത്തലത്തില്‍ കൂടി വേണം, ഇത്തരം ജനവിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിന് ജാതി അടക്കമുള്ള യാതൊരുവിധ വിവേചനങ്ങളും തടസ്സമായിക്കൂടാ എന്ന വാദം കൂടുതല്‍ പ്രസക്തമാകുന്നത്. സംവരണം സാമ്പത്തികമായും വിദ്യാഭ്യാസപരമായും മെച്ചപ്പെട്ട പിന്നാക്ക ജാതി മനുഷ്യരെ ഉണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്, തുല്യതയുള്ള മെച്ചപ്പെട്ട ഒരു രാജ്യമായി ഇന്ത്യയെ മാറ്റുക കൂടിയാണ് അത് ചെയ്യുന്നത്.

Latest