Connect with us

Kerala

സന്തോഷ് ട്രോഫി: പഞ്ചാബിനെ നാല് ഗോളിന് തകര്‍ത്ത് കേരളം ഫൈനലില്‍

ധാക്കുവഖാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം മുതല്‍ കേരളം പൂര്‍ണ ആധിപത്യം പുലര്‍ത്തി

Published

|

Last Updated

ദിബ്രുഗണ്ഡ് | സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ഫൈനലിലേക്ക് കുതിച്ചു. സെമി ഫൈനലില്‍ കരുത്തരായ പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം തുടര്‍ച്ചയായ രണ്ടാം തവണയും കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ധാക്കുവഖാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം മുതല്‍ കേരളം പൂര്‍ണ ആധിപത്യം പുലര്‍ത്തി. 16-ാം മിനിറ്റില്‍ മുഹമ്മദ് അജ്സല്‍ ഗോള്‍വേട്ട തുടങ്ങിയതോടെ കേരളത്തിന്റെ മുന്നേറ്റത്തിന് തുടക്കമായി. 34-ാം മിനിറ്റില്‍ മുഹമ്മദ് റിയാസ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കാന്‍ തൊട്ടുമുന്‍പ് എം. വിഘ്നേഷ് വല കുലുക്കിയതോടെ കേരളം 3-0ന് മുന്നിലെത്തി.

രണ്ടാം പകുതിയിലെ 83-ാം മിനിറ്റില്‍ മുഹമ്മദ് റിയാസിന്റെ രണ്ടാം ഗോളിലൂടെ വിജയം മുദ്രവെച്ചു. മത്സരം കൈവിട്ടതോടെ പഞ്ചാബ് പരുക്കന്‍ അടവുകളിലേക്ക് മാറി. കേരളത്തിന്റെ ഇ. സജീഷിനെ ഫൗള്‍ ചെയ്തതിന് പഞ്ചാബ് താരം ഹര്‍ജിത് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ പഞ്ചാബ് ശ്രമിച്ചെങ്കിലും കേരളത്തിന്റെ ഉറച്ച പ്രതിരോധം അവരുടെ എല്ലാ നീക്കങ്ങളും പരാജയപ്പെടുത്തി.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍. മറ്റൊരു സെമി ഫൈനലില്‍ റെയില്‍വേസിനെ 2-0ന് പരാജയപ്പെടുത്തിയാണ് സര്‍വീസസ് ഫൈനലിലേക്ക് മുന്നേറിയത്.

Latest