Connect with us

Kerala

കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് സുരേഷ് ഗോപി; 2070ൽ ഉണ്ടാകാനിടയുള്ള സന്നിഗ്ദാവസ്ഥ മുന്നിൽ കണ്ടുള്ള ബജറ്റാണിത്

ബജറ്റിന് മുമ്പേ തന്നെ അതിനെതിരായ വിമര്‍ശനങ്ങള്‍ സ്‌ക്രിപ്റ്റ് ചെയ്ത് വെക്കുന്ന കാലമാണിതെന്നും ജനം ഇത്തരം ശ്രമങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബജറ്റിന് മുമ്പേ തന്നെ അതിനെതിരായ വിമര്‍ശനങ്ങള്‍ സ്‌ക്രിപ്റ്റ് ചെയ്ത് വെക്കുന്ന കാലമാണിതെന്നും ജനം ഇത്തരം ശ്രമങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. ഇത് 2070 വരെയുള്ള രാജ്യത്തിന്റെ രൂപകല്‍പനയാണെന്നും ഭാവികാലത്തേക്കുള്ള വ്യക്തമായ ദിശാബോധമുള്ള ബജറ്റാണിതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇതാണ് ‘വികസിത ഭാരത്’ എന്ന ആശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2070ല്‍ ഉണ്ടാകാനിടയുള്ള സന്നിഗ്ദ്ധാവസ്ഥകള്‍ മുന്‍കൂട്ടി കണക്കിലെടുത്തുള്ള ബജറ്റാണിതെന്നും ബജറ്റിനെ വിമര്‍ശിച്ച് മാത്രം ഭരണം പിടിക്കാമെന്ന ചിന്ത ശരിയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിന് കേരള സമൂഹം വോട്ടിങ്ങിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, കേന്ദ്ര ബജറ്റിനെ ചുറ്റിപ്പറ്റി വിവാദം സൃഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പത്ത് വര്‍ഷം ഒന്നും ചെയ്യാതിരുന്നവര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉണ്ടാക്കുന്ന വിവാദമാണിതെന്നും അദ്ദേഹം ആരോപിച്ചു. മുന്‍പ് ഇന്ത്യയുടെ അവസ്ഥയും നരേന്ദ്ര മോദിയുടെ കാലത്ത് ഉണ്ടായ മാറ്റങ്ങളും എല്ലാവര്‍ക്കും അറിയാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലത്ത് കേരളത്തിന് 42,000 കോടി രൂപ ലഭിച്ചപ്പോള്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് 1.82 ലക്ഷം കോടി രൂപ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്ര വലിയ തുക ലഭിച്ചിട്ടും കേരളത്തില്‍ കാര്യമായ വികസനം ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മുദ്രാവാക്യ രാഷ്ട്രീയവും വികസന രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസമാണ് ബിജെപിയും എല്‍ഡിഎഫും തമ്മിലുള്ള വ്യത്യാസമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ഇതിനിടെ, ലൈഫ് മിഷന്‍ തട്ടിപ്പും എഐ ക്യാമറ തട്ടിപ്പുമൊക്കെയാണ് കേരളത്തിലെ അഴിമതിയുടെ ഉദാഹരണങ്ങളെന്ന് ബിജെപി നേതാവ് നിതിന്‍ നബീന്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം വിവിധ വികസന പദ്ധതികളിലൂടെ പുനര്‍നിര്‍മിക്കപ്പെടുകയാണെന്നും കേരളത്തിന്റെ വികസനം ഉറപ്പാക്കാനും സംസ്കാരം സംരക്ഷിക്കാനും ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ കേരളത്തെ ഒരു ‘സിലിക്കണ്‍ വാലി’ ആക്കുകയാണ് ലക്ഷ്യമെന്നും എല്ലാ മേഖലകളിലും വികസനം ഉണ്ടാകണമെന്നും നിതിന്‍ നബീന്‍ കൂട്ടിച്ചേര്‍ത്തു.

Latest