International
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മോദി മലേഷ്യയിലെത്തി
മോദിയുടെ മൂന്നാമത്തെ മലേഷ്യന്‍ സന്ദര്‍ശനമാണിത്.
ക്വാലാലംപൂര്‍ | രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. മോദിയുടെ മൂന്നാമത്തെ മലേഷ്യന്‍ സന്ദര്‍ശനമാണിത്. 2024 ഓഗസ്റ്റില്‍ ഇന്ത്യ–മലേഷ്യ ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനവുമാണിത്.
ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. മലേഷ്യയില്‍ ലഭിച്ച സ്വീകരണം ഹൃദയസ്പര്‍ശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം വിമാനത്താവളത്തിലെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചു. നിരവധി പ്രവാസി ഇന്ത്യക്കാരും സ്വീകരണത്തിനായി എത്തിയിരുന്നു.
തന്റെ സുഹൃത്ത് അന്‍വര്‍ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മലേഷ്യയുമായുള്ള പ്രതിരോധ–സുരക്ഷാ സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ ഉദ്ദേശ്യം മോദി അടിവരയിട്ടു. ഇന്ത്യ–മലേഷ്യ ബന്ധത്തില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും, സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
പ്രതിരോധവും സുരക്ഷയും മാത്രമല്ല, സാമ്പത്തികവും നൂതനവുമായ പങ്കാളിത്തം വര്‍ധിപ്പിക്കാനും വിവിധ മേഖലകളിലേക്കുള്ള സഹകരണം വിപുലമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മലേഷ്യയിലെ ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.


