articles
മഹത്തായ ഈ മുന്നേറ്റത്തിൽ പങ്കാളികളാകുക
വ്യത്യസ്ത ജനവിഭാഗങ്ങൾ തുല്യതയോടെ മുന്നോട്ട് കുതിക്കുമ്പോഴാണ് വികസിത ഇന്ത്യ എന്ന സ്വപ്നം യാഥാർഥ്യമാകുക. സമുദായം വീണ് പോയിരിക്കുന്നു എന്ന തിരിച്ചറിവ് ഏറെ പ്രധാനമാണ്. വീണ് പോകുന്നതല്ല തെറ്റ്, അവിടെ തന്നെ തുടരുന്നതാണ്. ഇനി എഴുന്നേൽക്കുന്നില്ല എന്ന് തീരുമാനിക്കുന്നത് ഏറ്റവും വലിയ പരാജയമാണ്. നമ്മുടെ വിദ്യാർഥികളെയും യുവാക്കളെയും കരുതലോടെ, ഊർജസ്വലതയോടെ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്ന് കേരള മുസ്്ലിം ജമാഅത്ത് വിചാരിക്കുന്നു.
മാളിയേക്കൽ സുലൈമാൻ സഖാഫി
(സെക്രട്ടറി, കേരള മുസ്്ലിം ജമാഅത്ത്)
മുസ്്ലിം സമുദായത്തിന്റെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിച്ചു വരുന്ന പ്രസ്ഥാനമാണ് കേരള മുസ്്ലിം ജമാഅത്ത്. 1926ൽ നിലവിൽ വന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക ഘടകമായാണ് സംഘടന പ്രവർത്തിക്കുന്നത്. നിലവിൽ കാന്തപുരം എ പി അബൂബക്ർ മുസ്്ലിയാർ പ്രസിഡന്റും സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി ജനറൽ സെക്രട്ടറിയും ചാലിയം അബ്ദുൽ കരീം ഹാജി ഫിനാൻസ് സെക്രട്ടറിയുമാണ്. കേരളത്തിൽ 5,000 പ്രാദേശിക ഘടകങ്ങൾ, 600 സർക്കിൾ ഘടകങ്ങൾ, 125 സോൺ ഘടകങ്ങൾ, എല്ലാ ജില്ലകളിലും ജില്ലാ ഘടകങ്ങൾ സംസ്ഥാന കമ്മിറ്റി എന്ന ക്രമത്തിലാണ് സംഘടനാ സംവിധാനം.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള മുസ്്ലിം ജമാഅത്ത് കാര്യാലയമാണ് സംസ്ഥാന ഓഫീസ്. ഡോക്ടേഴ്‌സ്, ലോയേഴ്‌സ്, എൻജീനിയേഴ്‌സ് ഉൾപ്പെടെയുള്ള പ്രൊഫഷനൽ വിഭാഗങ്ങൾക്കായി ഐ പി എഫും വ്യാപാരി വ്യവസായി, സംരംഭക വിഭാഗങ്ങൾക്കായി ട്രേഡേഴ്‌സ് ഫോറവും കർഷക, കർഷക തൊഴിലാളി വിഭാഗങ്ങൾക്കായി യുനൈറ്റഡ് ഫാർമേഴ്‌സ് ഫോറവും പ്രവാസികൾക്കായി ഐ സി എഫും ആർ എസ് സിയും കേരള മുസ്്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. മുസ്്ലിം സമുദായത്തിന്റെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും സ്വയം പര്യാപ്തത ലക്ഷ്യമാക്കി ആവിഷ്‌കരിച്ച 25 ഇന പരിപാടികളാണ് പ്രഖ്യാപിത കർമപദ്ധതി. “വിഷൻ 2030′ എന്ന് ഇത് അറിയപ്പെടുന്നു. ദേശീയ വീക്ഷണത്തോടെയാണ് കർമപരിപാടികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.
സാമ്പ്രദായിക സംഘടനാ പ്രവർത്തനങ്ങൾക്കപ്പുറം പരിവർത്തനോന്മേുഖമായ അജൻഡകൾ ഏറ്റെടുത്തും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയും കേരള മുസ്്ലിം ജമാഅത്ത് പ്രവർത്തിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നീ മേഖലകളിൽ മുസ്്ലിം സമുദായവും പതിത ജനവിഭാഗങ്ങളും സ്വയം പര്യാപ്തത കൈവരിക്കേണ്ടതിലേക്ക്, ഉള്ളടക്കമുള്ള കാഴ്ചപ്പാടോടെയാണ് കേരള മുസ്്ലിം ജമാഅത്ത് മുന്നോട്ട് പോകുന്നത്.
യുവാക്കളുടെ മത്സരക്ഷമത
“ഏറ്റവും വേഗം കൂടിയ സിംഹത്തേക്കാൾ ഓട്ടത്തിൽ മുമ്പിലെത്തണം, അല്ലെങ്കിൽ നശിക്കും എന്നറിഞ്ഞു കൊണ്ടാണ് ആഫ്രിക്കയിലെ ഓരോ പ്രഭാതത്തിലും ഓരോ കലമാനും ഉറക്കത്തിൽ നിന്ന് ഉണരുന്നത്. അതേസമയം താൻ ഏറ്റവും വേഗം കൂടിയ കലമാനിനേക്കാൾ വേഗത്തിൽ ഓടണം, അല്ലെങ്കിൽ പട്ടിണിയാകും എന്നറിഞ്ഞു കൊണ്ടാണ് സിംഹം ഉറക്കമുണരുകയും മൂരിനിവരുകയും ചെയ്യുന്നത്. മനുഷ്യകുലത്തിന്റെ കാര്യവും ഇതിൽ നിന്ന് ഭിന്നമല്ല. നിങ്ങൾ സിംഹമായാലും കലമാനായാലും നിലനിൽക്കണമെങ്കിൽ മറ്റുള്ളവരേക്കാൾ വേഗത്തിൽ ഓടിയേ തീരൂ’ (എന്റെ ദർശനം- ശൈഖ് മുഹമ്മദ് ബിൻ റാശിദ്).
അതിവേഗം സഞ്ചരിക്കുകയാണ് ലോകം. മത്സരമാണെങ്ങും. നമുക്ക് മത്സരിച്ച് ജയിച്ചേ പറ്റൂ. ഉമ്മത്തിന്റെ യൗവനം മത്സരക്ഷമത വീണ്ടെടുക്കേണ്ടതുണ്ടെന്ന് കേരള മുസ്്ലിം ജമാഅത്ത് കരുതുന്നു. മുസ്്ലിം സമുദായം എവിടെ നിൽക്കുന്നു എന്നതിന്റെ ഏകദേശ ചിത്രം നമ്മുടെ മുമ്പിലുണ്ട്. നിലവിലെ പതിതാവസ്ഥയിൽ സമുദായം തുടരുന്നത് ഇന്ത്യയുടെ സമതുലിതാവസ്ഥക്ക് ക്ഷതമേൽപ്പിക്കുന്നതും രാജ്യതാത്പര്യങ്ങൾക്ക് തന്നെയും വിരുദ്ധവുമാണ്.
വ്യത്യസ്ത ജനവിഭാഗങ്ങൾ തുല്യതയോടെ മുന്നോട്ട് കുതിക്കുമ്പോഴാണ് വികസിത ഇന്ത്യ എന്ന നമ്മുടെ സ്വപ്നം യാഥാർഥ്യമാകുക. സമുദായം വീണ് പോയിരിക്കുന്നു എന്ന തിരിച്ചറിവ് ഏറെ പ്രധാനമാണ്. വീണ് പോകുന്നതല്ല തെറ്റ്, അവിടെ തന്നെ തുടരുന്നതാണ്. ഇനി എഴുന്നേൽക്കുന്നില്ല എന്ന് തീരുമാനിക്കുന്നതാകട്ടെ ഏറ്റവും വലിയ പരാജയമാണ്. നമ്മുടെ വിദ്യാർഥികളെയും യുവാക്കളെയും കരുതലോടെ, ഊർജസ്വലതയോടെ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്ന് കേരള മുസ്്ലിം ജമാഅത്ത് വിചാരിക്കുന്നു. വിദ്യാഭ്യാസമാണ് ഒരു ജനവിഭാഗത്തെ മത്സരക്ഷമമാക്കുക.
ഉത്തമ സമുദായത്തിന്റെ നിർമാണത്തിലും വിദ്യക്ക് അതീവ പ്രാധാന്യമുണ്ട്. ഖൈറു ഉമ്മത്തിന്റെ നിർമാണത്തിനായി പുറപ്പെടുന്ന പ്രവാചക തിരുമേനിക്ക് ലഭിച്ച പ്രഥമ ദൈവിക സന്ദേശം തന്നെ പഠിക്കാനും വായിക്കാനുമുള്ളതായിരുന്നു. ആദ്യ ദൈവിക സൃഷ്ടി എഴുതാനുള്ള പേനയായിരുന്നു. ആ പേന കൊണ്ട് അവൻ പ്രാപഞ്ചിക രഹസ്യങ്ങളെ വരച്ചു. വായനയും എഴുത്തും പഠനവുമാണ് നിർമിതിയുടെ രഹസ്യങ്ങളെന്ന് സമുദായ ശിൽപ്പികളെയും ലോകത്തെയും അവൻ തുടക്കത്തിൽ തന്നെ പഠിപ്പിച്ചിരിക്കുന്നു.
വായന, സ്രഷ്ടാവ്, സൃഷ്ടി, പേന എന്നിവ ചേർന്ന് നിന്ന് പ്രവർത്തിക്കുമ്പോഴാണ് ഉമ്മത്തിന്റെ നിർമാണം സാധ്യമാകുന്നത്. ഖുർആനികാഹ്വാന പ്രകാരം മുന്നോട്ട് പോയ കാലങ്ങളിൽ മുസ്്ലിംകൾ ലോക നായകന്മാരായി വിരാചിച്ചു. അധികാരം കൈയാളുന്നവരും ശാസ്ത്രം കൈയാളുന്നവരും അവരായി മാറി. യൂറോപ്പ് അവരെ പകർത്തി മുന്നിൽ വന്നു. അവർ മുസ്്ലിം അടയാളങ്ങളെ തമസ്‌കരിക്കുക കൂടി ചെയ്തു. ഒടുവിൽ മുസ്്ലിം രാജ്യങ്ങൾക്ക് സർവ രംഗത്തും യൂറോപ്പിനെ ആശ്രയിക്കേണ്ടിവന്നു.
വൈജ്ഞാനികാധീശത്വത്തിൽ നിന്നും ധനാധീശത്വത്തിലേക്കുള്ള ആ മാറ്റം ലോകത്തെങ്ങുമുള്ള മുസ്്ലിംകളെ ആശ്രിത ജനവിഭാഗമാക്കിയിരിക്കുന്നു. ഈ പതനത്തിൽ നിന്ന് വിജ്ഞാനാധിഷ്ഠിത സമുദായം എന്ന ഉയർന്ന വിതാനത്തിലേക്ക് ഉമ്മത്തിനെ പരിവർത്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ നിലവിലെ സ്ഥിതി ഇങ്ങനെ ചുരുക്കിപ്പറയാം. കേരളത്തിലൊഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മുസ്്ലിം സമുദായം പട്ടികജാതി- പട്ടികവർഗത്തേക്കാൾ താഴെ നിൽക്കുന്നു.
കേരളത്തിൽ മുസ്്ലിംകൾ പട്ടികജാതി- പട്ടികവർഗങ്ങളോട് മത്സരിക്കുന്നു. ശരിയാണ്. നാം വീണ് പോയിരിക്കുന്നു. പക്ഷെ നാം തോൽക്കുകയില്ല. മുസ്്ലിം ജമാഅത്ത് ദേശീയ കാഴ്ചപ്പാടോടെ മുന്നിലുണ്ട്. ഉമ്മത്തിന്റെ പുതുനിർമിതി അത് ലക്ഷ്യം വെക്കുന്നു. സിംഹം പിന്നിൽ തന്നെ ഉണ്ടെന്ന് നാം തിരിച്ചറിഞ്ഞിരിക്കുന്നു. ഓർക്കണം, അവന് നഷ്ടപ്പെടുക ആഹാരമാണ്. നമുക്ക് നഷ്ടപ്പെടുക ജീവനും. അതുകൊണ്ട് പിടഞ്ഞെഴുന്നേൽക്കുക. മത്സരക്ഷമത വീണ്ടെടുത്ത്, പാർശ്വവത്കൃതരെ ചേർത്ത് പിടിച്ച് കൂടുതൽ ശക്തിയോടെ നാം ഓടേണ്ടിയിരിക്കുന്നു. ഓടുക, ഭയലേശമന്യേ മുന്നോട്ട് കുതിക്കുക. ഉമ്മത്തിന്റെ മത്സരക്ഷമത തിരിച്ച് പിടിക്കാൻ പ്രബോധനാധിഷ്ഠിത സമുദായത്തെ വീണ്ടെടുക്കാൻ പക്വമായ ദർശനത്തോടെ, ദേശീയ വീക്ഷണത്തോടെ ഉള്ളടക്കമുള്ള കർമപദ്ധതിയുമായി കേരള മുസ്്ലിം ജമാഅത്ത് കൂടെയുണ്ട്. മഹത്തായ ഈ മുന്നേറ്റത്തിൽ പങ്കാളികളാവുക. കേരള മുസ്്ലിം ജമാഅത്തിൽ അംഗങ്ങളാവുക.



