Uae
ലോകത്തെ ഏറ്റവും മനോഹരമായ ശൈത്യകാലം; ആറാം ഘട്ട ക്യാമ്പയിന് തുടക്കം
വിനോദസഞ്ചാര മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കും. 'നമ്മുടെ ശൈത്യകാലം, നമ്മുടെ സംരംഭകത്വം' എന്നതാണ് ഇത്തവണത്തെ പ്രമേയം.
ദുബൈ | യു എ ഇയുടെ ശൈത്യകാല വിനോദസഞ്ചാര മേഖലയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ‘ലോകത്തെ ഏറ്റവും മനോഹരമായ ശൈത്യകാലം’ ക്യാമ്പയിന്റെ ആറാം പതിപ്പിന് തുടക്കമായി. സാമ്പത്തിക, വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റിയാണ് ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്. ‘നമ്മുടെ ശൈത്യകാലം, നമ്മുടെ സംരംഭകത്വം’ എന്നതാണ് ഇത്തവണത്തെ പ്രമേയം.winter
ഡിസംബര്‍ 16 മുതല്‍ ആറ് ആഴ്ചത്തേക്കാണ് ക്യാമ്പയിന്‍ നീണ്ടുനില്‍ക്കുക. വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം ഈ മേഖലയിലെ സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുകയാണ് ഇത്തവണത്തെ പ്രധാന ലക്ഷ്യം. പ്രാദേശിക സംരംഭകര്‍ ഒരുക്കുന്ന വിനോദസഞ്ചാര അനുഭവങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും ക്യാമ്പയിന്‍ മുന്‍ഗണന നല്‍കും. രാജ്യത്തെ വിനോദസഞ്ചാര മേഖല വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 2025-ലെ ആദ്യ പത്ത് മാസങ്ങളില്‍ 2.61 കോടി ആളുകളാണ് യു എ ഇയിലെ ഹോട്ടലുകളില്‍ താമസിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ധനയാണിത്. ഹോട്ടല്‍ വരുമാനം എട്ട് ശതമാനം വര്‍ധിച്ച് 4,000 കോടി ദിര്‍ഹമിലെത്തി. കഴിഞ്ഞ അഞ്ച് പതിപ്പുകളിലായി 120 കോടിയിലധികം ആളുകളിലേക്ക് ക്യാമ്പയിന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
2031-ഓടെ വിനോദസഞ്ചാര മേഖലയില്‍ 10,000 കോടി ദിര്‍ഹമിന്റെ നിക്ഷേപമാണ് യു എ ഇ ലക്ഷ്യമിടുന്നത്. അജ്മാനിലെ മസ്ഫൂത്ത് ലോകത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി തിരഞ്ഞെടുക്കപ്പെട്ടതും, അല്‍ ഐന്‍ 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി മാറിയതും യു എ ഇയുടെ നേട്ടങ്ങളാണ്. ശൈഖ അല്‍ നുവൈസ് യു എന്‍ ടൂറിസം സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടതും രാജ്യത്തിന് അഭിമാനമായി.



