National
തൊഴിലുറപ്പ് ബില്‍: ലോക്‌സഭയില്‍ ഇന്ന് തന്നെ പാസ്സാക്കാന്‍ നീക്കം
ആണവ ഭേദഗതി ബില്ലിനു ശേഷം തൊഴിലുറപ്പു ഭേദഗതി ബില്‍ പരിഗണിക്കാനാണ് ഭരണപക്ഷം ഉദ്ദേശിക്കുന്നത്.
ന്യൂഡല്‍ഹി | തൊഴിലുറപ്പ് ബില്‍ ലോക്‌സഭയില്‍ ഇന്ന് തന്നെ പാസ്സാക്കാന്‍ നീക്കം. സ്ഥിരം സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം കാര്യനിര്‍വാഹക സമിതി തള്ളിയതിനു പിന്നാലെയാണ് ബില്‍ പാസ്സാക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നത്. ആണവ ഭേദഗതി ബില്ലിനു ശേഷം തൊഴിലുറപ്പു ഭേദഗതി ബില്‍ പരിഗണിക്കാനാണ് ഭരണപക്ഷം ഉദ്ദേശിക്കുന്നത്.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ല് ജനവിരുദ്ധമാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചിരുന്നു. ബില്ലിനെതിരെ പ്രതിപക്ഷ എം പിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു. ബില്ലിനെതിരെ കോണ്‍ഗ്രസ്സ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൊളിച്ചെഴുതുന്ന പുതിയ ബില്ലാണ് ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അവതരിപ്പിച്ചത്. പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയിട്ടുണ്ട്. വിബിജി റാംജി എന്ന പുതിയ ബില്ലില്‍ കേന്ദ്ര വിഹിതം 90 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കി ചുരുക്കി.
സംസ്ഥാന വിഹിതം 10 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തുക കൂടി ചെയ്യുന്നതാണ് ഭേദഗതി. തൊഴില്‍ ദിനം 100ല്‍ നിന്ന് 125 ആക്കും. കൂലി ഒരാഴ്ചക്കുള്ളില്‍ നല്‍കാനായില്ലെങ്കില്‍ സംസ്ഥാനം തൊഴിലില്ലായ്മാ വേതനം നല്‍കണം. സംസ്ഥാനങ്ങള്‍ നല്‍കേണ്ട തുകയുടെ പരിധി കേന്ദ്രം തീരുമാനിക്കുന്നത് ഉള്‍പ്പെടെ കേന്ദ്രം നിര്‍ദേശിക്കുന്ന പഞ്ചായത്തുകളില്‍ മാത്രം ജോലി നല്‍കുന്നതാണ് പുതിയ ബില്ല്.



