Uae
ബഹ്‌റൈന്‍ ദേശീയ ദിനം ആഘോഷിച്ച് യു എ ഇ
യു എ ഇ ഭരണാധികാരികള്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്ക് ആശംസകള്‍ അറിയിച്ചു.
അബൂദബി | ബഹ്‌റൈനും യു എ ഇയും തമ്മിലുള്ള സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികള്‍ നടന്നു. യു എ ഇ ഭരണാധികാരികള്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്ക് ആശംസകള്‍ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പുരോഗതിക്കായി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.
ബഹ്‌റൈന്‍ എന്നും ഹൃദയവും കണ്ണുമാണെന്നും ഇരു രാജ്യങ്ങളും ഒരേ വിധി പങ്കിടുന്നവരാണെന്നും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി.
യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശപ്രകാരം അബൂദബിയില്‍ കിംഗ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പാര്‍ക്ക് തുറന്നു. ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. 1,100-ലധികം ഗാഫ് മരങ്ങളുള്ള വനത്തിന് നടുവിലായാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. 700 മീറ്ററോളം നീളമുള്ള എയര്‍കണ്ടീഷന്‍ ചെയ്ത നടപ്പാതയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സൈക്ലിംഗ് ട്രാക്കുകള്‍, സ്‌കേറ്റിംഗിനും ജമ്പിംഗിനും പ്രത്യേക സൗകര്യങ്ങള്‍, കായിക വിനോദങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും വേണ്ടിയുള്ള സൗകര്യങ്ങള്‍ എന്നിവയും പാര്‍ക്കിലുണ്ട്. വനത്തിന്റെ ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള കഫേ, ഫുഡ് ട്രക്കുകള്‍, കുടിവെള്ള സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ശറാഫ പറഞ്ഞു.
ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ബഹ്‌റൈന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ‘ബഹ്‌റൈന്‍ ഹൃദയവും കണ്ണുമാണ്’ എന്ന വാചകം ഉള്‍ക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബൈയിലെത്തിയ യാത്രക്കാരെ സ്വാഗതം ചെയ്തു.




