Kerala
സാങ്കേതിക സര്‍വകലാശാല വി സിയായി സിസ തോമസ് ചുമതലയേറ്റു
വലിയ സന്തോഷമെന്നായിരുന്നു വി സിയായി ചുമതലയേറ്റ ശേഷമുള്ള സിസ തോമസിന്റെ ആദ്യ പ്രതികരണം. പാഴായതിനെ കുറിച്ച് ഓര്‍ക്കേണ്ടതില്ലെന്ന് തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരം | കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വൈസ് ചാന്‍സലറായി സിസ തോമസ് ചുമതലയേറ്റു. കെ ടി യു, ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമനത്തില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയിലായിരുന്നു ഗവര്‍ണറും സര്‍ക്കാറും. വിഷയത്തില്‍ കഴിഞ്ഞ ദിവസമാണ് ഇരുപക്ഷവും സമവായത്തിലെത്തിയത്.
ഡിജിറ്റല്‍ സര്‍വകലാശാല വി സിയായി സജി ഗോപിനാഥനെ നിയമിക്കാനും ഗവര്‍ണറും മന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായിരുന്നു. നിയമനങ്ങളുടെ കാര്യം സുപ്രീം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്കെത്തുന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ജസ്റ്റിസ് സുധാന്‍ഷു ദൂലിയ അധ്യക്ഷനായ സമിതിയോട് വി സി നിയമനത്തിനുള്ള പേരുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരും ഗവര്‍ണറും യോജിപ്പില്‍ എത്തിയതോടെ കോടതി ഇക്കാര്യം അംഗീകരിക്കാനാണ് സാധ്യത. ഇരുവരുടെയും നിയമന വിജ്ഞാപനം ലോക്ഭവന്‍ ഇന്നലെയാണ് പുറത്തിറക്കിയത്.
വലിയ സന്തോഷമെന്നായിരുന്നു വി സിയായി ചുമതലയേറ്റ ശേഷമുള്ള സിസ തോമസിന്റെ ആദ്യ പ്രതികരണം. പാഴായതിനെ കുറിച്ച് ഓര്‍ക്കേണ്ടതില്ലെന്ന് തോന്നുന്നു എന്നും അവര്‍ പറഞ്ഞു. സര്‍ക്കാരുമായി സഹകരിച്ച് പോകും. മിനുട്‌സ് മോഷ്ടിച്ചുവെന്ന് പറഞ്ഞ് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിഷമം തോന്നുന്നു. മിനുട്‌സൊന്നും താന്‍ എടുത്തുകൊണ്ട് പോയിട്ടില്ലെന്നും എന്തിനാണ് മോഷ്ടാവായി ചിത്രീകരിക്കുന്നതെന്ന് അറിയില്ലെന്നും സിസ തോമസ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.



