Kerala
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കി
സംഘത്തിലെ ഉന്നതര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണം സംഘം വ്യക്തമാക്കി.
കോഴിക്കോട്| കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പോലീസ് കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയത്. ഈ മാസം 9നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. കാക്കൂര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറന്‍സികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തല്‍.
കേസിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി വിവി ബെന്നിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
താമരശ്ശേരി, കാക്കൂര്‍, കോടഞ്ചേരി മേഖലകളില്‍ പരാതി കൂടിയതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ജൂണ്‍ മുതല്‍ നടത്തുന്ന അന്വേഷണത്തിനിടെ സംഘത്തില്‍ ഉള്‍പ്പെട്ട പലരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ത്ത എട്ടോളം പേര്‍ വിദേശത്തേക്ക് കടന്നെന്നാണ് കണ്ടെത്തല്‍. കംബോഡിയ, ചൈന എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങളിലേക്കാണ് ബ്ലെസ്ലി ഉള്‍പ്പെടെയുള്ളവര്‍ ക്രിപ്‌റ്റോ രൂപത്തിലാക്കി പണമെത്തിക്കുന്നത്. സംഘത്തിലെ ഉന്നതര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണം സംഘം വ്യക്തമാക്കി.




