Connect with us

Uae

അല്‍ ഫയ യുനെസ്‌കോ പൈതൃക പട്ടികയില്‍; മലീഹയില്‍ സ്മാരകം തുറന്നു

മനുഷ്യ ചരിത്രത്തിലെ നിര്‍ണായകമായ കണ്ടെത്തലുകള്‍ നടന്ന സ്ഥലമാണ് അല്‍ ഫയ എന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

Published

|

Last Updated

ഷാര്‍ജ | യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഷാര്‍ജയിലെ അല്‍ ഫയ ഉള്‍പ്പെടുത്തിയതിന്റെ ഔദ്യോഗിക ചടങ്ങ് നടന്നു. തിങ്കളാഴ്ച മലീഹയില്‍ നടന്ന ചടങ്ങില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പങ്കെടുത്തു.

മനുഷ്യ ചരിത്രത്തിലെ നിര്‍ണായകമായ കണ്ടെത്തലുകള്‍ നടന്ന സ്ഥലമാണ് അല്‍ ഫയ എന്ന് ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. പാറകളില്‍ കാലത്തിന്റെ പാളികള്‍ മാത്രമല്ല, ഈ ഭൂമിയിലെ ആദ്യത്തെ മനുഷ്യ സാന്നിധ്യത്തിന്റെ കഥകളും ഇവിടെയുണ്ട്. മനുഷ്യന്‍ എങ്ങനെ ജീവിച്ചു, പ്രകൃതിയോട് എങ്ങനെ ഇണങ്ങി, വെല്ലുവിളികളെ എങ്ങനെ അതിജീവിച്ചു തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക്കുന്ന തുറന്ന പാഠശാലയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ചരിത്ര സ്ഥലങ്ങള്‍ സംരക്ഷിക്കുന്നത് കല്ലുകളെയല്ല, മറിച്ച് മനുഷ്യന്റെ അനുഭവങ്ങളെയും അറിവിനെയുമാണ്. വര്‍ത്തമാനകാലത്തെ വേരുകളുമായി ബന്ധിപ്പിക്കാന്‍ ഇത്തരം സ്ഥലങ്ങള്‍ സഹായിക്കും. ഷാര്‍ജയുടെ സാംസ്‌കാരിക പദ്ധതികളില്‍ പൈതൃകത്തിന് വലിയ സ്ഥാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അല്‍ ഫയയിലെ ഉത്ഖനനങ്ങള്‍ മനുഷ്യ ചരിത്രത്തെക്കുറിച്ചുള്ള ധാരണകള്‍ തന്നെ മാറ്റിമറിച്ചു. രണ്ട് ലക്ഷം വര്‍ഷത്തിലധികം പഴക്കമുള്ള ശിലായുധങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ആഫ്രിക്കയില്‍ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള മനുഷ്യന്റെ കുടിയേറ്റ പാതയില്‍ അറേബ്യന്‍ ഉപദ്വീപ് ഒരു ഇടത്താവളം മാത്രമായിരുന്നില്ല, മറിച്ച് വാസസ്ഥലമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കണ്ടെത്തലുകള്‍. യുനെസ്‌കോയുടെ അംഗീകാരം ഈ പ്രദേശത്തിന്റെ ചരിത്രത്തിനുള്ള ആദരവാണെന്ന് ഷാര്‍ജ ഭരണാധികാരി പറഞ്ഞു. യുനെസ്‌കോ പ്രതിനിധിയില്‍ നിന്ന് ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് അദ്ദേഹം ഏറ്റുവാങ്ങി.

ഗവേഷണത്തിന് 20 ലക്ഷം ഗ്രാന്‍ഡ്
അല്‍ ഫയയെക്കുറിച്ചുള്ള ഗവേഷണം വിപുലീകരിക്കുന്നതിനായി ഷാര്‍ജ 20 ലക്ഷം ദിര്‍ഹമിന്റെ പുതിയ രാജ്യാന്തര ശാസ്ത്ര സംരംഭം പ്രഖ്യാപിച്ചു. ‘ഫയ റിസര്‍ച്ച് ഗ്രാന്റ്’ എന്നാണ് പദ്ധതിയുടെ പേര്. അല്‍ ഫയ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചതിന്റെ ആഘോഷ ചടങ്ങില്‍ ഫയ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് അംബാസഡര്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് പ്രഖ്യാപനം നടത്തിയത്.

മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയാണിത്. യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യു എ ഇ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയ ദൗത്യങ്ങളില്‍ പങ്കുചേരാനും അവസരമുണ്ടാകും. മനുഷ്യ വംശത്തിന്റെ വികാസത്തില്‍ അല്‍ ഫയയ്ക്കുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ അറിവ് നേടാന്‍ ഇത് സഹായിക്കും. ഫയ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് സയന്റിഫിക് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഷാര്‍ജ ആര്‍ക്കിയോളജി അതോറിറ്റിയാണ് ഗ്രാന്റ് നടപടികള്‍ ഏകോപിപ്പിക്കുക.

 

Latest