Connect with us

International

അമേരിക്കയിലേക്ക് യാത്രാ വിലക്ക്; പട്ടികയില്‍ 20 രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി ട്രംപ്

ഇതോടെ ആകെ 39 രാജ്യങ്ങളാണ് യു എസിന്റെ യാത്രാ വിലക്ക് നേരിടുന്നത്. നേരത്തെ 19 രാജ്യങ്ങള്‍ക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 20 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍ ട്രംപ് ഒപ്പിട്ടു. ഇതോടെ ആകെ 39 രാജ്യങ്ങളാണ് യു എസിന്റെ യാത്രാ വിലക്ക് നേരിടുന്നത്. നേരത്തെ 19 രാജ്യങ്ങള്‍ക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

ലാവോസ്, സിയറ ലിയോണ്‍, ബുര്‍കിന ഫാസോ, മാലി, നൈജര്‍, ദക്ഷിണ സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ലാവോസിനും സിയറ ലിയോണിനും നേരത്തെ ഭാഗിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഭാഗിക വിലക്കിന്റെ പട്ടികയില്‍ 15 പുതിയ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്കോള, ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡ, ബെനിന്‍, കോട്ട് ഡി ഐവോയര്‍, ഡൊമിനിക, ഗാബോണ്‍, ദ ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗല്‍, ടാന്‍സാനിയ, ടോംഗ, സാംബിയ, സിംബാബ്‌വേ എന്നിവയാണ് ഇവ. പട്ടികയിലെ രാജ്യങ്ങളുടെ എണ്ണം 30തിലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് യു എസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയെം, ട്രംപ് ഭരണകൂടത്തോട് ശിപാര്‍ശ ചെയ്തിരുന്നതായി സി എന്‍ എന്‍ നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.

അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിലാണ് തീരുമാനം. ഇത് കൂടാതെ യു എസിന്റെ സംസ്‌കാരം, സര്‍ക്കാര്‍, സ്ഥാപനങ്ങള്‍, ഭരണഘടനാപരമായ മൂല്യങ്ങള്‍ എന്നിവയെ അസ്ഥിരപ്പെടുത്താന്‍ സാധ്യതയുള്ളവരെയും തടയുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രഖ്യപനത്തില്‍ പറഞ്ഞു. സിറിയയില്‍ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.

 

 

 

 

Latest