Connect with us

Uae

ദുബൈ ലഞ്ച് സംഗമത്തില്‍ പങ്കെടുത്ത് ശൈഖ് ഹംദാന്‍; സാമൂഹിക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക ലക്ഷ്യം

അയല്‍പക്ക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും മജ്‌ലിസുകളുടെ പരമ്പരാഗത പങ്ക് വീണ്ടെടുക്കാനും ലക്ഷ്യമിട്ടാണ് 'ദുബൈ ലഞ്ച്' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

Published

|

Last Updated

ദുബൈ | സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘ദുബൈ ലഞ്ച്’ പരിപാടിയില്‍ ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പങ്കെടുത്തു. അല്‍ ഖവാനീജ് മജ്‌ലിസില്‍ നടന്ന ചടങ്ങില്‍ ദേരയില്‍ നിന്നുള്ള 200-ലധികം പ്രമുഖരും കുടുംബങ്ങളും സന്നിഹിതരായിരുന്നു.

മുഹമ്മദ് ജുമാ അല്‍ നബൂദയുടെ ക്ഷണപ്രകാരമാണ് ശൈഖ് ഹംദാന്‍ പരിപാടിക്കെത്തിയത്. ചടങ്ങില്‍ പങ്കെടുത്തവരുമായി അദ്ദേഹം സ്നേഹ സംഭാഷണം നടത്തി. ഇതിനിടെ ഒരു കുട്ടിയെ സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുന്ന ശൈഖ് ഹംദാനിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടി.

അയല്‍പക്ക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും മജ്‌ലിസുകളുടെ പരമ്പരാഗത പങ്ക് വീണ്ടെടുക്കാനും ലക്ഷ്യമിട്ടാണ് ‘ദുബൈ ലഞ്ച്’ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആളുകള്‍ക്ക് ഒത്തുചേരാനും സംസാരിക്കാനും ഐക്യം പങ്കിടാനുമുള്ള വേദിയായി മജ്‌ലിസുകള്‍ മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു നഗരത്തിന്റെ യഥാര്‍ഥ ശക്തി എന്നത് അവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, മറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ശക്തമായ സാമൂഹിക ബന്ധമാണെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. സഹാനുഭൂതി, തുറന്ന ആശയവിനിമയം, ആതിഥ്യമര്യാദ തുടങ്ങിയ മൂല്യങ്ങള്‍ ദുബൈയുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും അത് വരുംതലമുറക്ക് കൈമാറണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

2026 കുടുംബ വര്‍ഷമായി ആചരിക്കുന്നതിന്റെ മുന്നോടിയായാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്. എമിറേറ്റിലുടനീളം വരും ദിവസങ്ങളില്‍ ഇത്തരം വിരുന്നുകള്‍ സംഘടിപ്പിക്കുമെന്ന് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹിസ്സ ബിന്‍ത് ഈസ ബുഹുമൈദ് അറിയിച്ചു.

 

Latest