Connect with us

Uae

യു എ ഇയില്‍ പ്ലാസ്റ്റിക് നിരോധനം രണ്ടാം ഘട്ടത്തിലേക്ക്; ജനുവരി ഒന്ന് മുതല്‍ സ്പൂണും പ്ലേറ്റും ഗ്ലാസും പുറത്താകും

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കുകയാണ് ലക്ഷ്യം.

Published

|

Last Updated

ദുബൈ | യു എ ഇയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. അടുത്ത ജനുവരി ഒന്ന് മുതല്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കുകയാണ് ലക്ഷ്യം.

പുതിയ ഉത്തരവ് പ്രകാരം പാനീയങ്ങള്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന കപ്പുകള്‍, അവയുടെ മൂടികള്‍, കത്തി, ഫോര്‍ക്ക്, സ്പൂണ്‍, ചോപ്സ്റ്റിക്ക്, പ്ലേറ്റുകള്‍, സ്‌ട്രോ, സ്റ്റിററുകള്‍, ഭക്ഷണം പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന സ്റ്റൈറോഫോം ബോക്സുകള്‍, കണ്ടെയ്‌നറുകള്‍ എന്നിവയുടെ ഇറക്കുമതി, നിര്‍മാണം, വിപണനം എന്നിവ നിരോധിക്കും. ഇവക്ക് പുറമെ, 50 മൈക്രോണില്‍ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകളും (പേപ്പര്‍ ബാഗുകള്‍ ഉള്‍പ്പെടെ) നിരോധനത്തിന്റെ പരിധിയില്‍ വരും.

കയറ്റുമതിക്കായി നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ (ഇവയില്‍ കയറ്റുമതിക്കുള്ളതാണെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം), യു എ ഇയില്‍ തന്നെ പുനരുപയോഗം ചെയ്ത വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഉത്പന്നങ്ങള്‍, മരുന്ന്, മാലിന്യം എന്നിവക്കുള്ള ബാഗുകള്‍, മാംസം, പച്ചക്കറി, ബ്രെഡ് തുടങ്ങിയവ ഫ്രഷായി സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത കവറുകള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ്, കളിപ്പാട്ടങ്ങള്‍ എന്നിവക്കുള്ള വലിയ ഷോപ്പിംഗ് ബാഗുകള്‍ എന്നിവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എല്ലാ സ്ഥാപനങ്ങളും വിതരണക്കാരും നിയമം കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. 2024 ജനുവരി ഒന്നിനാണ് പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യഘട്ടം യു എ ഇയില്‍ നടപ്പിലാക്കിയത്. അന്ന് പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

 

Latest