fatty liver
ഈ പാനീയങ്ങൾ പതിവാക്കൂ, ഫാറ്റി ലിവർ പമ്പ കടക്കും!
മരുന്നുകളും വ്യായാമവും അത്യാവശ്യമാണെങ്കിലും, ദൈനംദിന ഭക്ഷണക്രമത്തില്‍ ചില ലളിതമായ മാറ്റങ്ങള്‍ കരളിന് വലിയ ആശ്വാസം നല്‍കും.
നമ്മുടെ ശരീരത്തിലെ പവര്‍ഹൗസാണ് കരൾ. ദഹനം, പോഷകങ്ങളുടെ ആഗിരണം, വിഷവസ്തുക്കൾ നീക്കം ചെയ്യൽ തുടങ്ങി ഏറെ പ്രധാനപ്പെട്ടതാണ് കരളിന്റെ പ്രവർത്തനങ്ങൾ. പക്ഷേ ആധുനിക ജീവിതശൈലി കരളിന്റെ പ്രവർത്തനം താളം തെറ്റിക്കും. മണിക്കൂറുകള്‍ നീളുന്ന ഇരിപ്പും, ക്രമരഹിതമായ ഭക്ഷണശീലങ്ങളും, മദ്യം ഉൾപ്പെടെ ലഹരി ഉപയോഗങ്ങളുമെല്ലാം കരളിനെ നശിപ്പിക്കും. ഫാറ്റി ലിവര്‍ എന്ന രോഗം പുതു തലമുറക്ക് ഇടയിൽ പടരാൻ കാരണം ജീവിത ശൈലിയിലെ ഈ മാറ്റങ്ങളാണ്.
മരുന്നുകളും വ്യായാമവും അത്യാവശ്യമാണെങ്കിലും, ദൈനംദിന ഭക്ഷണക്രമത്തില്‍ ചില ലളിതമായ മാറ്റങ്ങള്‍ കരളിന് വലിയ ആശ്വാസം നല്‍കും. പ്രമുഖ ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഫാറ്റി ലിവര്‍ രോഗികള്‍ക്ക് സ്ഥിരമായി കഴിക്കാന്‍ പറ്റുന്ന മൂന്ന് പാനീയങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. അവ ഏതാണെന്ന് നോക്കാം.
ബീറ്റ്‌റൂട്ട് ജ്യൂസ്
കരള്‍ കോശങ്ങളെ സംരക്ഷിക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കുന്ന മാന്ത്രിക പാനിയമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ആന്റിഓക്സിഡന്റുകളായ ബീറ്റാലൈനുകള്‍ ഇതിൽ സമൃദ്ധമാണ്. ആഴ്ചയില്‍ ഏതാനും തവണ ഒരു ഗ്ലാസ് ബീറ്റ് റൂട്ട് ജ്യൂസ് കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. മിതമായ അളവില്‍ കുടിക്കുവാൻ ശ്രദ്ധിക്കണമെന്ന് മാത്രം.
കാപ്പി
കാപ്പി കുടിക്കുന്നത് ഫാറ്റി ലിവര്‍, ഫൈബ്രോസിസ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. ഓര്‍ഗാനിക് കാപ്പി തിരഞ്ഞെടുക്കുകയും പഞ്ചസാര ഒഴിവാക്കുകയുംചെയ്യുക. കാപ്പിക്ക് മധുരം വേണമെങ്കില്‍ അല്പം തേന്‍ ചേര്‍ക്കാവുന്നതാണ്.
ഗ്രീന്‍ ടീ
കരള്‍ എന്‍സൈമുകള്‍ മെച്ചപ്പെടുത്തുന്നതിനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങളായ EGCG പോലുള്ള കാറ്റെച്ചിനുകള്‍ ഗ്രീന്‍ ടീയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് നിങ്ങളുടെ കരളിനെ മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും കഫീന്‍ കുറയ്ക്കുകയും ചെയ്യും.




