Kerala
അപമാനിച്ചെന്ന് കരുതുന്നില്ല; മന്ത്രി സജി ചെറിയാനെതിരായ ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങി വേടന്‍
തന്നെ കലാകാരന്‍ എന്ന നിലയില്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തയാളാണ് സജി ചെറിയാന്‍. തന്നെപ്പോലുള്ള സ്വതന്ത്ര കലാകാരന്മാര്‍ക്ക് എഴുതാനും സംഗീതം നല്‍കാനും പ്രചോദനമേകുന്നതാണ് അവാര്‍ഡ്
കൊച്ചി | വേടന് പോലും ചലച്ചിത്ര അവാര്‍ഡ് നല്‍കിയെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം അപമാനിക്കുന്നതാണെന്ന ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങി റാപ്പര്‍ വേടന്‍. മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നാണ് വേടന്റെ പുതിയ പ്രതികരണം. മന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. തന്നെ കലാകാരന്‍ എന്ന നിലയില്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തയാളാണ് മന്ത്രി സജി ചെറിയാന്‍. തന്നെപ്പോലുള്ള സ്വതന്ത്ര കലാകാരന്മാര്‍ക്ക് എഴുതാനും സംഗീതം നല്‍കാനും പ്രചോദനമേകുന്നതാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെന്നും വേടന്‍ പറഞ്ഞു. വിമര്‍ശനങ്ങളെ സ്വീകരിക്കുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകും.
മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതാണെന്നും അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നുമായിരുന്നു വേടന്‍ പറഞ്ഞിരുന്നത്. അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് കൂടുതലൊന്നും പറയാനില്ല. അവാര്‍ഡിനെ വലിയ അംഗീകാരമായാണ് കാണുന്നത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല തനിക്ക് പുരസ്‌കാരം ലഭിച്ചതെന്നും വേടന്‍ വ്യക്തമാക്കി.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. ഗാനരചയിതാവല്ലാത്ത വേടന് അവാര്‍ഡ് നല്‍കിയതിനാലാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.


