Connect with us

Kuwait

കുവൈത്ത് കടല്‍ അതിര്‍ത്തിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 10,000 ഗുളികകളുള്‍പ്പെടെ പിടിച്ചെടുത്തു

ചൂതാട്ടം നടത്തിയ എട്ടംഗ സംഘവും പിടിയില്‍.

Published

|

Last Updated

കുവൈത്ത് സിറ്റി | സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനും ലക്ഷ്യമിട്ട് കുവൈത്ത്  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാര്‍ഡ് നടത്തിയ നിര്‍ണായകമായ ഒരു ഓപ്പറേഷനിലൂടെ വലിയ തോതിലുള്ള മയക്കുമരുന്ന് സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തു. ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ്, യൂസുഫ്, സഊദ് അല്‍ സബാഹിന്റെ നിര്‍ദേശത്തിലാണ് ഓപ്പറേഷന്‍ നടത്തിയത്. അനധികൃതമായി വിതരണം ചെയ്യാന്‍ പ്ലാന്‍ ചെയ്ത 199 പീസ് ഹഷീഷ്, 93 സൈക്കോട്രോപിക്ക് മരുന്നുകള്‍, 10,000ത്തോളം ഗുളികകള്‍ എന്നിവയാണ് അധികൃതര്‍ പിടിച്ചെടുത്തത്.

തീരദേശ നിരീക്ഷണം ശക്തമാക്കുന്നതിലും കടല്‍ വഴിയുള്ള അനധികൃത വസ്തുക്കളുടെ കള്ളക്കടത്ത് തടയുന്നതിലും രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി സുരക്ഷിതമായി സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിപുലമായ സുരക്ഷാ തന്ത്രത്തിന്റെ ഭാഗമാണ് ഈ മയക്കുമരുന്ന് വേട്ടയെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനും കള്ളക്കടത്ത് പോലെയുള്ള സുരക്ഷാ ലംഘനങ്ങള്‍ തടയുന്നതിനുമായി കര്‍ശന സുരക്ഷാ നടപടിക്രമങ്ങള്‍ നടപ്പാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി.

അതിനിടെ, മറ്റൊരു സംഭവത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നടത്തിയ എട്ടംഗ സംഘം പോലീസിന്റെ പിടിയിലായി. പ്രത്യേകം സ്ഥാപിച്ച വെബ്‌സൈറ്റ് വഴിയാണ് സംഘം ചൂതാട്ടം നടത്തിയിരുന്നത്. ചൂതാട്ടം വഴി ലഭിച്ച പണം സ്വകാര്യ ക്ലിനിക്കിന്റെ പേരില്‍ വിദേശത്തേക്ക് അയക്കുകയും അതിലൂടെ കള്ളപ്പണം വെളുപ്പിക്കുകയുമാണ് ചെയ്തിരുന്നത്.

 

Latest