Connect with us

Ongoing News

ജീവന്‍ പണയപ്പെടുത്തി അഗ്നിനാളങ്ങളെ നേരിട്ടു; കത്തുന്ന ബസില്‍ നിന്ന് ആറ് അധ്യാപികമാരെ രക്ഷിച്ച് മിഷാരി അല്‍-ഹര്‍ബി

ബസിന്റെ ജനാലകള്‍ തകര്‍ത്ത് മിഷാരി ഓരോരുത്തരെയായി പുറത്തെത്തിച്ചു. അവസാനത്തെ ആളെയും പുറത്തെത്തിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ബസ്‌ പൂര്‍ണമായും അഗ്‌നിക്കിരയായി.

Published

|

Last Updated

റിയാദ് | സഊദി അറേബ്യയിലെ അല്‍-ഖര്‍ജില്‍ മിന്നല്‍ വേഗത്തിലുള്ള ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവാക്കി യുവാവ്. അധ്യാപികമാര്‍ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചപ്പോള്‍, ആളിപ്പടരുന്ന തീ വകവെക്കാതെ ഉള്ളില്‍ കുടുങ്ങിയ ആറ് അധ്യാപികമാരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മിഷാരി ബിന്‍ സാലിഹ് അല്‍-ഹര്‍ബി എന്ന യുവാവ് നാടിന്റെ വീരനായകനായി.

അധ്യാപികമാരുമായി പോയ ബസില്‍ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് ആ വഴി വരികയായിരുന്ന മിഷാരി തന്റെ വാഹനം നിര്‍ത്തി ഓടിയെത്തിയത്. പുക നിറഞ്ഞ ബസിനുള്ളില്‍ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ അധ്യാപികമാര്‍ മരണഭയത്താല്‍ നിലവിളിക്കുകയായിരുന്നു. സമയം ഒട്ടും പാഴാക്കാതെ ബസിന്റെ ജനാലകള്‍ തകര്‍ത്ത് മിഷാരി ഓരോരുത്തരെയായി പുറത്തെത്തിച്ചു. അവസാനത്തെ ആളെയും സുരക്ഷിതമായി പുറത്തെത്തിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ബസ്‌ പൂര്‍ണമായും അഗ്‌നിക്കിരയായി.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മിഷാരിയുടെ കൈകള്‍ക്കും കാലുകള്‍ക്കും പൊള്ളലേറ്റു. അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഷാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മിഷാരിയുടെ ധീരത സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തരംഗമായിരിക്കുകയാണ്. ‘ധീരതയുടെ പര്യായം’ എന്നാണ് ഭരണാധികാരികളും പൊതുജനങ്ങളും ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. മിഷാരിയുടെ ഇടപെടല്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ വലിയൊരു ദുരന്തത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുവാവിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക ഭരണകൂടം.

 

---- facebook comment plugin here -----

Latest