Connect with us

International

ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ; അന്ത്യമാകുന്നത് ഒരു യുഗത്തിന്

ശനിയാഴ്ച അമേരിക്കയും ഇസ്റാഈലും സംയുക്തമായി ടെഹ്‌റാനിലെ ഖാംനഈയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

Published

|

Last Updated

ടെഹ്റാൻ | ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നിം (Tasnim), ഫാർസ് (Fars) എന്നിവയാണ് 86 വയസ്സുകാരനായ ഖാംനഈയുടെ മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച അമേരിക്കയും ഇസ്റാഈലും സംയുക്തമായി ടെഹ്‌റാനിലെ ഖാംനഈയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

ഇസ്ലാമിക വിപ്ലവത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ശനിയാഴ്ച രാവിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെയും അമേരിക്കയുടെയും ആക്രമണത്തെ തുടർന്ന് രക്തസാക്ഷിയായി എന്നാണ് ഇറാന്റെ വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തത്. വിപ്ലവ നേതാവിന്റെ രക്തസാക്ഷിത്വത്തെ തുടർന്ന് മന്ത്രിസഭ 40 ദിവസത്തെ പൊതു ദുഃഖാചരണവും 7 ദിവസത്തെ അവധിയും പ്രഖ്യാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായ ഖാംനഈ കൊല്ലപ്പെട്ടത് ഇറാന്റെ നീതിക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള സമാധാനപ്രേമികൾക്ക് ലഭിച്ച വലിയ വിജയമാണെന്ന് ട്രംപ് കുറിച്ചു. അത്യാധുനികമായ ഇന്റലിജൻസ് സംവിധാനങ്ങളും ട്രാക്കിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇസ്റാഈലുമായി ചേർന്നാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

ഖാംനഈയുടെ കൂടെയുണ്ടായിരുന്ന മറ്റ് പല ഇറാൻ നേതാക്കളും കൊല്ലപ്പെട്ടതായും ട്രംപ് വെളിപ്പെടുത്തി. ഇറാന്റെ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ, പരമോന്നത നേതാവിന്റെ മിലിട്ടറി ബ്യൂറോ ചീഫ് മുഹമ്മദ് ശീറാസി എന്നിവർ കൊല്ലപ്പെട്ടതായാണ് ഇസ്റാഈൽ അവകാശപ്പെട്ടത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (ഐ ആർ ജി സി) തലവൻ മുഹമ്മദ് പാക്പൂർ, മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ സ്വാലിഹ് അസദി എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ഇസ്റാഈൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും നേരത്തെ ഖാംനഈ ‘ഇല്ലാതായതായി’ സൂചന നൽകിയിരുന്നു. ഇതിനു പിന്നാലെ ഖാംനഈയുടെ മകളും പേരക്കുട്ടിയും മരിച്ചതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു.

എന്നാൽ ആദ്യ ഘട്ടത്തിൽ ആ വാർത്തകൾ ഇറാൻ സ്ഥിരീകരിച്ചിരുന്നില്ല. എതിരാളികളുടെ സൈക്കോളജിക്കൽ മൂവ് എന്ന് പറഞ്ഞ് ഇറാൻ ഇത് തള്ളുകയായിരുന്നു.

ഒരു യുഗത്തിന്റെ അന്ത്യം

1989 മുതൽ ഇറാന്റെ പരമോന്നത അധികാര കേന്ദ്രമായിരുന്ന ഖാംനഈയുടെ മരണം ഇസ്ലാമിക് റിപ്പബ്ലിക്കിന് ഏൽക്കുന്ന ഏറ്റവും വലിയ ആഘാതമാണ്. ഭരണകൂടം, സൈന്യം, നീതിന്യായ വ്യവസ്ഥ തുടങ്ങി ഇറാന്റെ സർവ്വ മേഖലകളിലും അന്തിമമായ അധികാരം ഖാംനഈക്കായിരുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ ഉയർന്നുവന്ന അദ്ദേഹം, പത്ത് വർഷത്തിന് ശേഷം ആയത്തുല്ല ഖൊമേനിയുടെ പിൻഗാമിയായാണ് അധികാരമേറ്റത്.

വെല്ലുവിളികൾ നിറഞ്ഞ ഭരണകാലം

36 വർഷം നീണ്ട ഭരണത്തിനിടെ നിരവധി ആഭ്യന്തര പ്രക്ഷോഭങ്ങളെയും അന്താരാഷ്ട്ര സമ്മർദ്ദങ്ങളെയും അദ്ദേഹം അതിജീവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് ഖാംനഈയുടെ നേതൃത്വം കടന്നുപോയിരുന്നത്. ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങളും രാജ്യത്ത് വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളും അദ്ദേഹത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഈ വർഷം നടന്ന പ്രതിഷേധങ്ങൾക്കെതിരെ സൈന്യത്തെ ഉപയോഗിച്ച് അദ്ദേഹം നടത്തിയ കടുത്ത നടപടികൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

മിഡിൽ ഈസ്റ്റിലെ മാറ്റങ്ങൾ

ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സായുധ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകിക്കൊണ്ട് പശ്ചിമേഷ്യയിൽ ഇറാന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ ഖാംനഈ എപ്പോഴും പരിശ്രമിച്ചിരുന്നു. എന്നാൽ ഇസ്റാഈൽ അടുത്തിടെ നടത്തിയ സൈനിക നീക്കങ്ങളിലൂടെ ഹിസ്ബുല്ല ദുർബലമായതും സിറിയയിൽ ബശ്ശാറുൽ അസദ് ഭരണകൂടത്തിന് തിരിച്ചടിയേറ്റതും ഖാംനഈയുടെ നയതന്ത്ര നീക്കങ്ങൾക്ക് തിരിച്ചടിയായി. ഇറാന്റെ മിസൈൽ ശേഖരം ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ ആവശ്യം നിരാകരിച്ചതാണ് നിലവിലെ അതിശക്തമായ സൈനിക നടപടികളിലേക്ക് നയിച്ചത്.

ഖാംനഈയുടെ മരണത്തോടെ ഇറാന്റെ ഭാവി ഭരണക്രമം എങ്ങനെയുമാകുമെന്ന കാര്യത്തിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ ഖാംനഈയുടെ മരണത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും ഇറാൻ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണിതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

Summary

Iranian state media outlets Tasnim and Fars have officially confirmed the death of Supreme Leader Ayatollah Ali Khamenei at the age of 86. Khamenei, who held absolute power in Iran since 1989, was killed during a massive joint military operation by the United States and Israel targeting his residence in Tehran. His death signifies a monumental shift for the Islamic Republic and the wider Middle East, following decades of his staunch opposition to the West and internal dissent.

Latest