Articles
ചോര പടരുന്നു, അതിര്‍ത്തിക്കിരുവശവും
ബംഗ്ലാദേശിയെ കണ്ടാല്‍ അടിച്ചു കൊല്ലണമെന്ന് തോന്നുന്ന അതിര്‍ത്തിക്കിപ്പുറത്തുള്ളവരും ഹൈന്ദവനെയും ബൗദ്ധനെയും ഇന്ത്യന്‍ ചാരനെന്ന് കാണുന്ന അതിര്‍ത്തിക്കപ്പുറത്തുള്ളവരും രാഷ്ട്രീയച്ചൂളയിലെ വിറകുകള്‍ മാത്രമാണ്.
എന്തൊരു വൈരുധ്യമാണിത്? അതോ സമാനതയോ? ഇവിടെയൊരു മനുഷ്യനെ ബംഗ്ലാദേശിയെന്ന് പറഞ്ഞ് പച്ചക്ക് കൊല്ലുന്നു. ബംഗ്ലാദേശില്‍ അവിടുത്തെ ന്യൂനപക്ഷ സമുദായാംഗത്തെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുന്നു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ബംഗ്ലാദേശ് തെരുവുകളെ പ്രകമ്പനം കൊള്ളിക്കുന്നു. ദേശീയതയുടെ ബലിക്കല്ലില്‍ മനുഷ്യരുടെ ചോര പിന്നെയും പിന്നെയും പടരുന്നു. നാഷനലിസം ഈസ് എ ഗ്രേറ്റ് മെനേസ് എന്ന് ടാഗോര്‍ പറഞ്ഞത് എത്ര ശരിയാണ്!
വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢുകാരന്‍ രാം നാരായണനെ തല്ലിക്കൊല്ലുന്നതിന് മുമ്പ് ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരായ നാരാധമന്‍മാര്‍ മുറി ഹിന്ദിയില്‍ ചോദിച്ചതിത്രമാത്രമാണ്. നിന്റെ നാടേതാണ്? പകച്ച് നില്‍ക്കുന്ന ആ മനുഷ്യന്‍ വീട്ടിലുള്ള മക്കളെ കുറിച്ച് പറയാന്‍ തുടങ്ങി. അപ്പോള്‍ അക്രമികള്‍ ആക്രോശിച്ചു: ബംഗ്ലാദേശിയാണല്ലേ. പിന്നെ മര്‍ദനത്തിന്റെ ശക്തി കൂടി. തലങ്ങും വിലങ്ങും അടി, ഇടി, ചവിട്ട്. ആ യുവാവിന്റെ മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ നാല്‍പ്പതിലേറെ മുറിവുണ്ടായിരുന്നുവെന്നാണ് രേഖയില്‍ കുറിച്ചിട്ടുള്ളത്. അയാളുടെ തലച്ചോര്‍ ചോര പടര്‍ന്ന് ഒരിത്തിരി മാംസപിണ്ഡമാകുന്നതിന്റെ തൊട്ടു മുമ്പ് അയാളുടെ കുഞ്ഞുങ്ങളുടെ മുഖം അവിടെ അവ്യക്തമായി തെളിഞ്ഞു വന്നിരിക്കണം. അയാളുടെ ഗ്രാമത്തിലെ ഒരു നാട്ടുവഴിയിലൂടെ കുഞ്ഞുങ്ങളുടെ അമ്മയുമൊത്ത് നടന്നതിന്റെ ഓര്‍മച്ചിത്രമായിരിക്കും ഒടുവില്‍ മനക്കണ്ണില്‍ തെളിഞ്ഞത്. അതൊന്നും രേഖയിലുണ്ടാകില്ല. ബംഗ്ലാദേശിയെന്നാരോപിച്ച് മര്‍ദനമെന്നാണ് പത്രവാര്‍ത്ത. ബംഗ്ലാദേശിയാണെങ്കില്‍ തല്ലിക്കൊല്ലാമെന്നല്ലേ അതിന്റെ ആന്തരാര്‍ഥം. എത്ര ക്രൂരമായാണ് ദേശീയത കൊല്ലപ്പെടേണ്ടവരെ സൃഷ്ടിക്കുന്നത്. എസ് ഐ ആര്‍ നടപ്പാക്കിയും പൗരത്വ രജിസ്റ്റര്‍ കൊണ്ടുവന്നും തടങ്കല്‍ പാളയങ്ങള്‍ പണിതും ബംഗ്ലാദേശികളെ കണ്ടുപിടിച്ച് പുറത്താക്കാന്‍ ഭരണകൂടം തുനിഞ്ഞിറങ്ങുമ്പോള്‍ ആ സംവിധാനത്തിന്റെ അനുയായികള്‍ അതിനൊന്നും കാത്തുനില്‍ക്കാതെ കൊല്ലാനിറങ്ങും. തീവ്രദേശീയത അങ്ങനെയാണ്. അത് ആഹ്വാനങ്ങള്‍ അക്ഷരം പ്രതിയല്ല അനുസരിക്കുക. അക്ഷരത്തിനുമപ്പുറമായിരിക്കും. ഇര ഛത്തീസ്ഗഢുകാരനാണെന്നേയുള്ളൂ. ആ കൊലയാളികള്‍ കൊന്നത് ബംഗ്ലാദേശിയെ തന്നെയാണ്.
ബംഗ്ലാദേശിന്റെ പിറവിയില്‍ ഇന്ത്യയുണ്ട്. പാകിസ്താന്റെയും രാജ്യത്തിനകത്തെ പാക് വാദികളുടെയും അട്ടിമറികളെ അതിജീവിച്ച് ബംഗ്ല ദേശത്തെ ഒരു ദേശരാഷ്ട്രമായി ഉറപ്പിച്ച് നിര്‍ത്തിയ 1971ലെ വിമോചന സമരത്തെ ഇന്ദിരാ ഗാന്ധി പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നുവല്ലോ. എന്തൊക്കെ ഭൗമരാഷ്ട്രീയ താത്പര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെങ്കിലും ഈ അയല്‍ രാജ്യത്തിന്റെ പ്രതിസന്ധികളില്‍ ഇന്ത്യ കൈകൊണ്ട നിലപാടുകള്‍ ആ ജനതയുടെ വിമോചന സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നുവെന്നത് ചരിത്രത്തില്‍ അടയാളപ്പെട്ടു കിടക്കുന്ന വസ്തുതയാണ്. രാഷ്ട്രപിതാവ് ബംഗബന്ധു ശൈഖ് മുജീബുര്‍റഹ്‌മാന്റെ മകള്‍ ശൈഖ ഹസീനക്ക് രാഷ്ട്രീയ അഭയം നല്‍കുന്നതില്‍ എത്തിനില്‍ക്കുന്നു ആ ബന്ധം. കാലം ഇരുളിവെളുത്തു കൊണ്ടേയിരുന്നപ്പോള്‍ ബംഗ്ലാ- ഇന്ത്യ ബന്ധത്തിന് എന്തൊക്കെയാണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ധാക്കയിലെയും ഗാസിപൂരിലെയും ചാട്ടോഗ്രാമിലെയും തെരുവുകള്‍ “ബോയ്കോട്ട് ഇന്ത്യ’ എന്ന് അലറുന്നത്? അവിടെയുള്ള ഒരു വിഭാഗം മാധ്യമങ്ങള്‍ ഇന്ത്യന്‍ ചാരന്‍മാരെന്ന പഴി കേള്‍ക്കുന്നതെന്തുകൊണ്ടാണ്? ശൈഖ ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ പ്രക്ഷോഭത്തിന് പിറകേ യുവാക്കളുടെ ആവേശമായി മാറിയ ആക്ടിവിസ്റ്റ് ശരീഫ് ഉസ്മാന്‍ ഹാദി കൊല്ലപ്പെടുമ്പോള്‍, അതിന് പിറകേ രാജ്യം മറ്റൊരു കലാപത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ എന്തിനാണ് ഇന്ത്യ പഴികേള്‍ക്കുന്നത്? ഹാദിയുടെ ടാഗ് ലൈന്‍ ഇന്ത്യാവിരുദ്ധന്‍ എന്നാകുന്നതെങ്ങനെയാണ്? ഒന്നുറപ്പാണ്, ബംഗ്ലാദേശിന്റെ പിറവിയിലും ഇപ്പോഴത്തെ പതനത്തിലും “ഇന്ത്യയുണ്ട്’്.
ശരീഫ് ഉസ്മാന്‍ ഹാദി കൊല്ലപ്പെട്ടതും അതിന് പിറകേ നടക്കുന്ന അക്രമാസക്ത പ്രക്ഷോഭവും ഏതോ കേന്ദ്രത്തില്‍ എഴുതപ്പെട്ട തിരക്കഥക്കനുസരിച്ചാണെന്ന് സംശയിക്കാവുന്നതാണ്. ഈ 32കാരൻ വളരെ പെട്ടെന്നാണ് രാജ്യത്താകെ അനുയായികളുള്ള തീപ്പൊരി നേതാവായി വളര്‍ന്നുവന്നത്. ശൈഖ ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിന് പിറകെ രൂപപ്പെട്ട ആശയക്കുഴപ്പം നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ സൃഷ്ടിയാണ് ശരീഫ് ഉസ്മാന്‍ ഹാദിയെന്ന് പറയാം. തെക്കന്‍ ബംഗ്ലാദേശിലെ ഝലകാത്തി ജില്ലയിലെ നാല്‍ചിട്ടി ഗ്രാമത്തിലാണ് ഉസ്മാന്‍ ഹാദി ജനിച്ചത്. തികഞ്ഞ ഇസ്‌ലാമിക അന്തരീക്ഷത്തിലാണ് അദ്ദേഹം വളര്‍ന്നത്. പിതാവ് മദ്റസയില്‍ പഠിപ്പിക്കുകയും പ്രാദേശിക പള്ളിയില്‍ ഇമാമായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ആഴത്തിലുള്ള ഇസ്‌ലാമിക വിദ്യാഭ്യാസത്തിനായി ഹാദിയെ നെസറാബാദിലെ കാമില്‍ മദ്റസയിലേക്ക് അയച്ചു. പിന്നീട്, 2011ല്‍ ധാക്ക സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസ പഠിച്ചു. പഠനം പൂര്‍ത്തിയാക്കിയ ശേഷം, നിരവധി പ്രാദേശിക കോച്ചിംഗ് സെന്ററുകളിലും സ്വകാര്യ സര്‍വകലാശാലകളിലും ഹാദി പഠിപ്പിച്ചു. ഈ കാലയളവില്‍, ബംഗ്ലാദേശിന്റെ സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങളെഴുതി. കിടിലന്‍ പ്രസംഗങ്ങളും പോഡ്കാസ്റ്റുകളും അദ്ദേഹത്തെ യുവാക്കളുടെ ഹരമാക്കി മാറ്റി. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഗ്രേറ്റര്‍ ബംഗ്ലാദേശ് പോലുള്ള അപകടകരമായ ആശയങ്ങള്‍ ഹാദി മുന്നോട്ട് വെച്ചു. അതോടെ ഇന്ത്യാവിരുദ്ധ തീവ്രദേശീയതയുടെ ചാമ്പ്യനായി അയാള്‍ മാറി.
2024 ആഗസ്റ്റില്‍ ശൈഖ ഹസീനയുടെ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിനു ശേഷം രൂപപ്പെട്ട വിദ്യാര്‍ഥി, യുവജന സംഘടനയായ ഇങ്ക്വിലാബ് മഞ്ചോയുടെ നേതാവായി ഹാദി അവരോധിക്കപ്പെട്ടു. അടിച്ചമര്‍ത്തലിനെ എതിര്‍ക്കുകയും നീതിയും സ്വാതന്ത്ര്യവും അടിസ്ഥാനമാക്കിയുള്ള ബംഗ്ലാദേശ് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാംസ്‌കാരിക വേദിയായാണ് ഈ ഗ്രൂപ്പ് സ്വയം വിശേഷിപ്പിക്കുന്നത്. തീവ്ര ഗ്രൂപ്പുകളുമായും തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ജമാഅത്തെ ഇസ്‌ലാമിയുമായും ഈ സംഘടനക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ബംഗ്ലാ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. സംഘടനയുടെ പ്രവര്‍ത്തന രീതി ഈ വിലയിരുത്തലിനെ ശരിവെക്കുന്ന തരത്തിലാണ് താനും. ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിച്ചതിനുശേഷം, ഹാദിയുടെ നേതൃത്വത്തില്‍ ഇങ്ക്വിലാബ് മഞ്ചോ നിരവധി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ശൈഖ ഹസീനക്ക് വധശിക്ഷ വിധിച്ചപ്പോള്‍, ഹാദിയടക്കമുള്ള ആക്ടിവിസ്റ്റുകള്‍ തങ്ങളുടെ വിജയമായി അത് ആഘോഷിച്ചു. ഹസീനയുടെ അവാമി ലീഗിന്റെ അംഗീകാരം സസ്പെന്‍ഡ് ചെയ്യുന്നതിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യമല്ലെന്ന് പ്രഖ്യാപിക്കുന്നതിലും കലാശിച്ച ആശയപരിസരം രൂപപ്പെടുത്തുന്നതില്‍ ഇങ്ക്വിലാബിന് വലിയ പങ്കുണ്ട്. ഇടക്കാല സര്‍ക്കാറിന്റെ പരാജയങ്ങളെ വിമര്‍ശിക്കുകയും ദേശീയ ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു ഇങ്ക്വിലാബ് മഞ്ചോ. ഫെബ്രുവരിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പില്‍ ധാക്ക-8 സീറ്റില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഹാദി പ്രഖ്യാപിച്ചിരുന്നു.
അവാമി ലീഗില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ഉസ്മാന്‍ ശരീഫ് ഹാദി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. കൊന്നതാരാണെന്ന് ഇനിയും വ്യക്തമാകാനുണ്ടെങ്കിലും സംശയമുന നീളുന്നത് അവാമി ലീഗിലേക്ക് തന്നെയാണ്. ധാക്ക നഗരത്തില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഹാദിക്ക് നേരെ മോട്ടോര്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ ആദ്യം ധാക്കയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്ക് സിംഗപ്പൂരിലേക്കും കൊണ്ടുപോയി. 18ന് രാത്രിയാണ് സിംഗപ്പൂരില്‍ ഹാദി മരിച്ചത്. അക്രമികള്‍ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് “ഇങ്ക്വിലാബ്’ നേതാക്കള്‍ പറയുന്നത്. ഹാദിക്ക് വെടിയേറ്റതോടെ തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ ഛാത്രശിബിറും വിവിധ ഹസീനാവിരുദ്ധ ഗ്രൂപ്പുകളുടെ അംബ്രല്ലാ സംഘടനയായ നാഷനല്‍ സിറ്റിസണ്‍ പാര്‍ട്ടിയും തെരുവിലിറങ്ങിക്കഴിഞ്ഞിരുന്നു. ഹാദിയുടെ മരണത്തോടെ പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമായി. ശാബാഗ് ചത്വരത്തിലെ പ്രതിഷേധ സംഗമം തീവ്ര ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ ആധിപത്യം പുലര്‍ത്തുന്ന ഒത്തുചേരലായി മാറി. “തൗഹീദി ജനത’യുടെ ജാശിമുദ്ദീന്‍ റഹ്‌മാനി, അതാഉര്‍റഹ്‌മാന്‍ ബിക്രംപുരി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. പ്രകോപനപരമായിരുന്നു പ്രസംഗങ്ങള്‍. അക്രമസംഭവങ്ങളില്‍ എടുത്തു പറയേണ്ടത് പ്രോതോണ്‍ അലോ, ഡെയ‌്ലി സ്റ്റാര്‍ എന്നീ പത്രങ്ങളുടെ ഓഫീസുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളാണ്. ഈ പത്രങ്ങള്‍ തീവ്രഗ്രൂപ്പുകളെ ശക്തമായി തുറന്നുകാണിക്കുന്നവയാണ്. ഹസീനാവിരുദ്ധ ഗ്രൂപ്പുകളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ അനുകൂലികള്‍. മതവിരുദ്ധര്‍. അക്രമികള്‍ ശൈഖ് മുജീബുര്‍റഹ്‌മാന്‍ താമസിച്ചിരുന്ന വീട് അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിന്റെ ഘട്ടത്തില്‍ തന്നെ പാതി തകര്‍ത്ത വീടാണിത്. പാക് വിരുദ്ധ പോരാട്ടത്തിന്റെയും വിമോചന സമരത്തിന്റെയും പ്രതീകങ്ങളെ ഈ പ്രക്ഷോഭകര്‍ ഇങ്ങനെ അടങ്ങാത്ത പകയോടെ ആക്രമിക്കുമ്പോള്‍ ബംഗ്ലാദേശ് എത്തിപ്പെട്ട ചരിത്ര നിരാസത്തിന്റെ ആഴം ബോധ്യപ്പെടും. ഗാന്ധിജിയുടെ പ്രതിമയുണ്ടാക്കി അതിന് നേരെ വെടിയുതിര്‍ത്തും മഹാത്മാവിന്റെ പേര് സര്‍വ ഇടങ്ങളില്‍ നിന്നും നീക്കം ചെയ്തും വീണ്ടും വീണ്ടും ഗാന്ധിയെ കൊന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഹിന്ദുത്വയുടെ നേര്‍പതിപ്പ് തന്നെയാണിത്.
ന്യൂനപക്ഷ, ഭൂരിപക്ഷ വിഭജനത്തിന്റെ പാരമ്യത്തിലാണ് ഇന്ന് ഈ അയല്‍രാജ്യം. കഴിഞ്ഞ ജനുവരിയില്‍ അരങ്ങേറിയ സംഘര്‍ഷം കൂടി ഈ കലാപ കാലത്ത് ഓര്‍ത്തെടുക്കുന്നത് നന്നായിരിക്കും. ജനുവരി 25ന് വൈഷ്ണവ ആത്മീയ നേതാവ് ചിന്‍മോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിന് പിറകേയായിരുന്നു കൊലവിളി പ്രക്ഷോഭം. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനിടെ ദേശീയ പതാകയെ അവഹേളിച്ചുവെന്ന കുറ്റത്തിനാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ദാസിന്റെ അറസ്റ്റോടെ തന്നെ ആരംഭിച്ച അക്രമാസക്ത പ്രക്ഷോഭം ജാമ്യം നിഷേധിക്കപ്പെട്ടതോടെ ആളിക്കത്തി. അസ്സിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സൈഫുല്‍ ഇസ്‌ലാം ധാക്ക കോടതിക്ക് പുറത്ത് വെച്ച് കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണദാസിന്റെ അറസ്റ്റും ജയില്‍വാസവും ഹൈന്ദവ, സിഖ്, ബൗദ്ധ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിക്കും അക്രമസാക്തതക്കും വഴിവെച്ചു. ഹസീനക്ക് അഭയം കൊടുത്തതോടെ സ്വാഭാവികമായും അതിശക്തമായ ഇന്ത്യാവിരുദ്ധ വികാരം കത്തിപ്പടര്‍ന്നിരുന്നു. ഛാത്ര ശിബിറടക്കം നിരവധി ഗ്രൂപ്പുകള്‍ അന്ന് ചോരക്കളിക്കിറങ്ങി. ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയില്‍ ചില ഗ്രൂപ്പുകള്‍ ക്ഷേത്രങ്ങള്‍ ആക്രമിക്കാനും വര്‍ഗീയത ആളിക്കത്തിക്കാനും ശ്രമിച്ചു. ഇപ്പോള്‍ ഹാദിയുടെ രക്തസാക്ഷിത്വം മുന്‍നിര്‍ത്തി മറ്റൊരു കലാപത്തിലേക്ക് രാജ്യം കൂപ്പുകുത്തുമ്പോഴും ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണ്. ഈ വര്‍ഗീയ വിഭജനം ഓരോ രാഷ്ട്രീയ ചേരിയും അവരവര്‍ക്ക് ഇഷ്ടമുള്ള വിധം ഉപയോഗിക്കുകയാണ്. ഹാദിയുടെ കൊലപാതകത്തെയും തുടര്‍ സംഭവങ്ങളെയും തസ്‌ലീമ നസ്റിന്‍ വിശേഷിപ്പിക്കുന്നത് നോക്കൂ: “ഒരു ജിഹാദി കൊല്ലപ്പെട്ടു, കുറേ ജിഹാദികള്‍ പകരം ചോദിക്കാനിറങ്ങുന്നു’. ന്യൂനപക്ഷങ്ങളെ ആക്രമിക്കാനിറങ്ങുന്നവരും തസ്‌ലീമയെപ്പോലുള്ളവരും ഒരേ ദൗത്യമാണ് നിര്‍വഹിക്കുന്നത്. രാഷ്ട്രീയത്തെ മതത്തിലേക്ക് ചുരുക്കിക്കെട്ടുന്നു.
സത്യത്തില്‍, പുറത്ത് നിന്നുള്ളവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ ഏറ്റുമുട്ടുകയാണ് ബംഗ്ലാദേശ് ജനത. പുറത്തുള്ളവര്‍ എന്ന വിഭാഗത്തില്‍ ചൈനയുണ്ട്, പാകിസ്താനുണ്ട്, തീര്‍ച്ചയായും അമേരിക്കയുണ്ട്. ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കരുതെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നു. അരക്ഷിതമായ ബംഗ്ലാദേശാണ് എല്ലാവര്‍ക്കും വേണ്ടത്. അതിനായി നേതാക്കളെ കൊല്ലിക്കും. നിഴല്‍ സംഘടനകള്‍ക്ക് പണമിറക്കും. മാധ്യമങ്ങളെയും കൂട്ടുപിടിക്കും. ബംഗ്ലാദേശിയെ കണ്ടാല്‍ അടിച്ചു കൊല്ലണമെന്ന് തോന്നുന്ന അതിര്‍ത്തിക്കിപ്പുറത്തുള്ളവരും ഹൈന്ദവനെയും ബൗദ്ധനെയും ഇന്ത്യന്‍ ചാരനെന്ന് കാണുന്ന അതിര്‍ത്തിക്കപ്പുറത്തുള്ളവരും രാഷ്ട്രീയച്ചൂളയിലെ വിറകുകള്‍ മാത്രമാണ്.



