Articles
ഇനി തൊഴിലുറപ്പില്ലാത്ത ഇന്ത്യ
പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് 2014ല്‍ മോദി അധികാരത്തിലേറിയത്. അത് പാലിക്കാനായില്ല എന്ന് മാത്രമല്ല, നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മാ നിരക്കിലേക്ക് രാജ്യം കൂപ്പുകുത്തുകയും ചെയ്തു. രാജ്യത്ത് അവശേഷിക്കുന്ന തൊഴിലവസരങ്ങളുടെ അക്ഷയപാത്രമാണ് ഇപ്പോള്‍ തല്ലിയുടക്കുന്നത്.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് രാഷ്ട്രപിതാവിനെ പുറത്താക്കി വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ്് അതിജീവിക മിഷന്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഗാന്ധിജിയോടൊപ്പം പുറത്തായത് കേവലം ഒരു പേര് മാത്രമല്ല. പദ്ധതിയുടെ അന്തസ്സത്തയും ലക്ഷ്യവും പാവപ്പെട്ടവരോടുള്ള കരുതലും കൂടിയാണ്. പദ്ധതിയുടെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് 40 ശതമാനം സംസ്ഥാനങ്ങളുടെ തലയില്‍ വെച്ചു കൊടുത്തു. അതിലേറെ ഗുരുതരമായ പാതകം പദ്ധതിയുടെ നടത്തിപ്പില്‍ നിന്ന് പഞ്ചായത്തുകളെ അന്യവത്കരിച്ചതാണ്. ഇനി മുതല്‍ മുകളില്‍ നിന്നിറങ്ങുന്ന സ്ഥാപിത താത്പര്യങ്ങള്‍ പദ്ധതിയെ നയിക്കും. അധികാരം വികേന്ദ്രീകരിച്ച് ഗ്രാമങ്ങളെ ശക്തിപ്പെടുത്തണമെന്ന ഗാന്ധിജിയുടെ സ്വപ്‌നത്തെയും പേരിനൊപ്പം മോദി സര്‍ക്കാര്‍ പടി കടത്തി. ജീവിക ദീദി എന്ന ഓമനപ്പേരില്‍ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുന്നെ വനിതാ വോട്ടര്‍മാര്‍ക്ക് പതിനായിരം വീതം വിതരണം ചെയ്ത ബിഹാര്‍ മോഡല്‍ വികൃത മാതൃകകള്‍ക്ക് പുതിയ പദ്ധതിയില്‍ ഏറെ പഴുതുണ്ട്. വിളവെടുപ്പ് കാലത്ത് ആറ് മാസം പദ്ധതി മരവിപ്പിക്കുന്നതിലൂടെ നീണ്ടകാലത്തെ സെമീന്ദാരി താത്പര്യങ്ങളും കേന്ദ്രം സാധിപ്പിച്ചു കൊടുത്തു.
മന്‍മോഹന്‍ സിംഗ് എന്ന പേരിനെ ലോകമെങ്ങുമുള്ള സാമ്പത്തിക വിദഗ്ധര്‍ക്കും സാമൂഹിക ശാസ്ത്രജ്ഞര്‍ക്കും ഇടയില്‍ ഏറ്റവും ജനപ്രിയമാക്കിയത് തൊഴിലുറപ്പ് പദ്ധതിയായിരുന്നു. അന്തര്‍ദേശീയ സര്‍വകലാശാലകളിലും യു എന്‍ ഒരുക്കിയ നിരവധി വേദികളിലും പഠന റിപോര്‍ട്ടുകളിലും ഇന്ത്യയുടെ തൊഴിലുറപ്പ് പദ്ധതി വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായി. 2021ല്‍ ബ്രിട്ടനില്‍ ചേര്‍ന്ന യു എന്‍ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പ്രമേയം തൊഴിലുറപ്പ് പദ്ധതിയെ ശ്ലാഘിച്ചത് സമാനതകളില്ലാത്ത അംഗീകാരമായിരുന്നു. കോണ്‍ഫറന്‍സ് വിലയിരുത്തിയത് 2030നകം 249 മെട്രിക് ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് നിര്‍വീര്യമാക്കാന്‍ പദ്ധതി സഹായിക്കും എന്നായിരുന്നു. മണ്ണ്, ജലം, ജൈവസമ്പത്ത് പരിപാലനത്തില്‍ പദ്ധതി ഇന്ത്യയില്‍ നടത്തിയ മുന്നേറ്റം മുന്‍നിര്‍ത്തിയാണ് വിദഗ്ധര്‍ അത്തരം വിശകലനം നടത്തിയത്. 2014ല്‍ ലോക ബേങ്ക് പദ്ധതിയെ വിലയിരുത്തിയത് ഗ്രാമീണ വികസന മേഖലയിലെ നാഴികക്കല്ല് എന്ന് വിളിച്ചുകൊണ്ടായിരുന്നു.
1960കള്‍ മുതല്‍ ഇന്ത്യന്‍ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയും പട്ടിണിയും മാറ്റാനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാറുകള്‍ പരീക്ഷിച്ചിരുന്നു. റൂറല്‍ മാന്‍പവര്‍ പദ്ധതി, കാഷ് സ്‌കീം ഫോര്‍ റൂറല്‍ എംപ്ലോയ്‌മെന്റ്, മാര്‍ജിനല്‍ ഫാര്‍മേഴ്സ് ആന്‍ഡ് അഗ്രികള്‍ചറല്‍ ലേബേഴ്സ് പദ്ധതി, ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം, ജവഹര്‍ റോസ്ഗാര്‍ യോജന, ഐ ആര്‍ ഡി പി തുടങ്ങിയവ അതില്‍ ചിലവയാണ്. അതിന്റെ പൂര്‍ത്തീകരണമെന്നോണമാണ് 2006 ഫെബ്രുവരിയില്‍ 200 പിന്നാക്ക ജില്ലകളില്‍ ആരംഭിച്ച് 2009 ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യമൊട്ടാകെ വ്യാപിച്ച തൊഴിലുറപ്പ് പദ്ധതി നിലവില്‍ വന്നത്. ഗ്രാമപഞ്ചായത്തുകള്‍ വഴി സുതാര്യമായ ബേങ്ക് അക്കൗണ്ടും സോഷ്യല്‍ ഓഡിറ്റിനുള്ള അവസരവും പദ്ധതിയുടെ പ്രത്യേകതകളാണ്. വര്‍ഷത്തില്‍ 200 കോടി തൊഴിലുകള്‍ അഞ്ച് കോടി ഗ്രാമീണ കുടുംബങ്ങളെ സ്പര്‍ശിച്ചു കടന്നുപോകുന്നു. സ്ത്രീ തൊഴിലാളികള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം പദ്ധതി ഉറപ്പുവരുത്തി. എസ് സി-എസ് ടി കുടുംബങ്ങള്‍ക്ക് 40 ശതമാനം പങ്കാളിത്തം ലഭ്യമായി. നൂറ് തൊഴില്‍ ദിനങ്ങളും അപേക്ഷിച്ചാല്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പതിനഞ്ച് ദിവസത്തിനകം കിട്ടേണ്ട ജോലിയും തൊഴിലാളികളുടെ അവകാശമായി മാറി. അല്ലാത്ത പക്ഷം നഷ്ടപരിഹാരത്തിന് തൊഴിലാളിക്ക് അര്‍ഹത നല്‍കി. ഇതിനെയാണ് കേന്ദ്രം കഴുത്തുപിരിച്ച് കൊന്നുകളഞ്ഞത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനോട് നീതിപുലര്‍ത്തിയാണ് യു പി എ സര്‍ക്കാര്‍ പദ്ധതി രൂപവത്കരിച്ചത്. തൊഴില്‍ അവകാശമാക്കിയ ആര്‍ട്ടിക്കിള്‍ 41, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമായ ആര്‍ട്ടിക്കിള്‍ 21, പാര്‍ശ്വവത്കൃതരുടെ അഭിവൃദ്ധി ലക്ഷ്യമിടുന്ന ആര്‍ട്ടിക്കിള്‍ 46, ഗ്രാമ പഞ്ചായത്തുകളെ ശാക്തീകരിക്കുന്ന ആര്‍ട്ടിക്കിള്‍ 40, പരിസ്ഥിതി സംരക്ഷണത്തിനുള്ള ആര്‍ട്ടിക്കിള്‍ 48 എ, അവസര സമത്വത്തിനുള്ള ആര്‍ട്ടിക്കിള്‍ 16 തുടങ്ങിയവ പദ്ധതിയുടെ മുഖമുദ്രയാണ്. 1972ല്‍ മഹാരാഷ്ട്രയില്‍ തുടങ്ങിയ തൊഴിലുറപ്പ് ആക്ടിന്റെ പൂര്‍ണതയായും ഇതിനെ വിലയിരുത്താവുന്നതാണ്. പരിസ്ഥിതി സംരക്ഷണം, ഗ്രാമീണ സ്ത്രീ ശാക്തീകരണം, നഗര കുടിയേറ്റം അനാകര്‍ഷകമാക്കുക, സാമൂഹിക മൂലധനം, ആസ്തി നിര്‍മാണം തുടങ്ങിയ നിരവധി ലക്ഷ്യങ്ങള്‍ പദ്ധതി നിറവേറ്റി.
ഒരു ക്ഷേമരാഷ്ട്രം അതിലെ ദരിദ്ര ജനതയോടുള്ള കടമ നിര്‍വഹിക്കുന്നതിന്റെ ഭാവനാ പൂര്‍ണമായ ഉദാഹരണമായാണ് ലോക രാഷ്ട്രീയ വേദികളില്‍ തൊഴിലുറപ്പ് പദ്ധതി വിലയിരുത്തപ്പെട്ടിരുന്നത്. കൊവിഡ് കാലത്ത് രോഗത്തേക്കാള്‍ പട്ടിണി കൊണ്ട് വടക്കേ ഇന്ത്യയില്‍ ആളുകള്‍ മരിക്കാതിരുന്നതിന് കാരണം തൊഴിലുറപ്പാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളമുള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം അടിച്ചേല്‍പ്പിച്ച പുതിയ അധികഭാരം ചുമക്കാന്‍ സാധിക്കില്ല. അവിടങ്ങളിലൊക്കെ പദ്ധതി ഊര്‍ധ്വന്‍ വലിക്കും. അലകും പിടിയും മാറ്റി പദ്ധതിയെ രാഷ്ട്രീയ ആയുധമാക്കാന്‍ കച്ചകെട്ടുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ആഗോള പ്രശസ്തരായ നിരവധി സാമ്പത്തിക – സാമൂഹിക വിദഗ്ധര്‍ മുന്നറിയിപ്പുമായി വന്നിട്ടുണ്ട്. സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചവരില്‍ ഒലിവിയര്‍ ഡി ഷട്ടര്‍, ഇസബെല്ല ഫെറാറസ്, ജയിംസ് ഗല്‍ബ്രേത്ത്, ഡറിക് ഹാമില്‍ട്ടണ്‍, മരിയാന മസാറ്റോ, തോമസ് പിക്കറ്റി, റന്‍ഡാല്‍ റേ, ജോസഫ് ഇസ്റ്റഗ്ലറ്റീസ്, ഇംറാന്‍ വലോദിയ, പാവ്ലിന ടര്‍നേവ തുടങ്ങിയ വലിയ നിരയുണ്ട്. യു എന്നിലെയും ഹാര്‍വാര്‍ഡിലെയും പാരീസ് സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സിലെയും യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനിലെയും കൊളംബിയ-ആസ്റ്റിന്‍ – വിറ്റ് വാട്ടന്‍ തുടങ്ങിയ സര്‍വകലാശാലകളിലെയും വകുപ്പ് തലവന്‍മാരും അക്കാദമീഷ്യന്‍മാരുമടങ്ങിയ ഈ നിരക്ക് ഇനിയും ഏറെ നീളമുണ്ട്.
രാഷ്ട്ര തന്ത്രജ്ഞതയുടെ ബാലപാഠങ്ങള്‍ പോലും പാലിക്കാതെയാണ് കേന്ദ്ര ഭരണകൂടം നിരന്തരം മുന്നോട്ട് പോകുന്നത്. രാഷ്ട്രശില്‍പ്പികളായ മുന്‍ഗാമികളെ വ്യക്തിപരമായി അധിക്ഷേപിക്കുക, രാഷ്ട്രപിതാവിന്റെ പേര് പോലും പദ്ധതിയില്‍ നിന്ന് മാറ്റുക, മുന്‍ സര്‍ക്കാറുകളുടെ നേട്ടങ്ങളെയും പദ്ധതികളെയും അപകര്‍ഷതയോടെ സമീപിക്കുക തുടങ്ങിയവ മോദി സര്‍ക്കാറിന്റെ പതിവുശൈലിയാണ്. മുന്‍ഗാമികളുടെ പദ്ധതികള്‍ നിര്‍ലജ്ജം പേര് മാറ്റി അവതരിപ്പിച്ച് മേനി നടിക്കുന്നു. നിര്‍മല്‍ ഭാരത് അഭിയാന്‍ സ്വച്ഛ് ഭാരത് മിഷനായും ഇന്ദിരാ ആവാസ് യോജന പ്രധാനമന്ത്രി ആവാസ് യോജനയായും നാഷനല്‍ മാനുഫാക്ചറിംഗ് പോളിസി മെയ്ക്ക് ഇന്‍ ഇന്ത്യയായും മാറി. നാഷനല്‍ ഇ ഗവേര്‍ണന്‍സ് പ്ലാന്‍ ഡിജിറ്റല്‍ ഇന്ത്യയായും എല്‍ പി ജി ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍ പഹല്‍ ആയും യൂനിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം മിഷന്‍ ഇന്ദ്രധനുസ്സായും മാറി. ജന്‍ ഔഷധി സ്‌കീം പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയായും സ്വാവലംബന്‍ യോജന അടല്‍ പെന്‍ഷന്‍ യോജനയായും രാഷ്ട്രീയ കൃഷിവികാസ് യോജന പരമ്പരാഗത് കൃഷി വികാസ് യോജനയായും മാറി. ജവഹര്‍ലാല്‍ നെഹ്റു നാഷനല്‍ അര്‍ബന്‍ റിനീവല്‍ മിഷന്‍ അമൃത് ആയും മാനേജ്‌മെന്റ് ഓഫ് സോയില്‍ എര്‍ത്ത് മിഷന്‍ സോയില്‍ എര്‍ത്ത് കാര്‍ഡായും രാജീവ് ഗാന്ധി ഗ്രാമീണ്‍ വിദ്യുത്കിരണ്‍ യോജന ദീന്‍ദയാല്‍ ഗ്രാമജ്യോതി യോജനയായും മാറി. ബേസിക് സേവിംഗ് ബേങ്ക് ഡെപോസിറ്റ് അക്കൗണ്ട് മാറിയത് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന എന്നായിരുന്നു. പോയ കാല സംഭാവനകളെയും രാഷ്ട്ര നായകരെയും പദ്ധതികളെയും ഇത്രമാത്രം സങ്കുചിതമായി വീക്ഷിച്ച മറ്റൊരു സര്‍ക്കാര്‍ ജനാധിപത്യ പരിസരത്തെവിടെയുമില്ല. മുന്‍കാലങ്ങളില്‍ ഇത്തരം രീതികള്‍ അവലംബിച്ചു പോന്നത് സ്വേച്ഛാധിപതികള്‍ മാത്രമാണ്.
പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് 2014ല്‍ മോദി അധികാരത്തിലേറിയത്. അത് പാലിക്കാനായില്ല എന്ന് മാത്രമല്ല, നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മാ നിരക്കിലേക്ക് രാജ്യം കൂപ്പുകുത്തുകയും ചെയ്തു. രാജ്യത്ത് അവശേഷിക്കുന്ന തൊഴിലവസരങ്ങളുടെ അക്ഷയപാത്രമാണ് ഇപ്പോള്‍ തല്ലിയുടക്കുന്നത്.
മതിയായ ചര്‍ച്ചയും സംവാദവുമില്ലാതെ പാര്‍ലിമെന്റില്‍ നിയമങ്ങള്‍ ചുട്ടെടുക്കുന്നു. അജ്ഞാത താത്പര്യങ്ങള്‍ക്കു വേണ്ടി വിചിത്രമായതെന്തും സംഭവിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റി. ക്രമക്കേടും തട്ടിപ്പും വഴി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച്, മാധ്യമങ്ങളെ വിലക്കെടുത്ത്, ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി നീങ്ങുന്ന കേന്ദ്ര ഭരണത്തിനിരയാകുന്നത് ന്യൂനപക്ഷങ്ങളും ദളിതരും പാര്‍ശ്വവത്കൃതരും അടങ്ങുന്ന പട്ടിണി പാവങ്ങളാണ്. ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ.





