Kerala
വടകരയില്‍ അടച്ചിട്ട വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച
മന്നമ്പത്ത് സുബൈറിന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയുമാണ് കളവുപോയത്
കോഴിക്കോട് | വടകര ചെക്കോട്ടി ബസാറില്‍ അടച്ചിട്ട വീടിന്റെ വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. മന്നമ്പത്ത് സുബൈറിന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയുമാണ് കളവുപോയത്. രണ്ടു ദിവസമായി വീട്ടില്‍ ആളുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വൈകീട്ട് സുബൈറിന്റെ ഭാര്യ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലാവുന്നത്.
ഇരുനില വീടിന്റെ താഴെ നിലയിലെ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു സ്വര്‍ണവും പണവും. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. വീട്ടിലെ എല്ലാ മുറികളിലെയും അലമാരയും മേശയും തുറന്നിട്ട നിലയിലും സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലുമായിരുന്നു.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. വടകര ഡിവൈ. എസ്. പി സനല്‍ കുമാര്‍, സി.ഐ കെ. മുരളീധരന്‍, എസ്.ഐ രഞ്ജിത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി.

