Connect with us

Kerala

ആലിന്‍ ഷെറിന്‍ അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലന്‍സ് കുതിച്ചെത്തി; അഞ്ചു കുഞ്ഞുങ്ങളിലൂടെ അവള്‍ ജീവിക്കും

അതി സാഹസികമായ വേഗത്തില്‍ കിംസ് ആശുപത്രിയിലാണ് അവയവം എത്തിച്ചത്

Published

|

Last Updated

തിരുവനന്തപുരം | പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. ആലിന്‍ ഷെറിന്‍ അബ്രഹാം ഇനി അഞ്ചു കുരുന്നുകളിലൂടെ ജീവിക്കും.

അതി സാഹസികമായ വേഗത്തില്‍ കിംസ് ആശുപത്രിയിലാണ് അവയവം എത്തിച്ചത്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരള്‍ മാറ്റിവെക്കുന്നത്. ശേഷം കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും എത്തിക്കും.

മൂന്ന് മണിക്കൂര്‍ എടുത്താണ് എറണാകുളത്തുനിന്ന് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് എത്തിയത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സിന് ട്രാഫിക് നിയന്ത്രിച്ച് ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പെട്ടെന്ന് കടന്നുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും പോലീസ് ഒരുക്കിയിരുന്നു. കോട്ടയത്ത് ആലിന്റെ ജീവനെടുത്ത അപകടം നടന്ന പള്ളം എന്ന സ്ഥലം വഴിയാണ് കുഞ്ഞിന്റെ അവയവവും കൊണ്ടുള്ള ആംബുലന്‍സ് കടന്നുപോയത്.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ കുഞ്ഞ് ആലിന്‍ ഷെറിന്‍ അബ്രഹാമിന് ഒരു റോഡപകടത്തെത്തുടര്‍ന്നാണ് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌കമരണം സംഭവിച്ചത്. കുഞ്ഞിന്റെ മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. ആശുപത്രി അധികൃതര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കുഞ്ഞിന് വിട നല്‍കിയത്. ആലിന്‍ ഇനിയില്ലെങ്കിലും മറ്റ് കുരുന്നുകള്‍ക്ക് അവള്‍ ജീവന്‍ നല്‍കുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന്‍ റെജി സാമുവല്‍ പറഞ്ഞു.

 

Latest