Kerala
തുഗ്ലക്ക് പരിഷ്‌കാരമെന്ന ആക്ഷേപം; ചെന്നിത്തലക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി
സ്‌കൂളുകള്‍ അടച്ചുപൂട്ടി, കുഞ്ഞുങ്ങള്‍ തെരുവിലിറങ്ങേണ്ടി വന്ന യു ഡി എഫ് കാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയെ താറടിക്കുന്ന ഏത് പരാമര്‍ശവും എതിര്‍ക്കപ്പെടേണ്ടതുണ്ട്.
തിരുവനന്തപുരം | സംസ്ഥാനത്ത് സ്‌കൂളുകളിലെ പാഠപുസ്തക വിതരണം നേരത്തെ നടത്തുന്നത് തുഗ്ലക്ക് പരിഷ്‌കാരമാണെന്ന കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്തകങ്ങള്‍ സമയത്ത് ലഭിക്കാത്തതു കാരണം സ്‌കൂളുകള്‍ അടച്ചുപൂട്ടി, കുഞ്ഞുങ്ങള്‍ തെരുവിലിറങ്ങേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു. യു ഡി എഫ് ഭരണത്തിലായിരുന്നു അത്. അക്കാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയെ താറടിച്ചു കാണിക്കാനുള്ള ഏത് ശ്രമവും എതിര്‍ക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി എഫ് ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. കുട്ടി അടുത്ത ക്ലാസിലേക്ക് ജയിച്ചോ എന്നറിയാതെയാണ് പാഠപുസ്തക വിതരണമെന്നായിരുന്നു ഇതിനോടുള്ള രമേശ് ചെന്നിത്തലയുടെ പ്രതികരണം. എട്ടാം ക്ലാസിലെ വിദ്യാര്‍ഥി ഒമ്പതിലേക്ക് ജയിച്ചോ എന്ന് തീരുമാനിക്കുന്നത് ശിവന്‍കുട്ടിയാണോ എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. ‘പരീക്ഷാ പേപ്പര്‍ നോക്കണ്ടേ. എന്തെല്ലാം തുഗ്ലക്ക് പരിഷ്‌കാരങ്ങളാണ്?. തങ്ങള്‍ പുസ്തകം നേരത്തേ അടിച്ചു എന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം. അതെന്താ വലിയ ഭരണനേട്ടമാണോ?. കേരളത്തില്‍ നേരത്തേ പുസ്തകം കൊടുത്തിട്ടില്ലേ?, പണ്ട് എഴുത്തോലയിലായിരുന്നു എഴുതി പഠിച്ചിരുന്നത്’ എന്നും ചെന്നിത്തല ചോദിച്ചു. ഇതിന് മറുപടിയുമായി ശിവന്‍കുട്ടിയും രംഗത്തെത്തി. മഴവില്ലിലെ വര്‍ണങ്ങളെ കുറിച്ച് പഠിപ്പിക്കാന്‍ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിച്ചവരാണ് പാഠപുസ്തകം നേരത്തെ എത്തിച്ചപ്പോള്‍ തുഗ്ലക്ക് പരിഷ്‌കാരം എന്ന് പറയുന്നതെന്നായിരുന്നു മറുപടി.
തുടര്‍ന്ന് മുഖ്യമന്ത്രിയും പ്രതികരണവുമായി രംഗത്തെത്തി. ചെന്നിത്തലയുടെ പരിഹാസം നാടിന് നേരെയുള്ളതായിപ്പോയെന്ന് പാഠപുസ്തക, സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കവേ മുഖ്യമന്ത്രി പറഞ്ഞു. പണ്ട് എഴുത്തോലയില്‍ ആണ് എഴുതി പഠിച്ചുകൊണ്ടിരുന്നതെന്ന് ഇപ്പോള്‍ പറയേണ്ട കാര്യമെന്താണ്. ഇന്ന് എഴുത്തോലയില്‍ പഠിക്കണം എന്ന് ആരെങ്കിലും പറയുമോ? മുമ്പ് എഴുത്തോലയില്‍ എഴുതി പഠിക്കുമ്പോള്‍ അക്ഷരം നിഷേധിച്ചിരുന്ന നിരവധി പേര്‍ ഉണ്ടായിരുന്നു. അവിടെ നിന്നും നമ്മുടെ നാട് മാറി. പത്ത് വര്‍ഷം മുന്‍പുള്ള കെടുകാര്യസ്ഥതയ്ക്ക് നേതൃത്വം കൊടുത്ത ഉത്തരവാദിയായ മനുഷ്യനാണ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കാര്യമില്ലെന്ന് പറയുന്നത്. ഇങ്ങനെയുള്ള പ്രതികരണം കൊണ്ട് ഏതെങ്കിലും തരത്തില്‍ പാഠപുസ്തക വിതരണം വൈകിപ്പിക്കുക എന്നത് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കുട്ടികളെ സംബന്ധിച്ചും അവരുടെ കുടുംബങ്ങളെ സംബന്ധിച്ചും അത് പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതോടെ പാഠപുസ്തകം നേരത്തേ വിതരണം ചെയ്യുന്നതിനെ അല്ല വിമര്‍ശിച്ചത് എന്ന വിശദീകരണവുമായി ചെന്നിത്തലയെത്തി. പാഠപുസ്തകം നേരത്തേ കൊടുക്കുന്നതില്‍ കുഴപ്പമില്ലെന്നും അതൊരു ഭരണ നേട്ടമായി ആഘോഷിക്കേണ്ടതില്ല എന്നാണ് പറഞ്ഞതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. യുഡിഎഫ് കാലത്തും പാഠപുസ്തകം സമയത്ത് കൊടുത്തിട്ടുണ്ട്. അബ്ദുറബ്ബിന്റെ കാലത്ത് മാത്രമാണ് പുസ്തക വിതരണം വൈകിയത്. അതിന് അതിന്റേതായ സാങ്കേതിക കാരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ എഫ് ബി കുറിപ്പിന്റെ പൂര്‍ണ രൂപം:
അധ്യയന വര്‍ഷം ആരംഭിച്ചിട്ടും പഠിക്കാന്‍ പാഠപുസ്തകങ്ങള്‍ ലഭിക്കാതെ നമ്മുടെ കുഞ്ഞുങ്ങള്‍ വലഞ്ഞിരുന്ന കെട്ട കാലം കേരളത്തിനുണ്ടായിരുന്നുവല്ലോ. ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം ചെയ്തു ക്ലാസ് നടത്തിയിരുന്ന അക്കാലത്ത് നിന്നും അധ്യയന വര്‍ഷം തീരുമ്പോഴേക്ക് അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന നിലയിലേക്ക് നമ്മുടെ നാട് വളര്‍ന്നിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി 2026-27 അധ്യയന വര്‍ഷം ആരംഭിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ, 5.9 കോടി പാഠപുസ്തകങ്ങളുടെയും 8 ലക്ഷം കൈത്തറി യൂണിഫോമുകളുടെയും സംസ്ഥാന തല വിതരണത്തിന് ഇന്ന് നാം തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ മൂലം സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ പ്രതിഫലനമാണിത്. ഈ നേട്ടത്തെ മുന്‍ പ്രതിപക്ഷ നേതാവ് ‘തുഗ്ലക്ക് പരിഷ്‌കാരം’ എന്ന് ആക്ഷേപിച്ചത് പരിഹാസ്യവും അപലപനീയവുമാണ്. സ്‌കൂളുകള്‍ അടച്ചുപൂട്ടി, കുഞ്ഞുങ്ങള്‍ തെരുവിലിറങ്ങേണ്ടി വന്ന യുഡിഎഫ് ഭരണകാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള നമ്മുടെ വളര്‍ച്ചയെ താറടിക്കുന്ന ഏത് പരാമര്‍ശവും എതിര്‍ക്കപ്പെടേണ്ടതുണ്ട്. അധിക്ഷേപങ്ങള്‍ക്ക് തെല്ലും വില കല്‍പിക്കാതെ നമുക്ക് മുന്നോട്ട് പോകാം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ശോഭനമായ ഭാവി ആശംസിക്കുന്നു.


