Kerala
വിശ്വാസികളല്ലാത്തവര്‍ അമ്പലം ഭരിക്കുമ്പോള്‍ കണ്ണ് സമ്പത്തില്‍ മാത്രം: കെ സി വേണുഗോപാല്‍
ശബരിമല അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന ഏറ്റവും വലിയ കൊള്ള ഹൈക്കോടതി പരിശോധിക്കണം
കോട്ടയം | വിശ്വാസികളല്ലാത്തവര്‍ അമ്പലം ഭരിക്കുമ്പോള്‍ കണ്ണ് സമ്പത്തില്‍ മാത്രമാണെന്ന് തെളിയിക്കുന്നതാണ് ശബരിമല അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന ഏറ്റവും വലിയ കൊള്ളയിലൂടെ പുറത്തുവരുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം പി പറഞ്ഞു.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നാടിനെ ലജ്ജിപ്പിക്കുന്ന കാര്യങ്ങളാണ്. നിയമസഭയില്‍ പോലും മന്ത്രി കള്ളം പറയുകയാണ്. വിഷയം ഹൈക്കോടതി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കൊള്ള വെള്ളപൂശാനാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. അമ്പല നടത്തിപ്പിനായി ചുമതലപ്പെടുത്തിയ ആളുകള്‍ നടത്തുന്ന കൊള്ള നിയന്ത്രിക്കാന്‍ ഇവിടെ സര്‍ക്കാരില്ല. സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നതും ആരോപിച്ചു.
ദേവസ്വം മന്ത്രി നിയമസഭയില്‍ പറഞ്ഞതിന്റെ നേരെ വിപരീതമാണ് ഹൈക്കോടതി നിയമിച്ച ഓഡിറ്റ് കമ്മിറ്റി റിപ്പോര്‍ട്ട്. ആര്‍ക്ക് വേണ്ടിയാണ് മന്ത്രി കള്ളം പറയുന്നത്? കള്ളങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുക്കുന്ന അവസ്ഥയിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നുവെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.ആഗോള അയ്യപ്പ സംഗമം നടത്തിയപ്പോള്‍ മന്ത്രി പറഞ്ഞത് ഗവണ്‍മെന്റാണ് നടത്തുന്നതെന്നാണ്.
ഭജന പാടിയതിന് കള്ളക്കണക്കുണ്ടാക്കുക എന്നതൊന്നും കേട്ട് കേള്‍വിപോലുമുള്ള കാര്യമല്ലല്ലോ. അയ്യപ്പ സംഗമത്തിന്റെ മേനി മുഴുവന്‍ സര്‍ക്കാരിനാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനാണ് ഉത്തരവാദിത്തമെന്ന് പറയുന്നു. മന്ത്രി രാജി വെക്കേണ്ട കാര്യമില്ല. ഉളുപ്പുള്ളവരല്ലേ രാജി വെക്കുകയുള്ളൂവെന്നും ജനങ്ങള്‍ പുറത്താക്കാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


