National
ഖലീലുല്‍ ബുഖാരി തങ്ങളുടെ ബംഗാള്‍ യാത്രക്ക് പ്രൗഢമായ സമാപനം
റൂട്ട്ഡ് 2026 ;തൈബ ഗാര്‍ഡന്‍ റമളാന്‍ ഇന്റേണ്‍ഷിപ്പ് ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ബംഗാള്‍ യാത്രാ നായകനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയെ ഇസ്ലാംപൂരില്‍ ഭഗവാന്‍പൂര്‍ചൗകിലെ സ്വീകരണ സമ്മേളനത്തിലേക്ക് ആനയിക്കുന്നു
കൊല്‍ക്കത്ത | ബംഗാളിലെ വിവിധ ഗ്രാമങ്ങളിലൂടെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നടത്തിയ ബംഗാള്‍ യാത്രക്ക് പ്രൗഢമായ സമാപനം. യാത്രയില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, മത പണ്ഡിതര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സ്ഥാപന മേധാവികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വിവിധ ഗ്രാമങ്ങളില്‍ സന്ദര്‍ശിച്ചു.
അവരില്‍ നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി ചര്‍ച്ച ചെയ്തു നടപ്പിലാക്കുമെന്ന് ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. എസ് എസ് എഫ് നാഷണല്‍ ലീഡറും തൈബ ഗാര്‍ഡന്‍ ഡയക്ടറുമായ സുഹൈറുദ്ധീന്‍ നൂറാനി ഉപനായകനായിരുന്നു.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സാമൂഹിക-സാംസ്‌കാരിക സാഹചര്യങ്ങള്‍ അടുത്തറിയാനും ദഅ്വാ-സാമൂഹിക സേവന രംഗങ്ങളില്‍ വിദ്യാര്‍ത്ഥികളെ പ്രൊഫഷണലായി സജ്ജമാക്കാനുമായി തൈബ ഗാര്‍ഡന്‍ വെസ്റ്റ് ബംഗാള്‍ സംഘടിപ്പിക്കുന്ന 21 ദിവസത്തെ റെസിഡന്‍ഷ്യല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ‘Rooted 2026’ ലോഞ്ച് ഖലീലുല്‍ ബുഖാരി തങ്ങള്‍ നിര്‍വഹിച്ചു. കൊല്‍ക്കത്ത സിറ്റി എക്‌സ്‌പ്ലോറിങ്, ചരിത്രപ്രസിദ്ധമായ ഇസ്ലാമിക് ഹെറിറ്റേജ് സൈറ്റുകളിലേക്കുള്ള സന്ദര്‍ശനം എന്നിവ ക്യാമ്പിന്റെ ഭാഗമായിരിക്കും. കൂടാതെ, സാമൂഹ്യ സേവന മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള സംവാദങ്ങള്‍, അനുഭവങ്ങള്‍ പങ്കുവെക്കല്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് പുതിയ കാഴ്ചപ്പാടുകള്‍ നല്‍കും.
ഉത്തരേന്ത്യന്‍ ജനജീവിതം പഠിച്ച് സാമൂഹിക ഉന്നമനത്തിനായുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നതോടൊപ്പം, നേതൃത്വ ഗുണങ്ങള്‍, സംഘാടന ശേഷി, സാംസ്‌കാരിക ബോധവല്‍ക്കരണം എന്നിവയിലും പരിശീലനം നല്‍കും. സാമൂഹ്യ സേവനത്തിന്റെ ബാലപാഠങ്ങള്‍, ഇന്‍സ്റ്റിറ്റിയൂഷന്‍ രജിസ്‌ട്രേഷന്‍ മുതല്‍ അതിന്റെ നടത്തിപ്പ് എന്നിവ കരിക്കുലത്തിന്റെ ഭാഗമാണ്.
കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുമ്പോള്‍ നേരിടുന്ന ഭാഷാപരമായ വെല്ലുവിളികളും കര്‍മശാസ്ത്രപരമായ വ്യത്യാസങ്ങളും മറികടക്കാന്‍ ക്യാമ്പ് വിദ്യാര്‍ഥികളെ പ്രാപ്തരാക്കും. തദ്ദേശീയ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്. ഫെബ്രുവരി 25-ന് കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന ക്യാമ്പ്, തൈബ ഗാര്‍ഡനിലെ റമളാന്‍ 27-ാം രാവിന്റെ ആത്മീയ നിര്‍ഭരമായ ദുആ മജ്‌ലിസോടെ സമാപിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 7025022812 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

