National
ഉന്നാവോ ബലാത്സംഗക്കേസ്: ബി ജെ പി മുന്‍ നേതാവിന്റെ ജീവപര്യന്തം ശിക്ഷക്ക് സസ്‌പെന്‍ഷന്‍; ജാമ്യമനുവദിച്ച് കോടതി
ഡല്‍ഹി ഹൈക്കോടതിയാണ് പ്രതി കുല്‍ദീപ് സിങ് സേംഗറിന്റെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ന്യൂഡല്‍ഹി | യു പിയിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ബി ജെ പി മുന്‍ നേതാവിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് പ്രതി കുല്‍ദീപ് സിങ് സേംഗറിന്റെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിധി ചോദ്യം ചെയ്ത് സേംഗര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാകും വരെയാണ് സസ്‌പെന്‍ഷന്‍. ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദും ഹരീഷ് വൈദ്യനാഥന്‍ ശങ്കറുമടങ്ങിയ ബഞ്ചിന്റേതാണ് വിധി. സേംഗറിന്റെ അപ്പീല്‍ ജനുവരി 16ന് ഹൈക്കോടതി പരിഗണിക്കും.
15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്റെയും തത്തുല്യമായ മൂന്ന് ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം. അതിജീവിതയുടെ ഡല്‍ഹിയിലെ വീടിന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ പോകരുത്, എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിന് പോലീസ് സ്റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണം, പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ കെട്ടിവെക്കണം, അപ്പീല്‍ തീര്‍പ്പാക്കും വരെ ഡല്‍ഹിയില്‍ തുടരണം എന്നിവ ജാമ്യവ്യവസ്ഥയിലുണ്ട്. അതിജീവിതയെയോ അവരുടെ അമ്മയെയോ ഭീഷണിപ്പെടുത്തരുതെന്നും നിര്‍ദേശിച്ച ഹൈക്കോടതി, വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പു നല്‍കി.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 2017 ജൂണ്‍ 11നും 20നുമിടയില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് 60,000 രൂപക്ക് വില്‍ക്കുകയും ചെയ്‌തെന്നാണ് കേസ്. അലഹബാദ് ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് പോക്‌സോ കേസില്‍ സേംഗര്‍ അറസ്റ്റിലായത്.




