International
വിമാനാപകടം; ലിബിയന്‍ സൈനിക മേധാവി മരിച്ചു
ജനറല്‍ മുഹമ്മദ് അലി അഹമ്മദ് അല്‍-ഹദ്ദാദ് ആണ് മരിച്ചത്. അദ്ദേഹത്തെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലുപേര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി.
അങ്കാറ | ലിബിയന്‍ സൈനിക മേധാവിക്ക് വിമാനാപകടത്തില്‍ അന്ത്യം. ജനറല്‍ മുഹമ്മദ് അലി അഹമ്മദ് അല്‍-ഹദ്ദാദ് ആണ് മരിച്ചത്. ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി അങ്കാറയില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അദ്ദേഹത്തെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലുപേര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. അങ്കാറയിലെ എസന്‍ബോഗ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ഹൈമാന മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. ജനറല്‍ മുഹമ്മദ് അലി അഹമ്മദ് അല്‍-ഹദ്ദാദ് സഹയാത്രികരും അപകടത്തില്‍ മരിച്ചതായി ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍-ഹമീദ് ദബെയ്ബ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
തുര്‍ക്കി-ലിബിയ ഉഭയകക്ഷി സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച ഉന്നതതല പ്രതിരോധ ചര്‍ച്ചകളില്‍ സംബന്ധിക്കുന്നതിനാണ് അല്‍ ഹദ്ദാദ് തുര്‍ക്കിയിലെത്തിയത്.


