Uae
റാസ് അല്‍ ഖൈമയിലെ പ്രധാന റോഡില്‍ വേഗപരിധി കുറച്ചു
മാറ്റം അപ്ലൈഡ് ടെക്‌നോളജി സ്‌കൂള്‍ മുതല്‍ അല്‍ ഖറാന്‍ റൗണ്ട് എബൗട്ട് വരെ.
റാസ് അല്‍ ഖൈമ | റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റാസ് അല്‍ ഖൈമയിലെ ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റില്‍ (ഇ 18) വേഗപരിധി കുറയ്ക്കാന്‍ പോലീസ് തീരുമാനിച്ചു. നിലവിലെ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായാണ് വേഗത കുറച്ചത്. 2026 ജനുവരി ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
അപ്ലൈഡ് ടെക്‌നോളജി സ്‌കൂള്‍ മുതല്‍ അല്‍ ഖറാന്‍ റൗണ്ട് എബൗട്ട് വരെയുള്ള ഭാഗത്താണ് വേഗപരിധിയില്‍ മാറ്റം വരുത്തിയത്. ഇവിടങ്ങളില്‍ റഡാര്‍ പരിധി 101 കിലോമീറ്ററിലായിരിക്കും സജ്ജീകരിക്കുക. എമിറേറ്റിലെ പ്രധാന പാതകളിലൊന്നായ ഇ 18ല്‍ തിരക്ക് വര്‍ധിച്ചതും പാത ജനവാസ, വാണിജ്യ മേഖലകളിലൂടെ കടന്നുപോകുന്നതുമാണ് വേഗപരിധി കുറക്കാന്‍ കാരണം.
അപകടങ്ങള്‍ കുറക്കാനും ഗതാഗത സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് റാസ് അല്‍ ഖൈമ പോലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍ സാം അല്‍ നഖ്ബി പറഞ്ഞു.
ഡ്രൈവര്‍മാര്‍ റോഡ് നിയമങ്ങള്‍ പാലിക്കണമെന്നും ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇതിനനുസരിച്ച് റോഡിലെ ക്യാമറകള്‍ ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.




