Connect with us

രാഷ്ട്രം / ഗോവധം

2025ലെ പശു മാംസഭുക്കോ?

ബി ജെ പി ഭരണമുള്ള എല്ലാ സംസ്ഥാനങ്ങളും ഡ്രാക്കോണിയന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അവയനുസരിച്ച് പോത്തിനെ കൊല്ലുന്നതും കടത്തുന്നതും ഇറച്ചി കൈവശം വെക്കുന്നതും തിന്നുന്നതുമെല്ലാം ജാമ്യമില്ലാത്ത കൊടുംപാതകങ്ങള്‍.

Published

|

Last Updated

രാജ്യത്തെ അതിദരിദ്രാവസ്ഥയില്‍ നിന്നും കര്‍ഷക തൊഴിലാളി ദ്രോഹനടപടികളില്‍ നിന്നും സാമ്രാജ്യത്വ ദാസ്യത്തില്‍ നിന്നും ന്യൂനപക്ഷ വേട്ടകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഗോപൂജയുടെ എളുപ്പവഴിയാണ് സംഘ്പരിവാരം ആശ്രയിച്ചുവരുന്നത്. ബി ജെ പി ഭരണമുള്ള എല്ലാ സംസ്ഥാനങ്ങളും ഡ്രാക്കോണിയന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുമാണ്. അവയനുസരിച്ച് പോത്തിനെ കൊല്ലുന്നതും കടത്തുന്നതും ഇറച്ചി കൈവശം വെക്കുന്നതും തിന്നുന്നതുമെല്ലാം ജാമ്യമില്ലാത്ത കൊടുംപാതകങ്ങള്‍. കാളകളെ വാഹനങ്ങളില്‍ കൊണ്ടുപോയാല്‍ ഏഴ് മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും ഒരുലക്ഷം വരെ പിഴയുമാണ് ഗുജറാത്തില്‍. സംസ്ഥാനത്തിന്റെ “പവിത്ര’ സംസ്‌കാരം പരിപൂര്‍ണമായും സസ്യാഹാരത്തിലേക്ക് മാറ്റുകയാണത്രെ ലക്ഷ്യം.

2011ല്‍ നരേന്ദ്ര മോദി ഭരിച്ച വേളയില്‍ ഗോവധത്തിനുള്ള ശിക്ഷ കൂട്ടിയിരുന്നു. നേരത്തേ ഇറച്ചി കൈവശം വെക്കലോ വില്‍പ്പനയോ കന്നുകാലി കടത്തോ കുറ്റകരമായിരുന്നില്ല. അദ്ദേഹം അവയെല്ലാം ശിക്ഷാര്‍ഹമാക്കി. ഗോവധത്തിന് ഇറങ്ങുന്നവര്‍ക്ക് തൂക്കിക്കൊല നേരിടേണ്ടിവരുമെന്നാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ഭീഷണി. ഒന്നര പതിറ്റാണ്ടായി ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് അത്തരം സംഭവങ്ങള്‍ ഇല്ലാതായത് നിയമ കാര്‍ക്കശ്യത്തിന്റെ നേട്ടമാണെന്നും അവകാശപ്പെട്ടു. മോദി സര്‍ക്കാറിന്റെ യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ മാതൃകയില്‍ പശുക്കള്‍ക്ക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന ഫലിതമാണ് ഹരിയാനയില്‍ നിന്ന് കേട്ടത്. പശുവിന്റെ കഴുത്തിലെ ടാഗില്‍ ഫോട്ടോയടക്കം എല്ലാ വിവരങ്ങളുമുണ്ടാകുമെന്നും പശുവിന്റെ ദൈനംദിന വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഉടമക്ക് പ്രത്യേക ബുക്ക്‌ലറ്റ് നല്‍കുമെന്നും ഉത്തരവുണ്ടായി.

കാളയെ അറുത്താല്‍ വധശിക്ഷ

ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ ബിസാദ ഗ്രാമത്തില്‍ പശുവിനെ കൊന്നുവെന്നും മാംസം വീട്ടില്‍ സൂക്ഷിച്ചുവെന്നും ആരോപിച്ച് പ്രാദേശിക ബി ജെ പി നേതാവിന്റെ മകന്റെ നേതൃത്വത്തില്‍ 2015 സെപ്തംബര്‍ 28ന് മുഹമ്മദ് അഖ്‌ലാഖിനെ വധിച്ചതിന് ഒരു പതിറ്റാണ്ടിനു ശേഷം പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യോഗി ആദിത്യനാഥ് ഭരണം നീക്കം നടത്തിയത് സംഭവത്തേക്കാള്‍ ഭയാനകം. പശുവിനെ അറുത്തതായി ക്ഷേത്രത്തില്‍ നിന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് അദ്ദേഹത്തെയും മകന്‍ ഡാനിഷിനെയും വലിച്ചിഴച്ച് കൊണ്ടുപോയി വടികളും ഇഷ്ടികകളും ഉപയോഗിച്ച് അബോധാവസ്ഥയിലാകും വരെ ആക്രമിച്ചു. അഖ്‌ലാഖ് നോയിഡ ആശുപത്രിയില്‍ മരിച്ചു, തലക്ക് ഗുരുതരമായി പരുക്കേറ്റ് മേജര്‍ ശസ്ത്രക്രിയക്ക് വിധേയനായ ഡാനിഷ് രക്ഷപ്പെട്ടു. അഖ്‌ലാഖിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

2015 ഡിസംബര്‍ 23ന് സൂരജ്പൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 15 പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. അന്തിമ ഫോറന്‍സിക് റിപോര്‍ട്ട് ലഭ്യമല്ലാത്തതിനാല്‍ ഗോമാംസത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശമുണ്ടായില്ല. 2016 ഫെബ്രുവരി ഒമ്പതിന് സെഷന്‍സ് കോടതി കേസ് പരിഗണിക്കുകയും 2016 ഏപ്രിലില്‍ ഫാസ്റ്റ് ട്രാക്കിലേക്ക് മാറ്റുകയും ചെയ്തു. വിചാരണാ ഘട്ടത്തില്‍ 2016 ആഗസ്റ്റ് മൂന്നിന് അഖ്‌ലാഖിന്റെ മകള്‍ ശൈസ്തയുടെ മൊഴി രേഖപ്പെടുത്തി. ഒക്ടോബര്‍ 15ന് സാക്ഷി മൊഴികളിലെ വൈരുധ്യങ്ങളും തെളിവുകളുടെ പ്രശ്നങ്ങളും ചൂണ്ടി എല്ലാ പ്രതികള്‍ക്കുമെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു പി സര്‍ക്കാര്‍ ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ വകുപ്പ് 321 പ്രകാരം അപേക്ഷ നല്‍കി.

സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ഗൗതം ബുദ്ധ നഗറിലെ അസ്സിസ്റ്റന്റ് ജില്ലാ ഗവണ്‍മെന്റ്കൗണ്‍സല്‍ ഭാഗ് സിംഗ് ഭാട്ടി ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ വകുപ്പ് 321 പ്രകാരം 2025 ആഗസ്റ്റ് 26ന് പ്രാദേശിക കോടതിയില്‍ വീണ്ടും കേസ് പിന്‍വലിക്കല്‍ അപേക്ഷ നല്‍കി. കൊലപാതകക്കുറ്റം പിന്‍വലിക്കുന്നത് കൂടുതല്‍ ആള്‍ക്കൂട്ടക്കൊലകള്‍ക്ക് കാരണമാകുമെന്ന് വ്യക്തമാക്കി അഖ്‌ലാഖിന്റെ കുടുംബം നോയിഡ ഫാസ്റ്റ് ട്രാക്ക് കോടതിയെയും അലഹബാദ് ഹൈക്കോടതിയെയും സമീപിക്കുകയും ചെയ്തു. തെളിവുകളുടെ അഭാവം എന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാകില്ല. വടികളും ഇഷ്ടികകളും ഉപയോഗിച്ച് നടത്തിയ വധത്തെ കുറഞ്ഞ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയുമോ?

ഇത്തരം സംഭവത്തില്‍ കേസ് പിന്‍വലിക്കുന്നത് ആള്‍ക്കൂട്ട ആക്രമണ കേസുകളില്‍ ശിക്ഷയില്‍ നിന്ന് മുക്തി നേടുന്നതിന് ഫലപ്രദമായി നിയമസാധുത നല്‍കുന്ന കീഴ് വഴക്കം സൃഷ്ടിക്കും. അത് ഒടുവില്‍ കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമാകുമെന്നും വാദിച്ചു. അഖ്‌ലാഖിന്റെ കുടുംബത്തെ സംബന്ധിച്ച് കേസ് പിന്‍വലിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമം നിയമപരമായ നീക്കം മാത്രമല്ല, ധാര്‍മിക പിന്മാറ്റം കൂടിയാണ്. അഖ്‌ലാഖ് വധക്കേസില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ തേടിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകര്‍. ക്രിമിനല്‍ നിയമപ്രകാരമുള്ള വിവേചനാധികാരത്തിന്റെ ദുരുപയോഗത്തിന് തുല്യമാണ് സര്‍ക്കാര്‍ ഹരജിയെന്ന് അവര്‍ വാദിക്കുന്നു. പൊതുതാത്പര്യം അല്ലെങ്കില്‍ സാമുദായിക ഐക്യം എന്ന അവ്യക്തമായ അവകാശവാദങ്ങള്‍ ഉന്നയിച്ച് കൊലപാതകവും ആള്‍ക്കൂട്ട ആക്രമണവും ഉള്‍പ്പെട്ട കേസില്‍ എക്‌സിക്യൂട്ടീവിന് പ്രോസിക്യൂഷന്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും വിശദീകരിച്ചു.

സമയബന്ധിതവും ഫലപ്രദവുമായ വിചാരണ ഉറപ്പാക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടപ്പോള്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസം സംബന്ധിച്ച തര്‍ക്കത്തിലുള്ള ഫോറന്‍സിക് റിപോര്‍ട്ടുകള്‍ക്കു നേരെ ചോദ്യമുയര്‍ത്തുകയുമുണ്ടായി. ദൃക്‌സാക്ഷി വിവരണങ്ങളെയും ആക്രമണ സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള കൊലപാതകക്കുറ്റത്തിന് അതുമായി ഒരു ബന്ധവുമില്ല. ആള്‍ക്കൂട്ടക്കൊലയുടെയും വര്‍ഗീയാക്രമണത്തിന്റെയും ദേശീയ പ്രതീകമായി മാറിയ കേസ് പ്രോസിക്യൂഷന്‍ പിന്‍വലിക്കുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ഗുരുതരമായി തകര്‍ക്കും. വിചാരണ നിശബ്ദമായി അവസാനിപ്പിക്കുന്നതിലൂടെയല്ല മറിച്ച് അത് നടത്തിക്കിട്ടുന്നതിലൂടെയാണ് പൊതുതാത്പര്യം നിറവേറ്റുകയെന്നും വ്യക്തമാക്കി.

കൊലപാതകിക്ക് ആദരങ്ങള്‍

തിരക്കേറിയതും ബഹളമയവുമായ രാജ്യതലസ്ഥാനമായ ഡൽഹിയില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം ദൂരെയാണ് ബിസാദ ഗ്രാമം. അവിടെ വൃത്തിഹീനവും ഉപേക്ഷിക്കപ്പെട്ടതുമായ ആ വീട് ഒരു ദശാബ്ദമായി വെളിച്ചം കാണുകയോ ചിരി കേള്‍ക്കുകയോ ഉണ്ടായിട്ടില്ല. പത്ത് കൊല്ലം കഴിയുമ്പോള്‍ അഖ്‌ലാഖിന്റെ വീട് നാശോന്മുഖമാണ്. ജനിച്ചു വളര്‍ന്ന സ്ഥലത്തേക്ക്, വീട്ടിലേക്കു പോകാന്‍ ഗ്രാമീണര്‍ അനുവദിക്കാത്തതിനാല്‍ താമസം ഡല്‍ഹിയിലാക്കി. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ആ വീട്ടില്‍ വെച്ചാണ് പശുവിനെ അറുത്ത് ഫ്രിഡ്ജില്‍ ഗോമാംസം സൂക്ഷിച്ചുവെന്ന കിംവദന്തി പരത്തി മുഹമ്മദ് അഖ്‌ലാഖിനെ വധിക്കുകയും മകനെ അതിഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തത്. ജീവിച്ചിരിപ്പില്ലാത്ത അഖ്്ലാഖ് പശുവിനെ കൊന്നുവെന്ന കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നത് വിചിത്രമാണ്.

വധക്കേസ് പ്രതികളിലൊരാളായ രവി സിസോദിയ എന്ന റോബിന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ 2016 ഒക്ടോബര്‍ അഞ്ചിന് ഡല്‍ഹിയിലെ ലോക് നായക് ജയ്പ്രകാശ് ആശുപത്രിയില്‍ മരിക്കുകയുണ്ടായി. ആയിരക്കണക്കിനു ഹിന്ദുത്വ ഗ്രാമവാസികള്‍ മൃതദേഹം ഏറ്റുവാങ്ങിയത് ദേശീയ പതാക പുതപ്പിച്ചാണ്. പ്രമുഖ ബി ജെ പി നേതാക്കള്‍ പോലും അതില്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ, സംഗീത് സോം എം എല്‍ എ തുടങ്ങിയവര്‍ ഗ്രാമത്തിലുമെത്തി. ജഡവുമായി ആള്‍ക്കൂട്ടം അഖ്്ലാഖിന്റെ വീട് ഉപരോധിച്ച് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ ആള്‍ക്കൂട്ട കൊലപാതകമായിരുന്നു അത്. 2015 മുതല്‍ പുറത്തുവന്ന നിരവധി ഇത്തരം കേസുകള്‍ക്ക് അതൊരു പ്രേരണയായി. അഖ്‌ലാഖ് വധശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വ്യാപകമാകുകയും ഗോമാതാവ്, പശു ജാഗ്രത, ഗോപൂജ, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ പ്രയോഗങ്ങള്‍ സാമൂഹിക, രാഷ്ട്രീയ, നിയമ നിഘണ്ടുക്കളിലെ സ്വാഭാവിക പ്രയോഗങ്ങളുമായി. താങ്കളുടെ കുടുംബം നേരിട്ട സമാനതകളില്ലാത്ത അക്രമത്തെ ന്യായീകരിക്കുന്നവരോട് എന്താണ് പ്രതികരണമെന്ന് എന്‍ ഡി ടി വിയിലെ “വീ ദി പീപ്പിള്‍’ ഷോയില്‍ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് തിരക്കിയപ്പോള്‍, ഇന്ത്യന്‍ വ്യോമസേനയില്‍ സേവനം ചെയ്യുന്ന അഖ്്ലാഖിന്റെ മൂത്ത മകന്‍ മുഹമ്മദ് സര്‍താജിന്റെ മറുപടി, “സാരേ ജഹാന്‍ സേ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാര’ എന്നായിരുന്നു. ആ വിഷയത്തില്‍ മാധ്യമങ്ങളില്‍ സംസാരിച്ചപ്പോഴെല്ലാം മതനിരപേക്ഷത കൈവിടാന്‍ ആ യുവാവ് തയ്യാറായിരുന്നില്ല. പിതാവിന്റെ മരണം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടരുതെന്നും പ്രതികളെ ശിക്ഷിച്ചാല്‍ മതിയെന്നുമുള്ള ഉറച്ച നിലപാടിലുമായിരുന്നു.

ഞാന്‍ വ്യോമസേനയിലാണ്, കുടുംബത്തെ ഗ്രാമത്തിലെ സുഹൃത്തുക്കളും അയല്‍ക്കാരും പരിപാലിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട് രാജ്യത്തെ സേവിക്കുന്നു. എപ്പോഴും ദേശീയവാദിയായ ഒരാളെന്ന നിലയില്‍ ഇത്തരം സംഭവം എനിക്ക് വളരെ വേദനാജനകമാണ്. അങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ദാദ്രിയിലെ വീട്ടിലേക്ക് ഇഷ്ടികകളും ലാത്തികളുമായി ഇരച്ചുകയറിയ ജനക്കൂട്ടത്തില്‍ പലരും അയല്‍ക്കാരായിരുന്നു. സുഹൃത്തുക്കള്‍ പോലും പെട്ടെന്ന് അക്രമാസക്തരായിമാറി. ഞങ്ങള്‍ക്ക് എല്ലായ്പ്പോഴും അയല്‍ക്കാരുമായി ഊഷ്മള ബന്ധമുണ്ടായി. ഈദിന് ഞങ്ങള്‍ ഭക്ഷണം പങ്കിട്ടു, പരസ്പരം ക്ഷണിച്ചു. പെട്ടെന്ന് ഇതുപോലൊന്ന് സംഭവിക്കുന്നു. അത് സാധ്യമാണെന്ന് ഒരിക്കലും നിനച്ചില്ല. ചില ആളുകള്‍ കാരണം അന്തരീക്ഷം ദുഷിപ്പിക്കപ്പെടുകയാണ്. സമാധാനത്തിനും സാമുദായിക ഐക്യത്തിനും ഞാന്‍ അവരോട് അഭ്യര്‍ഥിക്കുന്നു. സഹാനുഭൂതി കാണിക്കേണ്ട അവസരമാണിതെന്നും സര്‍താജ് അഭ്യര്‍ഥിക്കുകയുണ്ടായി. എയര്‍ ഫോഴ്സില്‍ ചേരാനുള്ള പരിശീലനത്തിലായിരുന്നു ഇളയ മകന്‍ ഡാനിഷും. അക്രമത്തില്‍ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതിനാല്‍ ആ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു.

ബീഫ് കയറ്റുമതിയില്‍ ഇന്ത്യ രണ്ടാമത്

പശുക്കളെ കശാപ്പുചെയ്ത് വിദേശങ്ങളിലേക്ക് കയറ്റിയയക്കുന്ന കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നത് അവസാനിപ്പിക്കൂ, എന്നിട്ട് മതി ഗോമാതാ സ്നേഹമെന്ന് ബി ജെ പിയോട് ആവശ്യപ്പെട്ടത് ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവും ഡല്‍ഹിയില്‍ നിന്നുള്ള രാജ്യസഭാംഗവുമായ സഞ്ജയ് സിംഗാണ്. മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി കുതിച്ചുയര്‍ന്നതായി ലോക മൃഗക്ഷേമ ബോര്‍ഡ് അധ്യക്ഷന്‍ ദയാനന്ദ സ്വാമി ഉഡുപ്പിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതും പ്രധാനം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബീഫ് കയറ്റുമതിയും ഗോവധവും നിരോധിക്കുന്നതില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ പരസ്യമായി വിമര്‍ശിച്ച മോദി മൂന്ന് പ്രാവശ്യം പ്രധാനമന്ത്രിയായി. നിലവില്‍ ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ആഗോളതലത്തില്‍ ബ്രസീലിന് പിറകില്‍ രണ്ടാം സ്ഥാനത്താണ്; 65 രാജ്യങ്ങളിലേക്കുള്ള കച്ചവടത്തിലൂടെ വര്‍ഷം 430 കോടി ഡോളര്‍ വരുമാനം നേടുന്നു. ആസ്‌ത്രേലിയ, അമേരിക്ക, ബ്രിട്ടന്‍ എന്നിവ മറ്റു സ്ഥാനങ്ങളില്‍.

ഇന്ത്യയിലെ ആറ് വന്‍കിട മാംസ കയറ്റുമതിക്കാരില്‍ നാല് പേരും ഹിന്ദുക്കളാണ്. ഷതീഷിന്റെയും അതുല്‍ സബര്‍വാലിന്റെയും ഉടമസ്ഥതയിലുള്ള അല്‍-കബീര്‍ എക്‌സ്‌പോര്‍ട്ട്സ്, സുനില്‍ കപൂറിന്റെ അറേബ്യന്‍ എക്‌സ്‌പോര്‍ട്ട്സ്, മദന്‍ അബോട്ടിന്റെ എം കെ ആര്‍ ഫ്രോസന്‍ ഫുഡ് എക്‌സ്‌പോര്‍ട്ട്സ്, എ എസ് ബിന്ദ്രയുടെ പി എം എല്‍ ഇന്‍ഡസ്ട്രീസ് എന്നിവ. ബീഫ് വിരുദ്ധ അക്രമാസക്ത പ്രചാരണങ്ങളുടെ വക്താവായ ബി ജെ പി. എം എല്‍ എ സംഗീത് സോം സ്ഥാപക ഡയറക്ടറായിരുന്ന മാംസം കയറ്റുമതി സ്ഥാപനമാണ് അല്‍-ദുവ ഫുഡ്. അദ്ദേഹവും രണ്ട് പങ്കാളികളും ചേര്‍ന്ന് 2005ലാണത് സ്ഥാപിച്ചത്. തുടക്കത്തില്‍ മാംസ കമ്പനിയുമായുള്ള ബന്ധം സോം നിഷേധിച്ചു. താന്‍ സസ്യാഹാരിയാണെന്നും മുട്ട പോലും കഴിക്കില്ലെന്നും അവകാശപ്പെട്ടു. ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പറഞ്ഞു. മാധ്യമങ്ങള്‍ തെളിവുകള്‍ ഉന്നയിച്ചപ്പോള്‍ ഡയറക്ടറാണെന്ന് സമ്മതിക്കേണ്ടിവന്നു.

 

 

---- facebook comment plugin here -----

Latest