From the print
ഇറാൻ യുദ്ധം: അമേരിക്കയിൽ ഇസ്്ലാമോഫോബിക് പ്രചാരണം ശക്തമാകുന്നു
എക്‌സിൽ മാത്രം 25,300ലധികം ഇസ്്ലാമോഫോബിക് പരാമർശങ്ങൾ • സൈനിക ക്യാമ്പുകൾക്കുള്ളിലും വിദ്വേഷ പ്രചാരണം
വാഷിംഗ്ടൺ | ഇറാൻ ആക്രമണം ആരംഭിച്ചതോടെ അമേരിക്കയിൽ ഇസ്്ലാമോഫോബിക് (മുസ്്ലിംവിരുദ്ധ) ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൻതോതിൽ വർധിക്കുന്നതായി റിപോർട്ട്. സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റ് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.
യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഈ മാസം ആദ്യ വാരം വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എക്‌സ് പ്ലാറ്റ്ഫോമിൽ മാത്രം 25,300ലധികം ഇസ്്ലാമോഫോബിക് പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടതായി റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക മാധ്യമ പോസ്റ്റുകളിൽ മുസ്്ലിംകളെ അധിക്ഷേപിക്കാനും മനുഷ്യത്വരഹിതരായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നു. മുസ്്ലിംകളെ “കീടങ്ങൾ’, “ഇത്തിൾക്കണ്ണികൾ’ എന്നിങ്ങനെ വിശേഷിപ്പിക്കുന്ന രീതി വർധിച്ചുവരികയാണ്. ഇത്തരം പദപ്രയോഗങ്ങൾ ചരിത്രപരമായി വലിയ അക്രമങ്ങളിലേക്ക് നയിച്ചിട്ടുള്ളവയാണെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. പല പോസ്റ്റുകളും മുസ്്ലിംകളെ ഉന്മൂലനം ചെയ്യണമെന്ന തരത്തിൽ പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്നവയാണെന്നും റിപോർട്ടിലുണ്ട്.
അമേരിക്കൻ സൈനിക ക്യാമ്പുകൾക്കുള്ളിലും യുദ്ധത്തെ മതപരമായ കാഴ്ചപ്പാടോടെ അവതരിപ്പിക്കാൻ ശ്രമം നടക്കുന്നു. ഇറാനുമായുള്ള യുദ്ധം “ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന്’ സൈനിക കമാൻഡർമാർ പറഞ്ഞതായി മിലിറ്ററി റിലീജ്യസ് ഫ്രീഡം ഫൗണ്ടേഷൻ വെളിപ്പെടുത്തി. വിവിധ സൈനിക വിഭാഗങ്ങളിൽ നിന്നായി ഇത്തരത്തിലുള്ള ഇരുനൂറിലധികം പരാതികളാണ് ലഭിച്ചിരിക്കുന്നത്.
ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും ഈ വിദ്വേഷ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടെന്ന് വിമർശമുണ്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നടത്തിയ പ്രസംഗത്തിൽ ഇറാന്റെ നിലപാടുകളെ “ഇസ്്ലാമിസ്റ്റ് ഭ്രാന്ത്’ എന്നാണ് വിശേഷിപ്പിച്ചത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ അമേരിക്കയിലെ മുസ്്ലിം സമൂഹത്തിന് നേരെയുള്ള അക്രമം വർധിക്കാൻ കാരണമാകുമെന്ന ഭീതിയിലാണ് മനുഷ്യാവകാശ
പ്രവർത്തകർ.



