Uae
വിദേശ യാച്ചുകള്‍ക്ക് അബൂദബിക്കും ദുബൈക്കും ഇടയില്‍ സഞ്ചരിക്കാന്‍ ഏകീകൃത പ്ലാന്‍
സെയ്‌ലിങ് പെര്‍മിറ്റ് സംവിധാനം ജനുവരി മുതല്‍.
അബൂദബി | വിദേശ യാച്ചുകള്‍ക്ക് അബൂദബിക്കും ദുബൈക്കും ഇടയില്‍ യാത്ര ചെയ്യുന്നത് എളുപ്പമാക്കാന്‍ പുതിയ നടപടിയുമായി അധികൃതര്‍. രണ്ട് എമിറേറ്റുകള്‍ക്കുമിടയിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് നടപടികള്‍ ലഘൂകരിച്ചു കൊണ്ടുള്ള പുതിയ ഏകീകൃത പ്രോട്ടോക്കോള്‍ നിലവില്‍ വരും. യു എ ഇയുടെ സമുദ്ര വിനോദസഞ്ചാര മേഖലക്ക് കരുത്തേകുന്നതാണ് തീരുമാനം.
പുതിയ നിയമപ്രകാരം അബൂദബിയിലോ ദുബൈയിലോ നല്‍കുന്ന സെയ്ലിങ് പെര്‍മിറ്റുകള്‍ക്ക് രണ്ട് എമിറേറ്റുകളിലും അംഗീകാരം ഉണ്ടായിരിക്കും. ഇതോടെ പ്രാദേശിക എന്‍ട്രി, എക്‌സിറ്റ് നടപടികള്‍ ഒഴിവാക്കും. 2026 ജനുവരി മുതലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരിക.
അബൂദബി മാരിടൈം, ദുബൈ മാരിടൈം അതോറിറ്റി, നാഷണല്‍ ഗാര്‍ഡ്, കസ്റ്റംസ് എന്നിവ ചേര്‍ന്നാണ് തീരുമാനമെടുത്തത്. കപ്പല്‍, ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരുടെ വിവരങ്ങള്‍ കൈമാറാന്‍ ‘ഏര്‍ലി എന്‍ക്വയറി സിസ്റ്റം എ പി ഐ’ ഉപയോഗിക്കും. നടപടികള്‍ ഇരട്ടിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. യു എ ഇയെ ലോകോത്തര മാരിടൈം ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ നീക്കം സഹായിക്കുമെന്ന് ദുബൈ മാരിടൈം അതോറിറ്റി സി ഇ ഒ. ശൈഖ് ഡോ. സഈദ് ബിന്‍ അഹമ്മദ് ബിന്‍ ഖലീഫ അല്‍ മക്തൂം പറഞ്ഞു.




