Kerala
കാഞ്ഞങ്ങാട്, നീലേശ്വരം റെയില്‍വേ സ്റ്റേഷനുകളെ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കണം; കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി
മണ്ഡലത്തിലെ വിവിധ റെയില്‍വേ പ്രശ്‌നങ്ങളുന്നയിച്ച് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എം പി നിവേദനം കൈമാറി.
നീലേശ്വരം | കാഞ്ഞങ്ങാട്, നീലേശ്വരം റെയില്‍വേ സ്റ്റേഷനുകളെ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വിവിധ റെയില്‍വേ പ്രശ്‌നങ്ങളുന്നയിച്ച് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എം പി നിവേദനം കൈമാറി.
കാഞ്ഞങ്ങാട് മംഗള എക്‌സ്പ്രസ്സിനും ചെറുവത്തൂരില്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സിനും സ്റ്റോപ്പുകള്‍ അനുവദിക്കുക, കണ്ണപുരത്ത് നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുക, 2018-ല്‍ നിര്‍ത്തിയ ബൈന്ദൂര്‍-മൂകാംബിക ട്രെയിന്‍ പുനരാരംഭിക്കുക എന്നിവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍. കോയമ്പത്തൂര്‍-മംഗലാപുരം വന്ദേ ഭാരത് ആരംഭിക്കുക, ഗോവ-മംഗലാപുരം വന്ദേ ഭാരത് കോഴിക്കോട് വരെയോ കണ്ണൂര്‍ വരെയോ നീട്ടുക, കണ്ണൂര്‍-മഞ്ചേശ്വരം റൂട്ടില്‍ മെമു സര്‍വീസുകള്‍ തുടങ്ങുക എന്നീ ആവശ്യങ്ങളും എം പി ഉന്നയിച്ചു.
കുമ്പള സ്റ്റേഷനെ ടെര്‍മിനലാക്കി വികസിപ്പിക്കുക, തൃക്കരിപ്പൂര്‍ മേഖലയിലെ റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് (LC 265, 266) ഉടന്‍ അനുമതി നല്‍കുക, സ്റ്റേഷനുകളില്‍ കൂടുതല്‍ ഷെല്‍ട്ടറുകള്‍ നിര്‍മിക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും നിവേദനത്തിലുണ്ട്. ഉന്നയിച്ച വിഷയങ്ങളില്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.



