Education
മഅ്ദിന്‍ മുപ്പതാം വാര്‍ഷികം: ബീഹാറില്‍ മഅ്ദിന്‍ അക്കാദമിയുടെ സമഗ്ര വിദ്യാഭ്യാസ-സേവന പദ്ധതികള്‍ക്ക് തുടക്കം
4,000-ത്തോളം കുടുംബങ്ങള്‍ വസിക്കുന്ന ഈ പ്രദേശത്ത് അത്യാധുനിക സൗകര്യങ്ങളോടെയാണ് കേന്ദ്രം ഉയരുന്നത്
മഅ്ദിന്‍ 30-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബീഹാര്‍ ഠാക്കൂര്‍ഗഞ്ചില്‍ മഅദിന്‍ എംബ്രേസ് ഗ്ലോബലിന് കീഴിലുള്ള മഅ്ദിന്‍ ബീഹാര്‍ സെന്ററിന്റെ കുറ്റിയടിക്കല്‍ കര്‍മം ഖോജ് സഫര്‍ ക്യാപ്റ്റനും എംബ്രേസ് ഡയറക്ടറുമായ സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി നിര്‍വ്വഹിക്കുന്നു.
കിഷന്‍ഗഞ്ച് (ബീഹാര്‍) | മഅ്ദിന്‍ അക്കാദമി മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി ബീഹാറില്‍ വിവിധ വിദ്യാഭ്യാസ, കാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മഅ്ദിന്റെ അന്താരാഷ്ട്ര, ദേശീയ വിദ്യാഭ്യാസ-സാമൂഹിക വിഭാഗമായ ‘എംബ്രേസ് ഗ്ലോബലിന്റെ’ നേതൃത്വത്തിലാണ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.
ദേശീയ പ്രചാരണ പര്യടനം നടത്തുന്ന ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ പ്രതിനിധി സംഘത്തിന്റെ സാന്നിധ്യത്തില്‍ ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലുള്ള ഠാക്കൂര്‍ഗഞ്ച് ബാര ജല്‍മിലിക് ജാമിഅ മുഹമ്മദിയ ശാഹി ഈദ്ഗാഹില്‍ മഅ്ദിന്‍ ബീഹാര്‍ സെന്ററിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. 4,000-ത്തോളം കുടുംബങ്ങള്‍ വസിക്കുന്ന ഈ പ്രദേശത്ത് അത്യാധുനിക സൗകര്യങ്ങളോടെയാണ് കേന്ദ്രം ഉയരുന്നത്.
ഗ്രാമപ്രദേശങ്ങളിലെ കുട്ടികളുടെയും യുവാക്കളുടെയും പുരോഗതി ലക്ഷ്യമാക്കി ലേണിംഗ് സെന്റര്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ഹബ്ബ്, ലാംഗ്വേജ് ട്രെയിനിങ് സെന്റര്‍, കമ്പ്യൂട്ടര്‍ ആന്‍ഡ് ഡിജിറ്റല്‍ ലിറ്ററസി അക്കാദമി, വൊക്കേഷണല്‍ ട്രെയിനിങ് സെന്റര്‍, ഫൗണ്ടേഷന്‍ സ്‌കൂള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ വികസന സംരംഭങ്ങളാണ് ഈ കേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്നത്. മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തി പ്രത്യേക സര്‍വ്വേ സംഘത്തെ നിയോഗിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
ഇതോടൊപ്പം പ്രദേശവാസികള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി എംബ്രേസ് ഗ്ലോബലിന് കീഴില്‍ ബീഹാറിലെ വിവിധ ഗ്രാമങ്ങളില്‍ നിര്‍മ്മിച്ച് നല്‍കിയ കുഴല്‍ക്കിണറുകളുടെ സമര്‍പ്പണവും ചടങ്ങില്‍ നടന്നു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓണ്‍ലൈനായി പങ്കെടുത്തു പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.
ഖോജ് സഫര്‍ ക്യാപ്റ്റനും എംബ്രേസ് ഡയറക്ടറുമായ സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ജാമിഅ മുഹമ്മദിയ ശാഹി ഈദ്ഗാഹ് ഡയറക്ടര്‍ മൗലാന മുഹമ്മദ് മുസഫര്‍ ഹുസൈന്‍ റിസ് വി അധ്യക്ഷത വഹിച്ചു.
ഖോജ് സഫര്‍ വൈസ് ക്യാപ്റ്റന്‍ ബഷീര്‍ സഅദി വയനാട്, എംബ്രേസ് ഗ്ലോബല്‍ സെക്രട്ടറി മുഹമ്മദ് നസീം അദനി, ഖോജ് സഫര്‍ കണ്‍വീനര്‍ മുഹമ്മദ് ജുനൈദ് അദനി, എക്‌സിക്യൂട്ടീവ് അഫ്സല്‍ അദനി കുഴിയംപറമ്പ്, ആശിഖ് അദനി പറമ്പില്‍പീടിക, ഹാഫിള് ക്വാറി മൗലാന നൗഷാദ് അലി റിസ്വി പ്രസംഗിച്ചു. എ.ഐ.എം.ഐ.എം ഇന്‍-ചാര്‍ജ് ഹുസൈന്‍, നിയാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപകന്‍ ഡോ. ആസിഫ് സഈദ്, ബ്ലോക്ക് മെമ്പര്‍ അജ്മല്‍ സാനി, ചെയര്‍മാന്‍ നസീര്‍ അഹമ്മദ്, മാസ്റ്റര്‍ ആസാദ്, ഹാജി അബ്ദുല്‍ ഖാദര്‍, ഹാജി ഇദ്രീസ്, ഹാജി അളീമുദ്ദീന്‍, റഫീഖ് ആലം, അന്‍സാര്‍ ആലം, മുജീബ്, സുല്‍ഫിഖര്‍ അഹമ്മദ്, സികന്ദര്‍ ആസം, നൗഷാദ് തുടങ്ങിയ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും അധ്യാപകരും പ്രദേശവാസികളും പരിപാടിയില്‍ പങ്കെടുത്തു.
Content Highlights:
As part of its 30th anniversary, Maadin Academy launched major educational and welfare initiatives in Bihar under Embrace Global. Foundation work for the Maadin Bihar Center in Kishanganj was completed alongside tube well donations. Chairman Sayyid Ibraheemul Khaleelul Bukhari led the event.



