Connect with us

Kerala

രാഹുല്‍ ഗാന്ധിയെ കുറ്റം പറഞ്ഞാല്‍ ബി ജെ പിക്ക് സുഖിക്കും; ശശി തരൂരിനെ തള്ളി കെ സി വേണുഗോപാല്‍

കേരളത്തിലെ വന്ദേമാതര വിവാദത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്നും വേണുഗോപാല്‍

Published

|

Last Updated

ആലപ്പുഴ | രാഹുല്‍ ഗാന്ധിക്ക് പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്ന ശശി തരൂരിന്റെ പരാമര്‍ശത്തെ തള്ളി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയെ കുറ്റം പറഞ്ഞാല്‍ ബി ജെ പിക്ക് സുഖിക്കുമെന്ന് കെ സി വേണുഗോപാല്‍ ശശി തരൂരിനു മറുപടി നല്‍കി.

ഇന്നലെ അലഹബാദില്‍ രാഹുലിന്റെ പരിപാടിയില്‍ നിറയെ വിദ്യാര്‍ഥികള്‍ എത്തി. കോട്ടയിലെ പരിപാടിയിലും നിറയെ ആളുകളുണ്ടായി. ഇതൊന്നും കാണാന്‍ തരൂര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല. രാഹുലിനെതിരെ അങ്ങനെയുള്ള പ്രസ്താവനകള്‍ തരൂര്‍ എന്നല്ല ആരും നടത്തരുതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ശശി തരൂര്‍ സി ജെ പി സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. നീറ്റ് ക്രമക്കേടില്‍ സിജെപി സമരങ്ങള്‍ക്ക് ലഭിച്ച പിന്തുണ എന്തുകൊണ്ട് കോണ്‍ഗ്രസ് പരിപാടികള്‍ക്ക് കിട്ടിയില്ലെന്നത് പരിശോധിക്കണമെന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. ജെന്‍സീകളുടെ വിഷയം വലിയൊരു ജനകീയ മുന്നേറ്റമാക്കി മാറ്റാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലെ വന്ദേമാതര വിവാദത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എവിടെയെങ്കിലും പാകപിഴ ഉണ്ടായാല്‍ സര്‍ക്കാര്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത് ഷാ സഭയിലെത്തും വരെ സഭാനടപടികളുമായി സഹകരിക്കില്ലെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. അമിത് ഷാ ഭീരുവിനെ പോലെ ഒളിച്ചോടുകയാണ്. മണ്ഡലപുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിന് മുന്‍പ് സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എഫ് സിആര്‍ എ ബില്ല് നടപ്പിലാക്കാന്‍ അനുവദിക്കില്ല. തന്റേടമുണ്ടെങ്കില്‍ ആദ്യം നിയന്ത്രിക്കേണ്ടത് ആര്‍ എസ് എസിനെയാണ്. ആര്‍ എസ് എസ് ബന്ധമുള്ള സംഘടനകള്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, മുംബൈയിലെ ഒരു സംവാദപരിപാടിക്കിടെ പറഞ്ഞ കാര്യങ്ങള്‍ വിവാദമായതോടെ തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് ശശി തരൂര്‍ പറഞ്ഞു. താന്‍ നടത്തിയ സംഭാഷണത്തിലെ ഉള്ളടക്കം പാര്‍ട്ടിയെയോ നേതൃത്വത്തെയോ ആക്രമിച്ചതാണെന്ന മട്ടില്‍ വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നായിരുന്നു തരൂരിന്റെ വിശദീകരണം.

 

Content Highlights:
AICC General Secretary KC Venugopal dismissed Shashi Tharoor’s comments on Rahul Gandhi’s appeal to youth. He urged leaders not to make remarks that please the BJP. Tharoor later clarified his words were misrepresented. Venugopal also targeted Amit Shah over RSS foreign funding and FCRA bill.

 

Latest