Connect with us

National

അവകാശലംഘന നോട്ടീസ്: 'തനിക്കൊന്നും സംഭവിക്കില്ല'; ബി ജെ പിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

സത്യം പറഞ്ഞതിനാണ് ബി ജെ പി നീക്കം. രാജ്യത്തെ കാര്‍ഷിക മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി തീറെഴുതിയിരിക്കുകയാണെന്നും രാഹുല്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പിയുടെ തനിക്കെതിരായ അയോഗ്യതാ നീക്കത്തില്‍ ശക്തമായ നിലപാടുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സത്യം പറഞ്ഞതിനാണ് ബി ജെ പി നീക്കമെന്നും അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസെടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ലെന്നും രാഹുല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തെ കാര്‍ഷിക മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി തീറെഴുതിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി ജെ പി എം പി. നിഷികാന്ത് ദുബെയുടെ അവകാശ ലംഘന നോട്ടീസിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ജനറല്‍ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ ഭാഗങ്ങള്‍ സര്‍ക്കാറിനെതിരെ ആയുധമാക്കി ലോക്‌സഭയില്‍ ഉന്നയിച്ചതും ബജറ്റിനെതിരെ നടത്തിയ വിമര്‍ശനങ്ങളും ചൂണ്ടിക്കാട്ടിയാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയത്. രാഹുലിനെ അയോഗ്യനാക്കണം, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അജീവനാന്തം വിലക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ദുബെ മുന്നോട്ട് വച്ചത്.

ഭാവി തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ കേന്ദ്രം രാജ്യത്തെ തൊഴിലാളി സമൂഹത്തെ പാടേ അവഗണിച്ചെന്ന് ഇന്നത്തെ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ രാഹുല്‍ ആരോപിച്ചിരുന്നു. ഇനിയെങ്കിലും കര്‍ഷകരെ കേള്‍ക്കാന്‍ തയ്യാറാകുമോ അതല്ല, മോദിക്ക് മേലുള്ള പിടി അത്രക്ക് കടുത്തതാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇന്ന് രാജ്യത്തുടനീളം ലക്ഷക്കണക്കിന് തൊഴിലാളികളും കര്‍ഷകരും അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി തെരുവിലിറങ്ങിയിരിക്കുകയാണ്. പുതിയ ലേബര്‍ കോഡിലെ വ്യവസ്ഥകള്‍ തൊഴിലാളി വിരുദ്ധമാണ്. വ്യാപാര കരാര്‍ തങ്ങളുടെ ജീവിതോപാധിയെ ബാധിക്കുമെന്നും കര്‍ഷകര്‍ ആശങ്കപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്താനോ ഇല്ലാതാക്കാനോ ഉള്ള നീക്കം ഗ്രാമങ്ങളുടെ അവസാന ആശ്രയവും ഇല്ലാതാക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നു. തൊഴിലാളി, കര്‍ഷക പ്രക്ഷോഭത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest