Connect with us

From the print

ആകാശം കാക്കാന്‍ 114 റഫാല്‍; ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാര്‍

3.25 ലക്ഷം കോടിയുടെ കരാറിന് അംഗീകാരം.

Published

|

Last Updated

ന്യൂഡല്‍ഹി | വ്യോമസേനക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെ 3.6 ലക്ഷം കോടിയുടെ പ്രതിരോധ നിര്‍ദേശങ്ങള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാ കാര്യങ്ങള്‍ക്ക് ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കുന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറില്‍ ഫ്രാന്‍സുമായി ഇന്ത്യ ഒപ്പുവെക്കും. ഫ്രഞ്ച് പ്രസിഡന്റ്ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി കരാര്‍ ഒപ്പുവെക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 17നാണ് ത്രിദിന സന്ദര്‍ശനത്തിനായി മാക്രോണ്‍ ഇന്ത്യയിലെത്തുന്നത്.

96 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും
ഫ്രഞ്ച് കമ്പനിയായ ദാസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്ന് 18 റഫാല്‍ വിമാനങ്ങള്‍ പറക്കാന്‍ സജ്ജമായ നിലയില്‍ നേരിട്ട് വാങ്ങും. ശേഷിക്കുന്ന 96 എണ്ണം മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് വലിയ ഉത്തേജനം നല്‍കുന്നതായി മാറും. കരാറിന്റെ ഭാഗമായി റഫാല്‍ യുദ്ധവിമാനത്തിന്റെ സാങ്കേതികവിദ്യ കൈമാറ്റവുമുണ്ടാകുമെന്നാണ് കരുതുന്നത്.

വര്‍ധിച്ചുവരുന്ന പ്രാദേശിക സുരക്ഷാ വെല്ലുവിളികള്‍ കണക്കിലെടുത്തും വ്യോമസേനയെ ശക്തമാക്കുക എന്ന ലക്ഷ്യവും മുന്നില്‍ക്കണ്ടാണ് കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റഫാല്‍ വിമാനങ്ങളുള്ള വ്യോമസേനയായി ഇന്ത്യന്‍ വ്യോമസേന മാറും. നിലവില്‍ 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യക്കുള്ളത്. 2024 ഡിസംബറിലാണ് അവസാനമായി വ്യോമസേനക്ക് സി വേരിയന്റ്‌റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ലഭിച്ചത്. ഇതിന് പുറമെ 26 എം വേരിയന്റ്‌റഫാലുകള്‍ക്ക് ഇന്ത്യ ഓര്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ കൈമാറ്റം 2030 ആകുമ്പോഴേക്കും ഉണ്ടാകും.

ഓപറേഷന്‍ സിന്ദൂറിലെ താരം
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനെതിരെ നടത്തിയ ഓപറേഷന്‍ സിന്ദൂറില്‍ ഉള്‍പ്പെടെ ഇന്ത്യ ഉപയോഗിച്ച പ്രധാന യുദ്ധവിമാനം റഫാലായിരുന്നു. ഓപറേഷന്‍ സിന്ദൂറിനിടെ റഫാല്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് 250 കിലോമീറ്ററിലധികം അകലെയുള്ള ലക്ഷ്യങ്ങളെ വളരെ കൃത്യതയോടെ ആക്രമിക്കാന്‍ കഴിയുന്ന സ്‌കാല്‍പ്പ് മിസൈലുകള്‍ ഇന്ത്യ വിക്ഷേപിച്ചത്. ഇതുവഴി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ തകര്‍ക്കാന്‍ വ്യോമസേനക്ക് കഴിഞ്ഞിരുന്നു.

റഫാലിന് പുറമെ കോംബാറ്റ് മിസൈലുകള്‍, ഡ്രോണുകള്‍ പോലെയുള്ള എയര്‍- ഷിപ്പ് അധിഷ്ഠിത ഹൈ ആള്‍ട്ടിറ്റിയൂഡ് സ്യൂഡോ സാറ്റലൈറ്റ് (എ എസ്- എച്ച് എ പി എസ്) എന്നിവ വാങ്ങുന്നതിന് അംഗീകാരം നല്‍കി. ഇതിന് പുറമെ കരസേനക്ക് തദ്ദേശീയ നിര്‍മിത ടാങ്ക്വേധ സംവിധാനമായ വിഭവ്, കവചിത റിക്കവറി വാഹനങ്ങള്‍, ടി- 72 ടാങ്കുകള്‍, ബി എം പി- ട്യു വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിനും അംഗീകാരം നല്‍കി.

നാവികസേനക്ക് നാല് മെഗാവാട്ട് മറൈന്‍ ഗ്യാസ് ടര്‍ബൈന്‍ ഇലക്ട്രിക് പവര്‍ ജനറേറ്ററിനും പി 8 ഐ ലോംഗ് റേഞ്ച് മാരിടൈം റീകണൈസന്‍സ് എയര്‍ക്രാഫ്റ്റ് വാങ്ങുന്നതും അംഗീകാരം നല്‍കിയവയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനങ്ങള്‍ക്കായി ഇലക്ട്രോ- ഒപ്റ്റിക്കല്‍, ഇന്‍ഫ്രാ റെഡ് സംവിധാനങ്ങള്‍ വാങ്ങുന്നതിനും അംഗീകാരം നല്‍കിയിട്ടുണ്ട്.

 

Latest