Connect with us

From the print

കേരളത്തില്‍ പണിമുടക്ക് പൂര്‍ണം; ഒറ്റപ്പെട്ട സംഘര്‍ഷം

ബുധനാഴ്ച അര്‍ധരാത്രി 12ന് ആരംഭിച്ച പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചത്.

Published

|

Last Updated

തിരുവനന്തപുരം/ ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം. ബുധനാഴ്ച അര്‍ധരാത്രി 12ന് ആരംഭിച്ച പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചത്. ചിലയിടങ്ങളില്‍ സമരക്കാരും ജോലിക്കെത്തിയവരും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലെത്തി. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഡയസ്നോണ്‍ പ്രഖ്യാപിച്ചെങ്കിലും സെക്രട്ടേറിയറ്റിലെ ഹാജര്‍ നില കുറവായിരുന്നു. 4,600ലധികം ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ 496 പേര്‍ മാത്രമാണ് ഹാജരായത്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോണ്‍ഗ്രസ്സ് അനുകൂല സംഘടന പണിമുടക്കില്‍ പങ്കെടുത്തില്ല.

നഗരങ്ങളില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ഓട്ടോ, ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് തടസ്സമുണ്ടായില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ബേങ്കിംഗ് മേഖലയിലെ സേവനങ്ങള്‍ തടസ്സപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല.

കൊച്ചിയിലെ വ്യവസായ മേഖലയെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. നെടുമങ്ങാട് ജി എച്ച് എസ് എസില്‍ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. എട്ട് അധ്യാപകരെയാണ് സമരാനുകൂലികള്‍ പൂട്ടിയിട്ടത്. വൈകിട്ട് നാലോടെയാണ് അധ്യാപകര്‍ക്ക് പുറത്തിറങ്ങാനായത്.

വയനാട്ടില്‍ ചരക്കുമായെത്തിയ ലോറി പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ ലോറി ഡ്രൈവറും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ട്രെയിനിറങ്ങിയവര്‍ യാത്രാ സൗകര്യമില്ലാത്തതിനാല്‍ വലഞ്ഞു.

പണിമുടക്കായിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന ‘പുതുയുഗ യാത്ര’ മാറ്റിവെക്കാത്തതില്‍ എല്‍ ഡി എഫ് നേതാക്കള്‍ വിമര്‍ശം ഉയര്‍ത്തി. ദേശീയ പണിമുടക്ക് ഹര്‍ത്താലിനും ബന്ദിനും സമാനമായ അവസ്ഥയിലേക്ക് മാറ്റുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.

ദേശീയതലത്തില്‍ ഭാഗികം
പണിമുടക്ക് ദേശീയതലത്തില്‍ സാധാരണ ജീവിതത്തെ വലിയ രീതിയില്‍ ബാധിച്ചില്ല. ഡല്‍ഹി, മുംബൈ, ബെംഗളൂരു ഉള്‍പ്പെടെയുള്ള വലിയ നഗരങ്ങളെ ഒരു രീതിയിലും പണിമുടക്ക് ബാധിച്ചില്ല. ഒഡിഷ, തമിഴ്നാട്, ഗോവ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളില്‍ പണിമുടക്ക് ചില സേവനങ്ങള്‍ തടസ്സപ്പെടുത്തി.

 

Latest