Connect with us

Articles

കേരളം ഇങ്ങനെയാകാമോ?

കേരളത്തിന് പറ്റിയ വലിയ തെറ്റ് ഏറ്റുപറയണം. നീതി നടപ്പാകണം. ഒളിച്ചിരിക്കുന്നവരെ തെരുവിലേക്ക് ഇറക്കിക്കൊണ്ടുവരണം. ഈ കൊലക്കും സാമൂഹിക അരക്ഷിതത്വത്തിനും മറുപടി പറയിക്കണം. മൗനം പാലിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ കാപട്യം തുറന്നുകാട്ടണം. മനുഷ്യത്വവും നീതിബോധവും വീണ്ടെടുക്കണം.

Published

|

Last Updated

നമ്മള്‍ മലയാളികളാണ് എന്ന് പറയാന്‍ കഴിയാത്തവിധത്തില്‍ നാണിപ്പിക്കുന്നതാണ് വാളയാറില്‍ അട്ടപ്പള്ളത്ത് ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന ക്രൂരമായ കൊലപാതകം. ഛത്തീസ്ഗഢില്‍ നിന്ന് ജീവിതമാര്‍ഗം തേടി പാലക്കാട്ട് കഞ്ചിക്കോട് എത്തിയ രാം നാരായണ്‍ എന്ന ചെറുപ്പക്കാരനാണ് ഇവിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ കേരളീയ സമൂഹം കേട്ടതാണ്. കാലടി മുതല്‍ തലയോട്ടി വരെ അടികൊണ്ട് തകര്‍ന്നിരിക്കുന്നു. നട്ടെല്ലും വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്. തലച്ചോറിലേക്കുള്ള രക്തസ്രാവമാണ് മരണ കാരണം. മരിച്ചതിനു ശേഷവും ആ ശരീരത്തില്‍ അക്രമം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അത് നമ്മുടെ സമൂഹത്തിലും മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. പോലീസും സര്‍ക്കാറും കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നു എന്നും കാണുന്നു. നല്ലത്. പക്ഷേ…

ഈ കൊലപാതകത്തോട് കേരളത്തിലെ പൊതുസമൂഹവും രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ആദ്യം എടുത്ത സമീപനം എന്തായിരുന്നു എന്നത് ഏറെ ദുഃഖമുണ്ടാക്കുന്ന ഒന്നാണ്. ആള്‍ക്കൂട്ടക്കൊലയെ മറച്ചുവെച്ച പോലീസ്, വേട്ടക്കാര്‍ക്കുള്ള പിന്തുണയല്ലേ അറിയിച്ചത്? ഇവിടെ വംശീയ അക്രമികളുടെ രാഷ്ട്രീയം മാത്രമേയുള്ളൂ? ഇവിടുത്തെ യുവാക്കള്‍ക്കൊക്കെ എന്തുപറ്റി? അടിയേറ്റും തൊഴിയേറ്റും തെരുവില്‍ കൊല്ലപ്പെട്ട ഒരു മനുഷ്യനും അയാളുടെ കുടുംബത്തിനും നീതി വാങ്ങിക്കൊടുക്കാന്‍ ഓടിയെത്തിയ അല്‍പ്പം ചില മനുഷ്യാവകാശ പ്രവര്‍ത്തകരല്ലാതെ ഈ വികസിത പുരോഗമന കേരളത്തില്‍ ആരുമില്ലാതായോ? കേരളം വംശീയ, വര്‍ഗീയ വിദ്വേഷങ്ങള്‍ എളുപ്പം വ്യാപിക്കുന്ന ഇടമായി മാറിയോ? ഹിംസാത്മകത കേരളത്തില്‍ വര്‍ധിക്കുന്നു എന്ന് ചില സാമൂഹിക മനശ്ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. അത് ശരിയെന്നു തോന്നിക്കുന്ന വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു.

ഇതുവരെ കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് പതിനഞ്ചോളം ആളുകളാണ് ആക്രമണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അതില്‍ സ്ത്രീകളും ഉണ്ടെന്ന് കേള്‍ക്കുന്നുണ്ട്. ഈ യുവാവ് തന്റെ നാട്ടില്‍ നിന്നാല്‍ കുടുംബം പോറ്റാന്‍ കഴിയില്ലെന്നതിനാല്‍ മറ്റു പലരെയും പോലെ തൊഴില്‍ തേടി കേരളത്തിലെത്തിയിട്ട് ഒരാഴ്ച പോലും ആയിട്ടില്ല. തന്റെ ഭാര്യയും എട്ടും പത്തും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും പ്രായമായ അമ്മയും ജീവിക്കണമെങ്കില്‍ താന്‍ തൊഴില്‍ ചെയ്തേ പറ്റൂ. കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ഒന്ന് രണ്ട് ദിവസം കൂലിപ്പണി കിട്ടി. എന്നാല്‍ അത് ചെയ്യാനുള്ള ശേഷി തന്റെ ശരീരത്തിനില്ല എന്നതിനാലാണ് മറ്റൊരു തൊഴില്‍ അന്വേഷിക്കാന്‍ പുറപ്പെട്ടത്. ദരിദ്ര ദളിത് കുടുംബത്തില്‍ നിന്നായതിനാല്‍ കാര്യമായ വിദ്യാഭ്യാസവും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. അയാള്‍ക്ക് ഹിന്ദി പോലും ശരിയായി അറിയില്ലായിരുന്നു. ആക്രമണം നടത്തിയ ആളുകള്‍ ‘നീ ബംഗ്ലാദേശിയാണോ?’ എന്ന ചോദ്യം ആവര്‍ത്തിക്കുന്നതായി ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോയില്‍ കാണുന്നുണ്ട്. അയാള്‍ തന്റെ ഗ്രാമത്തിന്റെ പേര് പറയാന്‍ ശ്രമിക്കുന്നുമുണ്ട്.

ഇയാള്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു സാധാരണ കൊലപാതകം എന്ന രീതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഈ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനുള്ള തുകയായ 3,700 രൂപ നല്‍കിയത് ബന്ധുക്കളാണ്. അവിടെ നിന്ന് തുടങ്ങുന്നു കേരളത്തിലെ പോലീസിന്റെ നീതിബോധം. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അത് നാട്ടിലെത്തിക്കാന്‍ 20,000ത്തില്‍ പരം രൂപ നല്‍കണമെന്ന് പോലീസ് ബന്ധുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഇതൊരു സാധാരണ കേസാക്കി മാറ്റുകയും പിന്നീട് ചില പ്രതികളെ പേരിന് അറസ്റ്റ് ചെയ്യുകയും അന്തിമമായി അവരെല്ലാം രക്ഷപ്പെട്ടുപോകുകയും ചെയ്യുമായിരുന്നു. അത് തന്നെയാണ് പോലീസ് ആഗ്രഹിച്ചിരുന്നതും.

എന്നാല്‍ ഈ ഘട്ടത്തില്‍ ജബ്ബാര്‍ എന്ന വ്യക്തി നടത്തിയ നിര്‍ണായകമായ ഇടപെടലാണ് അവരുടെ പദ്ധതികളെ അട്ടിമറിച്ചത്. ആരാണീ ജബ്ബാര്‍? ഈ വര്‍ഷം ഏപ്രിലില്‍ അശ്റഫ് എന്ന യുവാവ് മംഗലാപുരത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത നമ്മള്‍ ഓര്‍ക്കുന്നുണ്ടാകും. അദ്ദേഹത്തിന്റെ മൃതശരീരം അജ്ഞാതശരീരം എന്ന രീതിയില്‍ അവിടുത്തെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സഹോദരനായ ജബ്ബാര്‍ ഈ വിവരം അറിയുന്നത് ചില പത്രലേഖകര്‍ ഈ ശരീരം തിരിച്ചറിഞ്ഞതോടെയാണ്. ഉടനെ അദ്ദേഹം സ്ഥലത്തെത്തുകയും വിഷയത്തില്‍ കാര്യമായി ഇടപെടുകയും ചെയ്തപ്പോഴാണ് പുറംലോകം ഇതിന്റെ പിന്നാമ്പുറക്കഥകള്‍ അറിയുന്നത്. വാളയാറില്‍ കൊല്ലപ്പെട്ട യുവാവിനെ സ്വന്തം സഹോദരന്റെ സ്ഥാനത്ത് കണ്ട ജബ്ബാര്‍ തൃശൂരിലെ സാമൂഹിക പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും ബന്ധപ്പെടുകയും പോലീസിന് മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തപ്പോഴാണ് ചെറിയ അനക്കമുണ്ടായത്. പിന്നീട് അത് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും പോലീസിന് ഒഴിഞ്ഞുമാറാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്തു.

അപ്പോള്‍ എവിടെ നമ്മുടെ സര്‍ക്കാര്‍? എവിടെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍? യു പിയിലും ഇതര ഉത്തരേന്ത്യന്‍ ദേശങ്ങളിലും നടന്നുവരുന്ന മുസ്ലിം – ദളിത് വേട്ടകളില്‍ പ്രതിഷേധിച്ച് തെരുവില്‍ ഒച്ചവെക്കുന്നവര്‍ അത് ഇവിടെ വാളയാറില്‍ നടക്കുമ്പോള്‍ മിണ്ടാട്ടം മുട്ടി ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്? ശരീരം നാട്ടിലെത്തിക്കാന്‍ വേണ്ട സഹായം ചെയ്യാം, നഷ്ടപരിഹാരം കൊടുക്കാം എന്നൊക്കെ റവന്യൂ മന്ത്രി രാജനുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. അത്രയും നല്ലത്.

പക്ഷേ ഈ വിഷയത്തിന്റെ മറ്റു തലങ്ങള്‍ ഇതോടെ ഇല്ലാതാകുമോ? പിടിക്കപ്പെട്ട പ്രതികള്‍ സംഘ്പരിവാര്‍ ബന്ധമുള്ളവരാണെന്നതില്‍ ആര്‍ക്കും അത്ഭുതമുണ്ടാകില്ല. രാജ്യവ്യാപകമായി ഇത്തരം കൊലകള്‍ പലയിടത്തും നടന്നിട്ടുണ്ട്. അത് പശുസംരക്ഷണത്തിന്റെ പേരിലോ മറ്റു ചില ആരോപണങ്ങളുടെ മറവിലോ ഒക്കെയാണ്. ദളിതരും മുസ്ലിംകളുമാണ് കൊലക്കിരയാക്കപ്പെട്ടിട്ടുള്ളത്. പക്ഷേ കേവലം ഒരു സംഘ്പരിവാര്‍ കൊല എന്ന രീതിയില്‍ മാത്രം ഇതിനെ നിയമപരമായി കണ്ടാല്‍ മതിയോ എന്നതാണ് ആദ്യ ചോദ്യം.

യാതൊരു വിധത്തിലുള്ള വിചാരണയും കൂടാതെ ഒരാളെ പൊതുസ്ഥലത്തു വെച്ച് ഒരു കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുന്നതിനെയാണ് ആള്‍ക്കൂട്ട കൊലപാതകം എന്ന് വിളിച്ചത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിച്ചപ്പോള്‍ തഹ്സീന്‍ പൂനെവാല സുപ്രീം കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ ഉണ്ടായ വിധിയിലാണ് ‘ആള്‍ക്കൂട്ടക്കൊല’ എന്ന കുറ്റത്തിന് നിര്‍വചനം ഉണ്ടായത്. ഇത് സാധാരണ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ കൊലപാതകങ്ങള്‍ പോലെ അല്ല പരിഗണിക്കപ്പെടേണ്ടതെന്ന് കോടതി വിലയിരുത്തി. ആള്‍ക്കൂട്ടക്കൊല പോലീസ് സൂപ്രണ്ടിന്റെ പദവിയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ആണ് അന്വേഷിക്കേണ്ടത്. അതില്‍ ഏര്‍പ്പെട്ടവര്‍ മാത്രമല്ല അതിന് പ്രേരണയോ സഹായമോ ചെയ്യുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്ന, വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ അടക്കം പ്രതികളാകണം. ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. അതിവേഗ കോടതികളില്‍ ഇതിന്റെ വിചാരണ നടക്കണം. ഇതെല്ലാം ഒഴിവാക്കാനാണ് ഇതിനെ ഒരു സംഘ്പരിവാര്‍ കൊല എന്ന് വിളിച്ച് അവസാനിപ്പിക്കുന്നത്. അതിനാണ് പോലീസ് ശ്രമിക്കുന്നതും. പ്രതികള്‍ സംഘ്പരിവാര്‍ ആണെങ്കിലും ഇത് ഒരു ആള്‍ക്കൂട്ടക്കൊല തന്നെയാണ്.

വംശം, മതം, ജാതി, വര്‍ണം തുടങ്ങിയ ഘടകങ്ങളാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് കാരണമാകുന്നത്. അത്തരം വിഷയങ്ങളില്‍ പ്രചാരണം നടത്തുന്നവരും കുറ്റക്കാരാണ്. സാധാരണ കൊലപാതകങ്ങളില്‍ ഒരു ലക്ഷ്യം അഥവാ പ്രേരണ ഉണ്ടാകണം. കൊലപാതകികളും ഇരകളും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെന്ന് സ്ഥാപിക്കപ്പെടണം. എങ്കില്‍ മാത്രമേ പ്രതികള്‍ക്ക് ശിക്ഷ കിട്ടുകയുള്ളൂ. എന്നാല്‍ ഇത്തരം കേസുകളില്‍ അത് വേണമെന്നില്ല. അക്രമികള്‍ തമ്മില്‍ പരസ്പരം അറിയണം എന്ന് പോലുമില്ല. തന്നെയുമല്ല ഈ കേസുകള്‍ വിചാരണക്കെത്തുമ്പോള്‍ ഇത് ആള്‍ക്കൂട്ടക്കൊല അല്ല എന്ന് സ്ഥാപിക്കാനുള്ള തെളിവുകളും പ്രചാരണങ്ങളുമായി ചിലര്‍ വരും. ഉദാഹരണത്തിന് മംഗളൂരുവിലെ അശ്റഫ് കൊലപാതകത്തില്‍ അയാള്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്ന് വരെ പറഞ്ഞു പരത്തി. പെട്ടെന്നുണ്ടായ പ്രകോപനം എന്ന ഒഴികഴിവില്‍ പ്രതികള്‍ രക്ഷപ്പെടുന്നതിന് ഇത് വഴിയൊരുക്കും.

കൊല്ലപ്പെട്ട രാം നാരായണിനും കുടുംബത്തിനും നീതി കിട്ടാന്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തണം. കേരളത്തിന് പറ്റിയ വലിയ തെറ്റ് ഏറ്റുപറയണം. നീതി നടപ്പാകണം. ഒളിച്ചിരിക്കുന്നവരെ തെരുവിലേക്ക് ഇറക്കിക്കൊണ്ടുവരണം. ഈ കൊലക്കും സാമൂഹിക അരക്ഷിതത്വത്തിനും മറുപടി പറയിക്കണം. മൗനം പാലിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ കാപട്യം തുറന്നുകാട്ടണം. മനുഷ്യത്വവും നീതിബോധവും വീണ്ടെടുക്കണം. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം.

ഇതിനെല്ലാം ഉപരിയായി, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും വിദ്വേഷ രാഷ്ട്രീയത്തിനും എതിരായ പ്രതിരോധം ശക്തിപ്പെടുത്തുക എന്ന പ്രവര്‍ത്തനത്തിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ നമ്മുടെ ശ്രദ്ധ തിരിയേണ്ടതുണ്ടെന്ന് ഈ സംഭവം ഓര്‍മപ്പെടുത്തുന്നു. ജാതീയ, വംശീയ ആക്രമണങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും എതിരായി ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ഉത്തരവാദിത്വം നമ്മുടേതാണ്. കേരളത്തിന്റെ മണ്ണില്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്കും ആള്‍ക്കൂട്ടക്കൊലകള്‍ക്കും സ്ഥാനമില്ലെന്ന് ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആലോചനകളിലേക്ക് എത്രയും വേഗം നമ്മുടെ ശ്രദ്ധ തിരിയേണ്ടതുണ്ടെന്ന് ഓര്‍മപ്പെടുത്തട്ടെ.