Connect with us

Health

പി സി ഒ എസ് ഉണ്ടോ? ഈ പ്രഭാത ശീലങ്ങൾ പതിവാക്കൂ...

എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് പിസിഒഎസ് നിയന്ത്രിക്കുന്നതിനും ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും.

Published

|

Last Updated

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS) ഇന്ന് കൗമാരക്കാരായ പെണ്‍കുട്ടികളെയും യുവതികളെയും ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യ പ്രശ്നമാണ്. അണ്ഡാശയങ്ങളില്‍ കൂടുതല്‍ ആന്‍ഡ്രോജന്‍ (പുരുഷ ഹോര്‍മോണുകള്‍) ഉത്പാദിപ്പിക്കുന്നത് മൂലം ശരീരത്തിലെ ഹോര്‍മോണ്‍ തുലനം തകരാറിലാകുന്നതാണ് പിസിഒഎസ്. ഇതിന്റെ ഫലമായി ക്രമരഹിതമായ ആര്‍ത്തവം, മുഖക്കുരു, അമിത രോമവളര്‍ച്ച, ഭാരം കൂടല്‍, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.

പിസിഒഎസ് ഉള്ളവര്‍ക്ക് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. എന്നിരുന്നാലും, ജീവിതശൈലി മാറ്റങ്ങള്‍ കൊണ്ടുവന്ന് ഈ അവസ്ഥയെ നിയന്ത്രിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

ആരോഗ്യ വിദഗ്ധനും പിസിഒഎസ് ഉപദേഷ്ടാവുമായ ഡ്രൂ ബെയര്‍ഡ് തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പിസിഒഎസ് ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് മികച്ച പ്രഭാത ശീലങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

സ്ഥിരമായ ഉറക്കക്രമം

എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് പിസിഒഎസ് നിയന്ത്രിക്കുന്നതിനും ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും. ഇതുവഴി ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തപ്പെടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുകയും ചെയ്യും.

പ്രോട്ടീന്‍ അടങ്ങിയ പ്രഭാത ഭക്ഷണം

ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കണമെങ്കില്‍ പ്രോട്ടീന്‍ പ്രധാനമാണ്. പ്രഭാതഭക്ഷണത്തില്‍ കുറഞ്ഞത് 25 ഗ്രാം പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക. ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയും ഇന്‍സുലിന്‍ നിലയും നിയന്ത്രിക്കാനും സഹായിക്കുന്നു.

ഗ്രീന്‍ ടീ കുടിക്കല്‍

എല്ലാ ദിവസവും പ്രഭാതത്തിൽ ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുക എന്നത് നല്ല ശീലമാണ്. ഡ്രൂ ബെയര്‍ഡിന്റെ അഭിപ്രായത്തില്‍ ഗ്രീന്‍ ടീ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്നതിനും നേരിട്ട് ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.

Latest