Connect with us

വിവാഹപൂർവ കൗണ്‍സലിംഗ്

പ്രശ്നങ്ങള്‍ നേരത്തേ തിരിച്ചറിയാം

പങ്കാളികൾക്കിടയിലുള്ള പൊരുത്തക്കേടുകള്‍ എന്തെല്ലാം, പ്രശ്നങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണകള്‍ എന്താണ്, എന്തെല്ലാം പ്രശ്നങ്ങളിലാണ് അവര്‍ യോജിക്കുന്നതും വിയോജിക്കുന്നതും. പരസ്പര ധാരണയോടെ നിബന്ധനകള്‍ പാലിച്ച് മുന്നോട്ടുപോകാനുള്ള കഴിവ് എങ്ങനെ മെച്ചപ്പെടുത്താം എന്നിവ വിവാഹപൂർവ കൗണ്‍സലിംഗില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

Published

|

Last Updated

രോ പങ്കാളിയും വിവാഹബന്ധത്തില്‍നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കണം. വിജയകരമായ ദാമ്പത്യമെന്നതിനെക്കുറിച്ച് വ്യത്യസ്തമായ പ്രതീക്ഷകളോടെ ചിലര്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നു. വിവാഹശേഷം ഈ പ്രതീക്ഷകള്‍ തകരുന്നത് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രതീക്ഷകള്‍ ചര്‍ച്ച ചെയ്യാനും പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യാനും വിവാഹപൂർവ കൗണ്‍സലിംഗ് ആവശ്യമാണ്.

പങ്കാളികള്‍ക്ക് സമാനമായ കാഴ്ചപ്പാടുകളും ആശയങ്ങളും ജീവിത മൂല്യങ്ങളും ഉണ്ടെങ്കില്‍ ബന്ധം സുഖകരമായിരിക്കും. വ്യത്യസ്ത മൂല്യങ്ങളുണ്ടെങ്കില്‍ പരസ്പരം എങ്ങനെ അഡ്ജസ്റ്റ് ചെയ്യണം എന്നതും വിവാഹപൂർവ കൗണ്‍സലിംഗില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. കുടുംബ ചെലവും ബജറ്റും സംബന്ധിച്ച പ്രശ്നങ്ങളാണ് പലപ്പോഴും ദാമ്പത്യബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കുന്നത്. പങ്കാളികളുടെ സാമ്പത്തിക ശൈലി നിർണയിക്കുന്നതിനും പരസ്പര ധാരണയോടെ മുന്നോട്ട് പോകുന്നതിനും ഈ കൗൺസലിംഗ് സഹായിക്കും.

രണ്ട് പങ്കാളികളും കുട്ടികള്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നുവോ, എത്ര കുട്ടികള്‍ വേണം, ഒരു കുടുംബം ആരംഭിക്കാനുള്ള അനുയോജ്യമായ സമയം എപ്പോഴാണ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിവാഹപൂർവ കൗണ്‍സലിംഗില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കപ്പെടുന്നതിലൂടെ വിവാഹശേഷം ഉണ്ടാകാന്‍ ഇടയുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ കഴിയും.

വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിക്ക് ജോലി ചെയ്യാന്‍ താത്്പര്യമുണ്ടോ, ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം കൊടുക്കുമോ, സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സ്വാതന്ത്ര്യം കൊടുക്കുമോ എന്നുള്ള കാര്യങ്ങള്‍ വിശദമായി പങ്കാളിയില്‍നിന്ന് വിവാഹത്തിന് മുമ്പേതന്നെ മനസ്സിലാക്കിയെടുക്കേണ്ടതാണ്.
വിവാഹ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് വിവാഹേതര ബന്ധങ്ങള്‍. ഇത്തരം ബന്ധങ്ങള്‍ക്ക് കാരണമായ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിക്കൊണ്ട് പരിഹാരനടപടികളിലേക്ക് നീങ്ങണം.

പ്രശ്നങ്ങള്‍ തിരിച്ചറിയാം

വിവാഹപൂർവ തെറാപ്പി ദമ്പതികളുടെ പ്രതീഷകളും ഇഷ്ടാനിഷ്ടങ്ങളും മാനസിക, വ്യക്തിത്വ വൈകല്യങ്ങളും, പ്രശ്നങ്ങളും ലഹരി ഉപയോഗവും നേരത്തെ തിരിച്ചറിയുന്നതിനും ഉണ്ടെങ്കില്‍ പരിഹാരനടപടികള്‍ ആവിഷ്്കരിക്കുന്നതിനും തുടര്‍ന്ന് ദാമ്പത്യ ജീവിതം സുഗമമായി മുന്നോട്ട് പോകുന്നതിനും സഹായിക്കുന്നു. ദമ്പതികള്‍ക്ക് വ്യത്യസ്ത പ്രതീക്ഷകള്‍ ഉണ്ടെങ്കില്‍ പരസ്പരം കലഹിക്കാതെ, വിയോജിക്കാതെ മുന്നോട്ട് പോകാന്‍ കൗണ്‍സിലര്‍ക്ക് സഹായിക്കാനാകും.

പരസ്പര വിദ്വേഷം ഒഴിവാക്കാം

പല കാരണങ്ങള്‍കൊണ്ടും ദമ്പതികള്‍ക്കിടയില്‍ നീരസവും വാശിയും പ്രതികാരവും വിദ്വേഷവും ഉടലെടുക്കാം. ഇതു മൂലമുണ്ടാകുന്ന നെഗറ്റീവ് വികാരങ്ങള്‍ ദാമ്പത്യ ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കുന്നു. അതുകൊണ്ട്തന്നെ ഇത്തരം വികാര, വിചാര പെരുമാറ്റ വൈകല്യങ്ങളെ നേരത്തേ കണ്ടുപിടിക്കുന്നതിനും അവയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും കൗണ്‍സലിംഗ് സഹായിക്കുന്നു. ഈ കഴിവ് ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സംഘര്‍ഷ പരിഹാര കഴിവുകള്‍ വികസിപ്പിക്കുന്നതിനും വിവാഹത്തെക്കുറിച്ച് യാഥാർഥ്യ ബോധം സ്ഥാപിച്ചെടുക്കുന്നതിനും പങ്കാളിയെ പ്രാപ്തരാക്കുന്നു.

വിവാഹപൂർവ കൗണ്‍സലിംഗ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം നേരത്തേ കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ദാമ്പത്യപ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും തീര്‍ച്ചയായും സഹായിക്കും. ഇതിനുള്ള ശാസ്ത്രീയമായ കൗണ്‍സലിംഗ് രീതി വിദഗ്ധരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത് വിവാഹശേഷം സംഭവിക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

 

 

---- facebook comment plugin here -----

Latest