Connect with us

Articles

ബിഹാര്‍; ഇരുമുന്നണിക്കും ജീവന്മരണ പോരാട്ടം

തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ നടത്തിയ വോട്ടര്‍ പട്ടികയിലെ തീവ്ര പുനഃപരിശോധനാ (എസ് ഐ ആര്‍) വിവാദം തിരഞ്ഞെടുപ്പ് ഫലത്തില്‍ ഏത് രീതിയില്‍ പ്രതിഫലിക്കുമെന്ന് കൂടി നവംബര്‍ 14ന് അറിയാം. തീവ്രപരിശോധനക്ക് മുമ്പ്, ജൂണ്‍ 24ന് 7.89 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എസ് ഐ ആര്‍ പ്രകാരം ആഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണം 7.24 കോടിയായി കുറഞ്ഞു

Published

|

Last Updated

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് എന്‍ ഡി എക്കും മഹാസഖ്യത്തിനും ജീവന്‍ മരണ പോരാട്ടമാണ്. പരാജയം നേരിട്ടാല്‍ മഹാസഖ്യത്തിന് അഞ്ച് വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. എന്‍ ഡി എക്ക് അധികാരം നഷ്ടപ്പെട്ടാല്‍ തിരിച്ചുവരവ് ശ്രമകരമായിരിക്കും.

1967-72, 1977-80 വര്‍ഷങ്ങളില്‍ ഒഴികെ, അധികാരത്തിലിരുന്ന പാര്‍ട്ടിയെയോ സഖ്യത്തെയോ തുടര്‍ച്ചയായി തിരഞ്ഞെടുത്ത ചരിത്രം ബിഹാറിനില്ല. അതേസമയം മുന്നണി മാറ്റത്തിലൂടെ നിതീഷ് കുമാര്‍ നാല് തവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇത്തവണത്തെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബര്‍ ആറിനും രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 11നും നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 14നാണ്. ആദ്യ ഘട്ടത്തില്‍ 18 ജില്ലകളിലെ 121 നിയമസഭാ മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ 20 ജില്ലകളിലെ 122 നിയമസഭാ മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് 243 മണ്ഡലങ്ങളാണുള്ളത്. 2010ല്‍ ആറും 2015ല്‍ അഞ്ചും 2020ല്‍ മൂന്നും ഘട്ടങ്ങളിലായാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ നടത്തിയ വോട്ടര്‍ പട്ടികയിലെ തീവ്ര പുനഃപരിശോധനാ (എസ് ഐ ആര്‍) വിവാദം തിരഞ്ഞെടുപ്പ് ഫലത്തില്‍ ഏത് രീതിയില്‍ പ്രതിഫലിക്കുമെന്ന് കൂടി നവംബര്‍ 14ന് അറിയാം. തീവ്രപരിശോധനക്ക് മുമ്പ്, ജൂണ്‍ 24ന് 7.89 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എസ് ഐ ആര്‍ പ്രകാരം ആഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണം 7.24 കോടിയായി കുറഞ്ഞു. അന്തിമ വോട്ടര്‍ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരുണ്ട്. രണ്ട് മാസം കൊണ്ട് പുറത്തായത് 3.66 ലക്ഷം വോട്ടര്‍മാരാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് നേരത്തേ 65 ലക്ഷം പേരെ നീക്കിയിരുന്നു. സുപ്രീം കോടതിയുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനഃപരിശോധന നടത്തിയെങ്കിലും പരാതി പരിഹരിക്കപ്പെട്ടിട്ടില്ല. എസ് ഐ ആര്‍ പ്രകാരം തയ്യാറാക്കിയ അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് 3.66 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദളിതരെയും മുസ്‌ലിംകളെയും സ്ത്രീകളെയും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയെന്നാണ് ആരോപണം. ഓരോ നിയമസഭാ മണ്ഡലത്തിലും ശരാശരി 27,000 വോട്ട് വീതം ഒഴിവാക്കിയിട്ടുണ്ട്. വോട്ടുകള്‍ കൂടുതല്‍ നീക്കം ചെയ്യപ്പെട്ടത് ഗോപാല്‍ ഗഞ്ച്, കിഷന്‍ഗഞ്ച്, പൂര്‍ണിയ, മധുബാനി, ഭഗവല്‍പൂര്‍ എന്നീ ജില്ലകളിലാണ്. നേപ്പാള്‍, ബംഗ്ലാദേശ് അതിര്‍ത്തി ജില്ലകളായ ഇവിടുത്തെ വോട്ടര്‍മാരില്‍ അധികവും മുസ്‌ലിംകളാണ്. സംസ്ഥാനത്തെ ഏക മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ കിഷന്‍ ഗഞ്ചില്‍ ഏതാണ്ട് 10 ശതമാനം വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പ്രവര്‍ത്തനം പ്രതിപക്ഷ പാര്‍ട്ടികളെ ഉണര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷം മുമ്പ് വരെ നിദ്രയിലായിരുന്ന കോണ്‍ഗ്രസ്സ്, രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അവകാശ യാത്രയുമായി ഉണര്‍ന്നെഴുന്നേറ്റു എന്നതും ഈ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലവും മഹാസഖ്യത്തിന്റെ മനോവീര്യം വര്‍ധിപ്പിക്കുന്നതാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. 2024ല്‍ ലോക്‌സഭാ സീറ്റുകള്‍ ഒമ്പതായി വര്‍ധിച്ചു. ഇത്തവണ സംസ്ഥാന ഭരണത്തിനെതിരെ നിലനില്‍ക്കുന്ന ജനവികാരവും വോട്ടായി മാറുമെന്ന് മഹാസഖ്യം കണക്കുകൂട്ടുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) മഹാസഖ്യത്തില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എ ഐ എം ഐ എമ്മിന്റെ ബിഹാര്‍ അധ്യക്ഷന്‍ അഖ്തറുല്‍ ഇംറാന്‍, സഖ്യത്തില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് രാഷ്ട്രീയ ജനതാദളിന് (ആര്‍ ജെ ഡി) കത്ത് നല്‍കി. 2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, എ ഐ എം ഐ എം 20 സ്ഥാനാര്‍ഥികളെ നിര്‍ത്തി അഞ്ച് സീറ്റുകള്‍ നേടി. ആ അഞ്ച് എം എല്‍ എമാരില്‍ നാല് പേര്‍ പിന്നീട് ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയില്‍ ചേരുകയുണ്ടായി. എ ഐ എം ഐ എമ്മിന് നിലവില്‍ ഒരു എം എല്‍ എയുണ്ട്. സീമാഞ്ചല്‍ എ ഐ എം ഐ എമ്മിന് സ്വാധീനമുള്ള ജില്ലയാണ്. കഴിഞ്ഞ തവണ വിജയിച്ച നാല് പേരും തിരഞ്ഞെടുക്കപ്പെട്ടത് സീമാഞ്ചല്‍ ജില്ലയില്‍ നിന്നാണ്. ഇത്തവണ ഉവൈസിയുടെ പാര്‍ട്ടി മഹാസഖ്യത്തോട് ആവശ്യപ്പെടുന്നത് ആറ് സീറ്റുകളാണ്. ആം ആദ്മി പാര്‍ട്ടി സ്വന്തം നിലയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചില മണ്ഡലങ്ങളില്‍ അവര്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു.

നിലവില്‍ ബിഹാര്‍ സര്‍ക്കാറിന് നേതൃത്വം നല്‍കുന്നത് എന്‍ ഡി എയാണ്. ജെ ഡി യു, ബി ജെ പി, എല്‍ ജെ പി (ആര്‍), ജിതിന്‍ റാം മാഞ്ചിയുടെ എച്ച് എ എം (സെക്യുലര്‍), ഉപേന്ദ്ര കുശ്്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നതാണ് എന്‍ ഡി എ. മഹാസഖ്യം ആര്‍ ജെ ഡി, കോണ്‍ഗ്രസ്സ്, സി പി ഐ, സി പി എം, സി പി ഐ (എം എല്‍), വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി ഐ പി), ജെ എം എം, നാഷനല്‍ എല്‍ ജെ പി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നതാണ്.

കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോകജനശക്തി പാര്‍ട്ടി (രാംവിലാസ്) സംസ്ഥാന ഭരണത്തില്‍ പങ്കാളിയല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി യു നേതാവ് നിതീഷ് കുമാറുമായുള്ള ഭിന്നതയെ തുടര്‍ന്ന് സ്വന്തം നിലയില്‍ മത്സരിക്കുകയായിരുന്നു. ബി ജെ പിക്കെതിരെ ലോകജനശക്തി പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ചിരാഗ് പാസ്വാന്റെ എതിര്‍പ്പ് നിതീഷ് കുമാറിനോടായിരുന്നു. 2020ലെ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്ക് ഭൂരിപക്ഷം ലഭിച്ചു. ബി ജെ പി 74, ജെ ഡി യു 43 എന്നിങ്ങനെയായിരുന്നു കക്ഷിനില. കൂടുതല്‍ സീറ്റ് ലഭിച്ച ബി ജെ പി മാറിനിന്ന് ജെ ഡി യു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2022 ആഗസ്റ്റില്‍ നിതീഷ് കുമാര്‍ ബി ജെ പിയുമായുള്ള ബന്ധം വിച്ഛേദിച്ച് മഹാസഖ്യത്തില്‍ ചേര്‍ന്നു. 77 സീറ്റുള്ള ആര്‍ ജെ ഡി മാറിനിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചു. ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി. എന്നാല്‍ 2024 ജനുവരിയില്‍ അദ്ദേഹം വീണ്ടും എന്‍ ഡി എയില്‍ ചേരുകയും ആര്‍ ജെ ഡിയുമായി വേര്‍പിരിയുകയും ചെയ്തു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യാ സഖ്യം രൂപവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് നിതീഷ് കുമാര്‍ കാലുമാറിയത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി യുവും രാഷ്ട്രീയ ജനതാദളും (ആര്‍ ജെ ഡി) നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഒരുമിച്ചായിരുന്നു. ഭൂരിപക്ഷം നേടി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തു. 2017ല്‍ ഈ സഖ്യം വേര്‍പിരിഞ്ഞു. നിതീഷ് എന്‍ ഡി എയുമായി അടുത്തു. നിലവിലെ ബിഹാറിലെ കക്ഷി നില, എന്‍ ഡി എ 131 (ബി ജെ പി 80, ജെ ഡി യു 45, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) നാല്, സ്വതന്ത്രര്‍ രണ്ട്). മഹാസഖ്യം 111 ( ആര്‍ ജെ ഡിക്ക് 77, കോണ്‍ഗ്രസ്സിന് 19, സി പി ഐ (എം എല്‍) 11, സി പി ഐ രണ്ട്, സി പി എം രണ്ട്). ആള്‍ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന് ഒന്ന്.

തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ പ്രതീക്ഷ അടുത്തിടെ പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിച്ചു നടത്തിയ പദ്ധതി പ്രഖ്യാപനങ്ങളിലാണ്. എന്നാല്‍ എന്‍ ഡി എ നടത്തിയ ആഭ്യന്തര സര്‍വേ റിപോര്‍ട്ട് പ്രകാരം, നിലവിലുള്ള എം എല്‍ എമാരെക്കുറിച്ചുള്ള ജനാഭിപ്രായം പ്രതികൂലമാണ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയും എന്‍ ഡി എയില്‍ തര്‍ക്കമുണ്ട്. ഭൂരിപക്ഷം ലഭിച്ചാല്‍ ബി ജെ പി മുഖ്യമന്ത്രിപദം ഏറ്റെടുത്തേക്കും. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി നിതീഷ് കുമാറിനെ മാറ്റിനിര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. ഘടക കക്ഷികള്‍ക്കിടയിലെ സീറ്റ് വിഭജനതര്‍ക്കവും എന്‍ ഡി എക്ക് കൂനിന്മേല്‍ കുരുവായിട്ടുണ്ട്. കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്റെ ലോകജനശക്തി പാര്‍ട്ടി (രാംവിലാസ്) പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയുമായി അടുക്കുകയാണെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ചിരാഗിന്റെ ഈ നീക്കം സമ്മര്‍ദ രാഷ്ട്രീയമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിരാഗിന്റെ പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടുകയുണ്ടായി. മത്സരിക്കാന്‍, വിജയിച്ച ലോക്‌സഭാ സീറ്റുകള്‍ക്ക് ആനുപാതികമായി നിയമസഭാ സീറ്റുകള്‍ ലഭിക്കണമെന്നാണ് ചിരാഗ് ആവശ്യപ്പെടുന്നത്.

ചിരാഗും പ്രശാന്ത് കിഷോറും ഒന്നിക്കുന്നത് എന്‍ ഡി എക്ക് ഭീഷണി സൃഷ്ടിക്കുന്നതോടൊപ്പം ബിഹാര്‍ രാഷ്ട്രീയ സമവായത്തിലും മാറ്റം സൃഷ്ടിച്ചേക്കാം. മൂന്നാം മുന്നണിയെന്ന ആശയത്തിന് ശക്തിപകരും. ആര്‍ ജെ ഡിയുടെയും കോണ്‍ഗ്രസ്സിന്റെയും ജെ ഡി യുവിന്റെയും വിജയത്തിനായി വിവിധ ഘട്ടങ്ങളിലായി പ്രവര്‍ത്തിച്ച രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പാര്‍ട്ടി രൂപവത്കരിച്ചത് ഒരു വര്‍ഷം മുമ്പാണ്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവും കേന്ദ്ര മന്ത്രിയുമായ ജിതിന്‍ റാം മാഞ്ചിയും സീറ്റ് വിഭജന കാര്യത്തില്‍ ബി ജെ പിയുമായി ഉടക്കിലാണ്.

സീറ്റ് വീതംവെപ്പില്‍ മഹാസഖ്യത്തിലും തര്‍ക്കമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സി പി ഐ (എം എല്‍) ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുകയാണ്. 2020ലെ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ മത്സരിച്ച സി പി ഐ (എം എല്‍) 12 സീറ്റുകളില്‍ വിജയിച്ചു. ഇത്തവണ 30 സീറ്റാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ 144 സീറ്റുകളില്‍ മത്സരിച്ച ആര്‍ ജെ ഡി 75 സീറ്റുകളിലും 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് 19 സീറ്റുകളിലുമാണ് വിജയിച്ചത്. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സി പി ഐ (എം എല്‍) കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത്.

---- facebook comment plugin here -----

Latest