vazhivilakku
നിങ്ങളുടെ ഇണയുടെ ഇഷ്ടപ്പേരെന്താണ്?
ഒരാളെ തിരിച്ചറിയാനായി മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംവിധാനമാണ് പേരുകള്‍. പേരില്ലാത്ത ഒരു മനുഷ്യനും കഴിഞ്ഞുപോയിട്ടില്ലെന്ന് വേണം കരുതാന്‍. കുട്ടികള്‍ക്ക് നല്ല പേര് നല്‍കല്‍ മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്ന് ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അല്ലാഹുവിന്റെ പേരിന്റെ കൂടെ അടിമ എന്നര്‍ഥം വരുന്ന ‘അബ്ദ്’ ചേര്‍ത്തുള്ള പേരുകളും നബിമാരുടെ പേരുകളുമെല്ലാം തിരഞ്ഞെടുക്കുന്നത് നല്ലതാണെന്നും പഠിപ്പിക്കുന്നു. ജനിച്ചതിന്റെ ഏഴാം ദിവസമാണ് പേരിടാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്നും കാണാം.
എന്നാല്‍ നല്‍കുന്ന പേരുകളാണോ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കേണ്ടത്? അല്ലാതിരിക്കലാണ് നല്ലത് എന്നാണ് ഇസ്ലാമിന്റെ ചരിത്രപാഠം. നുബുവ്വത്ത് വരെയും നബി(സ) അല്‍അമീന്‍ എന്നാണ് വിളിക്കപ്പെട്ടത്. ശേഷം ‘അല്ലാഹുവിന്റെ ദൂതരേ’ എന്നര്‍ഥം വരുന്ന യാ റസൂലല്ലാഹ് എന്ന് അഭിസംബോധനം ചെയ്യപ്പെട്ടു. പ്രവാചക ശിഷ്യരില്‍ ധാരാളമാളുകള്‍ അവരുടെ ഔദ്യോഗിക പേരുകളിലല്ല പ്രസിദ്ധരായത്. അബൂബക്കര്‍(റ), അബൂഉബൈദ(റ), അബൂഹുറൈറ(റ), ഉമ്മുസലമ(റ) എന്നിവരുടെ യഥാര്‍ഥ പേരുകള്‍ എത്ര പേര്‍ക്കറിയാം? ഔദ്യോഗിക നാമങ്ങള്‍ അറിയപ്പെട്ടവര്‍ക്ക് തന്നെ അതുപോലെ പ്രസിദ്ധമായ വിളിപ്പേരോ സ്ഥാനപ്പേരോ ഉള്ളതായി ചരിത്രത്തില്‍ കാണാം. ഫാറൂഖും അബൂഹഫ്‌സും ഇബ്‌നു അബ്ബാസുമെല്ലാം ഉദാഹരണങ്ങളാണ്.
പേരിന് പുറമെയുള്ള ഇത്തരം പേരുകളില്‍ സ്ഥാനപ്പേരുകളും ഓമനപ്പേരുകളുമുണ്ട്. പല പേരുകളുടെയും ഉത്ഭവത്തിന് പിന്നില്‍ ചില ചരിത്രങ്ങളും കാണാം. ചിലത് വളരെ കൗതുകകരവുമാണ്. ശൈബ അബ്ദുല്‍മുത്വലിബായതും അബ്ദുര്‍റഹ്മാന്‍ അബൂഹുറൈറയായതും കൗതുകകരമായ കഥകളാണ്. കര്‍മശാസ്ത്ര സരണിയുടെ ഇമാമായ ശാഫിഈ ഇമാമിന് പിതാമഹനിലേക്ക് ചേര്‍ത്താണ് ആ പേര് ലഭിച്ചത്. ഇമാം നവവിയും ഖസ്ത്വല്ലാനിയുമൊക്കെ ദേശങ്ങളിലേക്ക് ചേര്‍ത്ത് പേര് പറയപ്പെട്ടവരാണ്.
ചുരുക്കത്തില്‍ പേരിന് പുറമെ പേരുണ്ടാകുക എന്നത് ഇസ്ലാമിക ലോകത്ത് നിലനിന്നിരുന്ന ഒരു സംസ്‌കാരമാണ്. യഥാര്‍ഥ പേരിന് പകരം അഭിസംബോധിതര്‍ ഇഷ്ടപ്പെടുന്ന ഇത്തരം പേരുകളാണ് വിളിക്കേണ്ടത് എന്നാണ് നബി(സ)യുടെ മാതൃക. ആഇശ(റ)യെ നബി(സ) ഹുമൈറ എന്നും ഉമ്മു അബ്ദുല്ല എന്നും വിളിച്ചത് ബീവിയെ സന്തോഷിപ്പിച്ചിരുന്നു. പൂച്ചയുമായുള്ള ‘സൗഹൃദ’ത്തെ പരിഗണിച്ച് അബൂഹുറൈറ എന്ന് നബി(സ) വിളിച്ചത് അദ്ദേഹത്തിന് ഇഷ്ടമായി എന്ന് കണ്ടതോടെ കൂട്ടുകാര്‍ക്കെല്ലാം അദ്ദേഹത്തിന്റെ പേര് അതായി മാറി. അലി(റ)വിന് അബൂതുറാബ് എന്ന പേര് ഇവ്വിധത്തില്‍ നല്‍കപ്പെട്ടതും അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടതുമായിരുന്നു. ദീര്‍ഘകാലം നബി(സ)യുടെ സേവകനായിരുന്ന അനസ് ബ്‌നു മാലിക്(റ)വിനെ അവിടുന്ന് ഉനൈസ് എന്ന് വിളിക്കാറുണ്ടായിരുന്നു. അറബി വ്യാകരണത്തില്‍ അനസിനെ ഉനൈസാക്കുന്നതിന് ‘തസ്ഗീര്‍’ എന്നാണ് പറയുന്നത്. അനസ് മോനേ എന്നോ കുഞ്ഞനസേ എന്നോ അര്‍ഥം പറയാനാകുന്ന ഈ പദപ്രയോഗം വാത്സല്യം തുളുമ്പുന്നതാണ്. അറബി ഭാഷയില്‍ തര്‍ഖീം എന്ന ശൈലിയും ഉണ്ട്. പേരിനെ ചുരുക്കി വിളിക്കുക എന്നതാണ് അതിന്റെ താത്പര്യം. അത് പ്രകാരം യാ ആമിര്‍ എന്നതിന് പകരം യാ ആമി എന്നാകും.
ചുരുക്കത്തില്‍ യഥാര്‍ഥ പേരിന് പകരം സ്‌നേഹവും ആദരവും പ്രകടമാകുന്നതും അഭിസംബോധിതരെ സന്തോഷിപ്പിക്കുന്നതുമായ പേരുകളില്‍ പരസ്പരം വിളിക്കാന്‍ നാം ശീലിക്കണം. പ്രത്യേകിച്ച് ഭാര്യമാരെയും കുട്ടികളെയും ഇപ്രകാരം അഭിസംബോധന ചെയ്യുന്നത് ഗൃഹാന്തരീക്ഷം ഊഷ്മളമാകാന്‍ സഹായിക്കും. ശിഷ്യന്‍മാരോടും സഹപ്രവര്‍ത്തകരോടുമെല്ലാം ഈ ശൈലി സ്വീകരിക്കുന്നതും നല്ലതാണ്. അപ്പോള്‍ ചോദ്യമിതാണ് നിങ്ങളുടെ ഭാര്യയുടെ ഇഷ്ടപ്പേര് എന്താണ്?




