Connect with us

Articles

ഇന്ത്യക്ക് നയതന്ത്ര പരീക്ഷണം

ബംഗ്ലാദേശില്‍ നടന്ന കലാപങ്ങളുടെയും മരണങ്ങളുടെയും കാരണക്കാരി ശൈഖ ഹസീനയാണെന്നാണ് ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐ സി ടി) വിധിയില്‍ പറഞ്ഞിരിക്കുന്നത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ശൈഖ ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കാന്‍ ഇടയില്ല.

Published

|

Last Updated

ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ മുന്‍ പ്രധാനമന്ത്രി ശൈഖ ഹസീനക്ക് വിധിച്ച വധശിക്ഷ പ്രതീക്ഷിച്ചതു തന്നെ. ഹസീനക്ക് പരമാവധി ശിക്ഷ വിധിക്കുമെന്ന് തുടക്കം മുതല്‍ തന്നെ വ്യക്തമായിരുന്നു. ബംഗ്ലാദേശില്‍ നടന്ന കലാപങ്ങളുടെയും മരണങ്ങളുടെയും കാരണക്കാരി ശൈഖ ഹസീനയാണെന്നാണ് ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐ സി ടി) വിധിയില്‍ പറഞ്ഞിരിക്കുന്നത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ശൈഖ ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കാന്‍ ഇടയില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു നയതന്ത്ര പരീക്ഷണമാണ്. പതിറ്റാണ്ടുകളായി സുഹൃത്തായി തുടരുന്ന ഒരു നേതാവിനെ കൊലക്കയറിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഇന്ത്യക്ക് രണ്ട് തവണ ചിന്തിക്കേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടാത്ത സര്‍ക്കാര്‍ സ്ഥാപിച്ച ജൂറിയുടെ വിധി സ്വീകാര്യമല്ല എന്നാണ് ഹസീനയുടെ വാദം. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ (ഐ സി സി) സമീപിക്കാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാറിനോട് ഹസീന ആവശ്യപ്പെട്ടിരിക്കുകയാണ്.

മെച്ചപ്പെട്ടുവരുന്ന ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തെ ഉലക്കുന്നതാണ് ബംഗ്ലാദേശിലെ രാജ്യാന്തര കുറ്റവിചാരണാ ട്രൈബ്യൂണലിന്റെ വിധി. ശൈഖ ഹസീനയുടെയും ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാന്‍ ഖാന്‍ കമാലിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ബംഗ്ലാദേശില്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. തന്റെ രാഷ്ട്രീയ എതിരാളികളും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരകാലത്ത് അതിനെതിരെ പ്രവര്‍ത്തിച്ചവരുമായ ആളുകളെ വിചാരണ ചെയ്യുന്നതിന് വേണ്ടി 2010ല്‍ ശൈഖ ഹസീന രൂപവത്കരിച്ച ട്രൈബ്യൂണലാണ് ഹസീനക്കെതിരെ ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. നാല് മാസം മുമ്പ് ട്രൈബ്യൂണലില്‍ കുറ്റപത്രം സമര്‍പ്പിച്ചഘട്ടത്തില്‍ ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. കൊലപാതകം, വംശഹത്യ, തട്ടിക്കൊണ്ടുപോകല്‍, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഹസീനക്കെതിരെ കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്.

ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ട കാര്യം സൂചിപ്പിച്ചതല്ലാതെ ഇന്ത്യ അതിനെക്കുറിച്ച് മറ്റൊന്നും പറയുകയുണ്ടായില്ല. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ശൈഖ ഹസീനയെയും മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനെയും വിട്ടുനല്‍കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആദ്യവാരം ധാക്കയില്‍ നിന്ന് പലായനം ചെയ്ത ശൈഖ ഹസീന ഇന്ത്യന്‍ സര്‍ക്കാറിന്റെ സംരക്ഷണയില്‍ ഡല്‍ഹിയില്‍ കഴിയുകയാണ്. 77കാരിയായ ഹസീന ഡല്‍ഹിയില്‍ എവിടെയാണെന്നത് രഹസ്യമാണ്. ആഗ്രഹിക്കുന്നിടത്തോളം കാലം രാജ്യത്ത് തുടരാന്‍ ഇന്ത്യ ഹസീനക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ബംഗ്ലാദേശിന്റെ മോചനത്തിനായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങള്‍ക്ക് ഉദ്യോഗത്തില്‍ 30 ശതമാനം സംവരണം നല്‍കി കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യുവാക്കള്‍ ആരംഭിച്ച പ്രതിഷേധം ശൈഖ ഹസീനയുടെ ഭരണം അവസാനിപ്പിക്കുന്നതില്‍ കലാശിക്കുകയായിരുന്നു. 1971ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബത്തിനനുവദിച്ച സംവരണ ഉത്തരവ് ബംഗ്ലാദേശ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും വിദ്യാര്‍ഥികളും യുവാക്കളും സര്‍ക്കാറിനെതിരെയുള്ള പ്രക്ഷോഭത്തില്‍ ഉറച്ചു നിന്നു. ജനകീയ പ്രക്ഷോഭത്തില്‍ 16 വര്‍ഷത്തെ അധികാരം വിട്ടൊഴിഞ്ഞ ശൈഖ ഹസീന സഹോദരി ശൈഖ രഹനയോടൊപ്പം ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഹസീന രാഷ്ട്രീയ അഭയത്തിനായി ബ്രിട്ടനെ സമീപിച്ചിരുന്നുവെങ്കിലും ബ്രിട്ടന്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ അവര്‍ ഇന്ത്യയില്‍ തുടരുകയാണ്.

ശൈഖ ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കില്ല എന്നത് ഇന്ത്യയുടെ തീരുമാനമാണ്. ബംഗ്ലാദേശ് ട്രൈബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയ്യാറാകില്ല. ഭരണത്തിലുള്ളപ്പോഴും അല്ലാതെയും ഇന്ത്യയോടൊപ്പം ചേര്‍ന്നുനിന്ന ഹസീനയെ കൈവിടാന്‍ ഇന്ത്യക്കാവില്ല. എന്നാല്‍ ഇന്ത്യയുടെ ഈ നിലപാട് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയേക്കാം. ഹസീനക്കെതിരെ വിധി പ്രഖ്യാപിച്ച ഉടനെ ധാക്കയുടെ തെരുവിലുയര്‍ന്ന മുദ്രാവാക്യം, ശൈഖ ഹസീനയെ വിട്ടുനല്‍കുക, അല്ലെങ്കില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ധാക്ക വിട്ടുപോകുക എന്നായിരുന്നു. ശൈഖ ഹസീനയുടെ പലായനത്തെ തുടര്‍ന്ന് ബംഗ്ലാദേശ് തെരുവുകളില്‍ ഇന്ത്യാവിരുദ്ധ പ്രക്ഷോപം നടന്നിരുന്നു. ശൈഖ ഹസീനയുടെ അവാമി ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങളെ അവിടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളായി ഇന്ത്യയില്‍ ചിത്രീകരിക്കപ്പെട്ടിരുന്നു. ട്രൈബ്യൂണല്‍ വിധിയും ബംഗ്ലാദേശിലെ താത്കാലിക സര്‍ക്കാറിന് തലവേദന സൃഷ്ടിക്കും. ശൈഖ ഹസീനയുടെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതിന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ശൈഖ ഹസീനക്കെതിരെയുണ്ടായ വിധിയെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വ്യാപകമായി ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളും നടക്കുകയുണ്ടായി. ഈ വിധിയുടെ പേരില്‍ ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ താത്കാലിക സര്‍ക്കാറിന് ചോദ്യങ്ങള്‍ നേരിടേണ്ടി വരും. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഐക്യരാഷ്ട്ര സഭ എന്നിവ ശൈഖ് ഹസീനക്കെതിരെയുള്ള വിധിയില്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.

കുറ്റപത്രം സമര്‍പ്പിച്ച് വെറും നാല് മാസത്തിനിടയില്‍ ട്രൈബ്യൂണല്‍ വിധി പറഞ്ഞത് മനുഷ്യാവകാശ സംഘടനകള്‍ ആശങ്കയോടെയാണ് കാണുന്നത്. ഹസീനയുടെ കേസ് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് വിചാരണ നടത്തണമെന്നാണ് ഈ സംഘടനകള്‍ ആവശ്യപ്പെടുന്നത്. വിധിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുയരുന്ന എതിര്‍പ്പ് യൂനുസ് സര്‍ക്കാറിന് കണ്ടില്ലെന്ന് നടിക്കാനാകില്ല. ബംഗ്ലാദേശിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ പലപ്പോഴും അന്താരാഷ്ട്ര ഏജന്‍സികള്‍ സ്വാധീനം ചെലുത്താറുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ശൈഖ ഹസീനക്കെതിരെയുള്ള വിധി നടപ്പാക്കുന്നതില്‍ തടസ്സം നേരിട്ടേക്കാം.

കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കരാറുണ്ട്. 2013ല്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി മുഹ്്യിദ്ദീന്‍ ഖാന്‍ ആലംഗീറും ധാക്കയില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെക്കുകയുണ്ടായി. കരാറിലെ വ്യവസ്ഥ പ്രകാരം രാഷ്ട്രീയ കുറ്റവാളികളെ കൈമാറാനുള്ള ബാധ്യതയില്‍ നിന്ന് ഇരു രാജ്യങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. 2016ല്‍ കൈമാറ്റ പ്രക്രിയ എളുപ്പമാക്കുന്ന വ്യവസ്ഥ കൂടി ചേര്‍ത്ത് കരാര്‍ ഭേദഗതി ചെയ്തു. പുതുക്കിയ ആര്‍ട്ടിക്കിള്‍ 10(3) പ്രകാരം, പ്രതിയെ കൈമാറാന്‍ ആവശ്യപ്പെടുമ്പോള്‍ പ്രതി ചെയ്ത കുറ്റങ്ങളുടെ തെളിവ് അതത് രാജ്യം ഹാജരാക്കേണ്ടതില്ല. ബന്ധപ്പെട്ട കോടതിയില്‍ നിന്നുള്ള അറസ്റ്റ് വാറണ്ട് ഹാജരാക്കിയാല്‍ മതിയാകും. കരാറുകള്‍ എന്തുതന്നെയായാലും ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചതിനു ശേഷമേ ഇന്ത്യ ഹസീനയെ കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. ബംഗ്ലാദേശിലെ ഭരണമാറ്റം ഇന്ത്യക്ക് ഗുണകരമല്ല. ഹസീന ധാക്കയില്‍ നിന്ന് പലായനം ചെയ്തതിനു ശേഷം ബംഗ്ലാദേശില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചു. ഒരുകാലത്ത് ബംഗ്ലാദേശിന്റെ മുഖ്യ ശത്രുവും ഇന്ത്യയുടെ സ്ഥിരം ശത്രുവുമായിരുന്ന പാകിസ്താന്റെ സ്വാധീനം ബംഗ്ലാദേശില്‍ വര്‍ധിച്ചുവരികയാണ്. പാകിസ്താനില്‍ നിന്നുള്ള ഇറക്കുമതികളുടെ പരിശോധന ധാക്ക ഒഴിവാക്കി. ധാക്കയിലും ഇസ്ലാമാബാദിലും ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും സന്ദര്‍ശനങ്ങള്‍ പതിവായി. ധാക്കയും ഇസ്ലാമാബാദുമായുള്ള ബന്ധം ഊഷ്മളമായ സ്ഥിതിക്ക് ഇരു ഭരണകൂടവും ശത്രുവായി കാണുന്ന ഹസീനയെ വിട്ടുനല്‍കുന്നത് മോദി സര്‍ക്കാറിന് രാഷ്ട്രീയമായി ദോഷം ചെയ്യും. ഹസീനക്കെതിരെയുള്ള വിചാരണ നീതിയുക്തമായിരുന്നില്ല എന്ന ഐക്യരാഷ്ട്ര സഭയുടെയും മറ്റുംവാദങ്ങള്‍ ഉയര്‍ത്തി ബംഗ്ലാദേശിന്റെ ആവശ്യം നിരസിക്കാന്‍ ഇന്ത്യക്ക് സാധിക്കും. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബംഗ്ലാദേശ് ഹസീനയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ ഇന്ത്യക്ക് ബംഗ്ലാദേശിന്റെ ആവശ്യം പരിഗണിക്കേണ്ടിവരും