National
ഇന്ത്യയുടെ പോർവിമാന ആവശ്യകതകൾക്ക് പിന്തുണയുമായി റഷ്യ; എസ് യു 57 സ്റ്റെൽത്ത് ഫൈറ്ററിന് സാങ്കേതിക കൈമാറ്റം വാഗ്ദാനം ചെയ്തു
റഷ്യയിൽ എസ് യു.-57 വിമാനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം ഉൽപ്പാദനം ഘട്ടംഘട്ടമായി ഇന്ത്യയിലേക്ക് മാറ്റുന്നതും എയർ വെപ്പൺസ് സംയോജിപ്പിക്കുന്നതിനുള്ള ലൈസൻസിംഗും ഈ വാഗ്ദാനത്തിൽ ഉൾപ്പെടുന്നു
ന്യൂഡൽഹി | ഇന്ത്യയുടെ ഭാവിയിലെ പോർവിമാന ആവശ്യകതകളെ പിന്തുണയ്ക്കുന്നതിനായി, എസ് യു.-57 അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററിന് (Su-57 fifth-generation stealth fighter) നിയന്ത്രണങ്ങളില്ലാത്ത സാങ്കേതിക കൈമാറ്റം വാഗ്ദാനം ചെയ്ത് റഷ്യ രംഗത്തെത്തി. ഇന്ത്യയുടെ എല്ലാ ആവശ്യങ്ങളും പൂർണ്ണമായും സ്വീകാര്യമാണ് എന്ന് റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചതായി എ എൻ ഐ. റിപ്പോർട്ട് ചെയ്തു.
ദുബായ് എയർ ഷോ 2025-ന്റെ ഭാഗമായി സംസാരിക്കവെ, റഷ്യൻ പ്രതിരോധ കൂട്ടായ്മയായ റോസ്റ്റെക്കിന്റെ സി ഇ ഒ. സെർജി ചെമെസോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ഉപരോധത്തിലിരുന്നപ്പോഴും, സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ ആയുധങ്ങൾ നൽകിയിരുന്നു. ഇന്നും ഞങ്ങൾ അതേ സമീപനം തുടരുന്നു, ഇന്ത്യക്ക് ആവശ്യമുള്ള എല്ലാ സൈനിക ഉപകരണങ്ങളും വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ് യു.-57 സംബന്ധിച്ച് ഇന്ത്യയുടെ എല്ലാ സാങ്കേതിക ആവശ്യങ്ങളും ക്രിയാത്മകമായി സ്വീകരിച്ചതായും ഇന്ത്യൻ ഉദ്യോഗസ്ഥരുമായി റഷ്യ ബന്ധം പുലർത്തുന്നുണ്ടെന്നും റോസ്റ്റെക്കിന്റെ ഉപസ്ഥാപനമായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (യു എ സി.) ഡയറക്ടർ ജനറൽ വഡിം ബഡേഖ സ്ഥിരീകരിച്ചു.
റഷ്യയിൽ എസ് യു.-57 വിമാനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം ഉൽപ്പാദനം ഘട്ടംഘട്ടമായി ഇന്ത്യയിലേക്ക് മാറ്റുന്നതും എയർ വെപ്പൺസ് സംയോജിപ്പിക്കുന്നതിനുള്ള ലൈസൻസിംഗും ഈ വാഗ്ദാനത്തിൽ ഉൾപ്പെടുന്നു. എഞ്ചിനുകൾ, ഒപ്റ്റിക്സ്, എ ഇ എസ് എ. റഡാർ, എ ഐ. ഘടകങ്ങൾ, കുറഞ്ഞ ദൃശ്യതീവ്രതയുള്ള സാങ്കേതികവിദ്യകൾ (സ്റ്റെൽത്ത്), ആധുനിക എയർ വെപ്പൺസ് എന്നിവയുടെ സാങ്കേതിക കൈമാറ്റം ഈ കരാറിലുണ്ട്. സംയുക്ത വികസന പദ്ധതിയിൽ രണ്ട് സീറ്റുകളുള്ള എസ് യു.-57 വേരിയന്റും ഉൾപ്പെടുന്നു.
അടുത്ത മാസം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം. അടുത്തിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മോസ്കോ സന്ദർശിക്കുകയും പുടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്റെ സഹായി നിക്കോളായ് പട്രുഷേവ് നവംബർ 18-ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
കരാർ അന്താരാഷ്ട്ര ഉപരോധങ്ങളെക്കുറിച്ച് ആശങ്കയില്ലാതെ സുപ്രധാന ഘടകങ്ങൾ ആഭ്യന്തരമായി നിർമ്മിക്കാൻ ഇന്ത്യക്ക് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.





