National
ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു; 26 അംഗ മന്ത്രിസഭ അധികാരമേറ്റു
19 വർഷത്തിലേറെയായി അധികാരത്തിൽ തുടരുന്ന നിതീഷ് കുമാറിന്റെ 26 അംഗ മന്ത്രിസഭ ജാതി, പ്രാദേശിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പട്ന | ജനതാദൾ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി പത്താം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിൽ ബി ജെ പി നേതാക്കളായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരുൾപ്പെടെ നിരവധി നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
19 വർഷത്തിലേറെയായി അധികാരത്തിൽ തുടരുന്ന നിതീഷ് കുമാറിന്റെ 26 അംഗ മന്ത്രിസഭ ജാതി, പ്രാദേശിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിൽ മുതിർന്ന നേതാക്കളും 10 പുതുമുഖങ്ങളും ഉൾപ്പെടുന്നു. 27 അംഗങ്ങളിൽ എട്ട് പേർ ഉന്നത ജാതിയിൽ നിന്നും അഞ്ച് പേർ ദളിതരിൽ നിന്നും ഒരാൾ മുസ്ലീമും 13 പേർ ഒ ബി സി./ഇ ബി സി. വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ്.
മുൻ സർക്കാരിലെ ഉപമുഖ്യമന്ത്രിമാരായിരുന്ന ബി ജെ പി. നേതാക്കളായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരെ മന്ത്രിസഭയിൽ നിലനിർത്തി. ജെ ഡി യു.വിൽ നിന്ന് ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി, ശ്രാവൺ കുമാർ തുടങ്ങിയ മുതിർന്ന നേതാക്കളും സ്ഥാനം നിലനിർത്തി. ശ്രേയസി സിങ് (ബി ജെ പി.), രാമ നിഷാദ് (ബി ജെ പി.), ആർ എൽ എം. അധ്യക്ഷൻ ഉപേന്ദ്ര കുശ്‌വാഹയുടെ മകൻ ദീപക് പ്രകാശ് എന്നിവരാണ് മന്ത്രിസഭയിലെത്തിയ പ്രധാന പുതുമുഖങ്ങൾ. എച്ച് എ എം.എസിൽ നിന്ന് സന്തോഷ് കുമാർ സുമൻ വീണ്ടും മന്ത്രിയായി.
ബിഹാർ നിയമസഭാ സ്പീക്കർ സ്ഥാനം നിലനിർത്താൻ ബി ജെ പി, ജെ ഡി യുവുമായി ശക്തമായ ചർച്ചകൾ നടത്തിയതായാണ് സൂചന. മുതിർന്ന ബി ജെ പി നേതാവും മുൻ മന്ത്രിയുമായ പ്രേം കുമാർ പുതിയ സ്പീക്കറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സർക്കാരിന് ആശംസകൾ നേർന്നു; ഈ നേതാക്കൾ ബിഹാറിനെ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ 202 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് ദേശീയ ജനാധിപത്യ സഖ്യം (എൻ ഡി എ) ബിഹാറിൽ വീണ്ടും അധികാരത്തിൽ എത്തിയത്.






