articles
ദേശീയ പാതയിൽ വിവേകമാണ് വേഗം
നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ തയ്യാറാകാതെ മലയാളികള്‍ ഇനിയും താന്തോന്നി ഡ്രൈവിംഗ് തുടര്‍ന്നാല്‍ നമുക്ക് ദേശീയ പാതയില്‍ നിന്ന് അപകട വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കാം. നിയമലംഘനങ്ങള്‍ അതീവ ഗൗരവത്തില്‍ കാണുകയും പിഴയും ശിക്ഷയും വിട്ടുവീഴ്ചയില്ലാതെ ചുമത്തുകയും വേണം. മികച്ച റോഡ് സംസ്‌കാരം പുലര്‍ത്തുന്ന സ്ഥലങ്ങളിലെല്ലാം നിയമവും സിസ്റ്റവുമാണ് റോഡ് സുരക്ഷയും ഗതാഗത സംസ്‌കാരവും ഉണ്ടാക്കുന്നതില്‍ പങ്കുവഹിക്കുന്നത്.
കാലമെത്രയോ മുമ്പ് വരേണ്ടിയിരുന്ന അതിവേഗപ്പാത കേരളത്തില്‍ യാഥാര്‍ഥ്യമാകുകയാണ്. പണി പൂര്‍ത്തിയായ പല ഭാഗങ്ങളിലും ഇതിനകം പുതിയ പാത അനുഭവിച്ചു തുടങ്ങി. പലയിടത്തും അപകടങ്ങള്‍ ഉണ്ടായി. ജീവിതങ്ങള്‍ പൊലിഞ്ഞു. മലപ്പുറം കൂരിയാട് പാത തന്നെ കുത്തിയൊലിച്ചു പോയി. റോഡില്‍ വണ്ടിയോടിച്ചവരും വണ്ടിയോടുന്നത് കണ്ടവരും വിസ്മയപ്പെട്ടു. വിദേശ പാതകള്‍ പോലെയെന്ന് അതിശയം പറഞ്ഞു. കോട്ടക്കലില്‍ നിന്ന് കോഴിക്കോട്ടെത്താനെടുത്ത സമയം കണ്ട് കണ്ണ് തള്ളി. പണ്ട് ഗോവിന്ദന്‍ മാഷ് അപ്പം വില്‍ക്കാന്‍ പോയി വരാമെന്ന് പറഞ്ഞത് തള്ളല്ലെന്ന് അടക്കം പറഞ്ഞു.
ഒരു കാര്യം ഉറപ്പ്, കേരളീയ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുന്ന പാതയാണിത്. വാണിജ്യ, വ്യവസായ രംഗത്തെ വളര്‍ച്ചയും ഉണര്‍വും മാത്രമല്ല, മലയാളികളുടെ സാംസ്‌കാരിക ജീവിതത്തെ ഈ പാത അല്‍പ്പം അമര്‍ത്തി തൊടും. തെക്ക് നിന്ന് വടക്കോട്ടും വടക്ക് നിന്ന് തെക്കോട്ടും സിഗ്നലുകളില്ലാതെ ചീറിപ്പായാന്‍ പറ്റുന്ന പാത. വാഹനങ്ങളുടെ കേരള മാര്‍ച്ച്. എന്നാല്‍, നാം കണ്ടു പരിചയിച്ച മനുഷ്യ മാര്‍ച്ചുകള്‍ക്ക് ഈ പാതയില്‍ പ്രവേശനമില്ല. എങ്കിലും ദേശീയ പാതയില്‍ നിന്നുള്ള വാര്‍ത്തകളില്ലാത്ത ദിവസങ്ങളുണ്ടാകാനിടയില്ല. പുതിയ ഗതാഗത സംസ്‌കാരവും വ്യവഹാരവും സ്ഥാപിക്കപ്പെടുകയാണ്. റോഡ് അതോറിറ്റി മറ്റു വകുപ്പുകളേക്കാള്‍ പ്രധാനമാകുകയാണ്. ദേശീയ പാത ഉപയോഗിക്കുന്നവര്‍, പ്രത്യേകിച്ച് വാഹനമോടിക്കുന്നവരും വഴി നടക്കുന്നവരും നിയമങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ പണി പാളും. ഈ ഗതാഗത സംസ്‌കാരത്തോട് സമരസപ്പെടുക എന്ന വെല്ലുവിളിയാണ് ഇനി മലയാളികള്‍ നേടിയെടുക്കേണ്ട സാക്ഷരത. ദേശപാത ഔദ്യോഗികമായി തുറക്കുന്നതോടെ ഇത് കൂടുതല്‍ ബോധ്യപ്പെടും.
സര്‍ക്കാറും മന്ത്രിമാരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും വിദ്യാലയങ്ങളും എല്ലാം ചേര്‍ന്ന് നടപ്പാക്കേണ്ട റോഡ് സാക്ഷരതാ യജ്ഞം ആവശ്യമാണ്. അല്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും. അതിവേഗ ദേശീയ പാത തുറക്കും മുമ്പ് അഥവാ 2024ലെ കേരള പോലീസ് കണക്ക് പ്രകാരം കേരളത്തിലെ ദേശീയ പാതകളിലെ അപകട നിരക്കും അപകട മരണ നിരക്കും സംസ്ഥാന പാതയേക്കാള്‍ കൂടുതലാണ്.
ഗള്‍ഫിലോ മറ്റു വിദേശ രാജ്യങ്ങളിലോ ജീവിക്കുകയും വാഹനമോടിക്കുകയും ചെയ്തവര്‍ക്ക് പുതിയ റോഡും നിയന്ത്രണങ്ങളും റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. പക്ഷേ അത്തരം അനുഭവങ്ങളില്ലാത്ത ബഹുഭൂരിഭാഗം മലയാളികളും പുതിയ സംസ്‌കാരത്തോട് ചേരാന്‍ കൂട്ടാക്കുന്നില്ല. ഇത് നേരില്‍ അറിയാന്‍, ഇപ്പോള്‍ തുറന്നു കൊടുത്തിട്ടുള്ള ദേശീയ പാതയില്‍ നമ്മുടെ സ്വന്തം കെ എസ് ആര്‍ ടി സി, സ്വകാര്യ ബസ് ഡ്രൈവര്‍മാരും ട്രക്ക് ഡ്രൈവര്‍മാരും വാഹനമോടിക്കുന്നത് നോക്കിയാല്‍ മതി. ലൈന്‍ ഡിസിപ്ലിന്‍ അവര്‍ക്ക് ബാധകമേയല്ല എന്ന മട്ടാണ്. രണ്ട് ലൈനുകളിലൂടെയാണ് മിക്കപ്പോഴും ഓട്ടം. ലൈന്‍ മാറുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ പ്രദര്‍ശിപ്പിക്കില്ല. ചെറുവാഹനങ്ങളും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. ശീലത്തിന്റെ പ്രശ്‌നമാണ്. പക്ഷേ ശീലം മാറ്റിയേ മതിയാകൂ. വേഗം കുറഞ്ഞ സംസ്ഥാന, പ്രാദേശിക പാതകളില്‍ വാഹനമോടിച്ച് ശീലിച്ച അതേ സ്വഭാവമാണ്, 80-100 കിലോമീറ്റര്‍ വേഗത്തില്‍ വാഹനങ്ങള്‍ പാഞ്ഞുവരുന്ന ദേശീയ പാതയിയിലും ഡ്രൈവര്‍മാര്‍ പിന്തുടരുന്നത്.
വേഗതയാണ് പ്രധാന വില്ലന്‍
മെല്ലെപ്പോക്കിന് ഒട്ടും പറ്റാത്ത റോഡാണിത്. പാതയോര സൗന്ദര്യം ആസ്വദിച്ചും വര്‍ത്തമാനം പറഞ്ഞും ആയത്തില്‍ വണ്ടിയോട്ടാന്‍ ഹൈവേയില്‍ പറ്റില്ല. ഇത് ഗതാഗത കുരുക്കുണ്ടാക്കും. അനുവദിക്കപ്പെട്ട വേഗതയുടെ പരമാവധിയില്‍ പോകണം. വേഗതയുടെ തോത് അനുസരിച്ച് തിരഞ്ഞെടുക്കാന്‍ മൂന്ന് ലൈനുകള്‍ ഉണ്ട്. വിദേശ ഹൈവേകളില്‍ പരമാവധി വേഗത പോലെ തന്നെ കുറഞ്ഞ വേഗതയും നിശ്ചയിച്ചിട്ടുണ്ട്. ഈ വേഗതയില്‍ പോയില്ലെങ്കില്‍ പിഴ വീഴും. ഗതാഗത കുരുക്ക് ഇല്ലാതാക്കാനും പരമാവധി വാഹനങ്ങളുടെ ഒഴുക്ക് ത്വരിതപ്പെടുത്താനുമാണിത്. വേഗം കുറച്ചുപോകാന്‍ അവകാശം ഉണ്ട് എന്ന് കരുതുകയല്ല ഹൈവേയോട് കാണിക്കേണ്ട ധര്‍മം.
സാധ്യമാകുന്ന വേഗതക്ക് അനുയോജ്യമായ ലൈന്‍ തിരഞ്ഞെടുക്കാനും അവിടെ പറ്റുന്നില്ലെങ്കില്‍ സര്‍വീസ് റോഡില്‍ ഇറങ്ങാനും സന്മനസ്സ് കാണിക്കണം. സര്‍വീസ് റോഡുകള്‍ പലയിടത്തും ഒറ്റവരി പാതയാകയാല്‍ വേഗം കുറച്ച് പോകുന്നത് അവിടെയും കുരുക്കുണ്ടാക്കും.
ഹൈവേയില്‍ ശരാശരി വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ മധ്യത്തിലുള്ള ലൈനില്‍ വാഹനമോടിക്കണമെന്നാണ് നിര്‍ദേശം. മറികടക്കേണ്ടി വരുമ്പോള്‍ വലതു വശത്തെ അതിവേഗ ലൈനില്‍ കയറി തിരിച്ച് മധ്യത്തിലേക്ക് തന്നെ വരണം. അതിവേഗ ലൈന്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര സര്‍വീസുകള്‍ക്കായി ഒഴിച്ചിടണം എന്നാണ്. ബസുകള്‍ ഉള്‍പ്പെടെ ഹെവി വാഹനങ്ങളും ഭാരവാഹനങ്ങളും ഇടതുവശ ലൈനിലൂടെ മാത്രം പോകണം. ഓവര്‍ടേക്ക് ചെയ്യാന്‍ മധ്യപാത ഉപയോഗിക്കാം. എന്നാല്‍ കെ എസ് ആര്‍ ടി സി ബസുകളും ട്രക്കുകളും ഇപ്പോള്‍ നടുവിലെ ലൈനിലൂടെ ഓടുകയാണ്.
പിറകില്‍ വരുന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയാലോ ലൈറ്റിട്ടാലോ ഒന്നും ഈ വാഹനങ്ങള്‍ വഴിമാറിക്കൊടുക്കില്ല. പലപ്പോഴും ഒരു ലൈനില്‍ ഒതുങ്ങാതെ രണ്ട് ലൈനുകള്‍ കവര്‍ന്ന് സഞ്ചരിക്കുന്ന രീതിയും വ്യാപകമാണ്. പരമാവധി വേഗതയില്‍ സഞ്ചരിക്കാവുന്ന വലതു വശത്തെ പാതയില്‍ നിന്ന് തീരെ മാറിക്കൊടുക്കാത്തവരുണ്ട്. പിറകില്‍ വരുന്ന വാഹനങ്ങള്‍ക്ക് വഴിമാറിക്കൊടുക്കല്‍ റോഡ് ഉപയോഗത്തിലെ മര്യാദയാണ്. വലതു വശമാണ് ഒഴിഞ്ഞു കൊടുക്കേണ്ടത്. ഇന്‍ഡിക്കേറ്ററുകള്‍ കൃത്യമായി പ്രദര്‍ശിപ്പിച്ച് മാത്രം റോഡുകള്‍ മാറാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തൊട്ടു പിറകില്‍ വാഹനങ്ങള്‍ ഉണ്ടോ എന്നത് അടിസ്ഥാനപ്പെടുത്തിയല്ല, ഇന്‍ഡിക്കേറ്ററുകള്‍ ഒരു ഡ്രൈവിംഗ് സംസ്‌കാരമായി ശീലിക്കുകയാണ് വേണ്ടത്.
വാഹനങ്ങള്‍ക്കുള്ളതാണ് റോഡ്
പുതിയ ദേശീയ പാത വിശേഷിച്ചും വാഹനങ്ങള്‍ക്ക് മാത്രമുള്ളതാണ്. കാല്‍നട യാത്രക്കാര്‍ക്ക് ഇവിടെ പ്രവേശനമില്ല. റോഡ് നടവഴിയാണ് എന്ന് വിചാരിക്കുന്നവര്‍ ഏറെയുണ്ട് മലയാളികളില്‍. വാഹനങ്ങളെപ്പോലെ തങ്ങള്‍ക്കും റോഡില്‍ അവകാശമുണ്ട് എന്നാണ് ധാരണ. കേരളത്തില്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ മരണമടയുന്നവരില്‍ 25.6 ശതമാനവും കാല്‍നട യാത്രക്കാരാണ്. 2022ല്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തുവിട്ട വിവരമാണിത്.
പുതിയ ദേശീയ പാതയില്‍ ആളുകള്‍ക്ക് പ്രവേശനം ഇല്ലെങ്കിലും റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നവര്‍ യഥേഷ്ടമുണ്ട്. മൂന്ന് പാതകള്‍ മുറിച്ചു കടന്നുവേണം അപ്പുറമെത്താന്‍. മൂന്ന് പാതകളിലും അതിവേഗത്തില്‍ വാഹനങ്ങള്‍ പായും. റോഡ് മുറിച്ച് കടക്കുന്നത് കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി നിശ്ചയിക്കണം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ റോഡ് മുറിച്ചുകടക്കാന്‍ തുനിയുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ഹൈവേയിലേക്കുള്ള എന്‍ട്രിയും എക്‌സിറ്റും അധികൃതര്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. റോഡില്‍ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇപ്പോള്‍ എക്‌സിറ്റ് വഴി എന്‍ട്രിയും തിരിച്ചും വ്യാപകമായി നടക്കുന്നു. ബാരിക്കേഡുകള്‍ പലയിടത്തും തകര്‍ത്തു കഴിഞ്ഞു. നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ തയ്യാറാകാതെ മലയാളികള്‍ ഇനിയും താന്തോന്നി ഡ്രൈവിംഗ് തുടര്‍ന്നാല്‍ നമുക്ക് ദേശീയ പാതയില്‍ നിന്ന് അപകട വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കാം. കേരളത്തിലെ ആകെ വാഹനാപകടങ്ങളില്‍ 52 ശതമാനവും നിയമം തെറ്റിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നതിലൂടെയാണ്. റോഡില്‍ ഇറങ്ങുന്ന കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും കുറവല്ല. ഇരുചക്ര വാഹനങ്ങളാണ് മറ്റൊരു പ്രധാന അപകട കാരണം. നിയമലംഘനങ്ങള്‍ അതീവ ഗൗരവത്തില്‍ കാണുകയും ബോധവത്കരണത്തിനൊപ്പം പിഴയും ശിക്ഷയും വിട്ടുവീഴ്ചയില്ലാതെ ചുമത്തുകയും വേണം. മികച്ച റോഡ് സംസ്‌കാരം പുലര്‍ത്തുന്ന സ്ഥലങ്ങളിലെല്ലാം നിയമവും സിസ്റ്റവുമാണ് റോഡ് സുരക്ഷയും ഗതാഗത സംസ്‌കാരവും ഉണ്ടാക്കുന്നതില്‍ പങ്കുവഹിക്കുന്നത്. കേരളം ഈ പാതയില്‍ സഞ്ചരിക്കാന്‍ പാകപ്പെടുക തന്നെ വേണം. എങ്കിലേ നമുക്ക് ഈ പാത ശരിയായ സാമൂഹിക വികസന പദ്ധതിയായി എണ്ണാനാകൂ.




