From the print
ബി ജെ പിക്കെതിരെ മത്സരിക്കാന്‍ ബി ഡി ജെ എസ്; എന്‍ ഡി എയില്‍ പൊട്ടിത്തെറി
രാജീവ് ചന്ദ്രശേഖർ- തുഷാർ വെള്ളാപ്പള്ളി ചര്‍ച്ച ഇന്ന്
ആലപ്പുഴ | ഇടത്- വലത് മുന്നണികള്‍ക്ക് പിന്നാലെ എന്‍ ഡി എയിലും സീറ്റുകളെച്ചൊല്ലി കലഹം രൂക്ഷം. ജില്ലയിലുടനീളം മുന്നണിയിലെ ഇരുകക്ഷികളും വിട്ടുവീഴ്ചയില്ലാതെ പോരടിക്കുന്ന കാഴ്ചയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഇന്ന് ബി ജെ പി- ബി ഡി ജെ എസ് സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തും.
ഇന്നത്തെ ചര്‍ച്ചയിൽ പരിഹാരമായില്ലെങ്കില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള സൗഹൃദ മത്സരങ്ങൾക്ക് ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും വേദിയാകും. പ്രധാനമായും കുട്ടനാട്ടിലാണ് ബി ജെ പിക്കെതിരെ ബി ഡി ജെ എസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്. മിക്ക പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്തമല്ല. ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തെച്ചൊല്ലി എന്‍ ഡി എ ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിയിലെ തര്‍ക്കം മറ്റു മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു.
ആലപ്പുഴ നോര്‍ത്തില്‍ രണ്ടും സൗത്തില്‍ ഒരു സീറ്റും ബി ഡി ജെ എസിന് നല്‍കാമെന്നാണ് ബി ജെ പി നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍, രണ്ട് മേഖലയിലുമായി നാല് സീറ്റാണ് ബി ഡി ജെ എസിന്റെ ആവശ്യം. അതിനിടെ, സൗത്തിലെ ബി ഡി ജെ എസിനായി നീക്കിവെച്ച ഒരു സീറ്റില്‍ ബി ജെ പി സ്ഥാനാര്‍ഥി പത്രിക നല്‍കുക കൂടി ചെയ്തതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി.
അതിനിടെ, ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച രണ്ട് ഡിവിഷനുകളില്‍ ഇന്നലെ ബി ഡി ജെ എസ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള 11 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നൂറനാട്, കൃഷ്ണപുരം ഡിവിഷനുകളാണ് ബി ഡി ജെ എസ് ആവശ്യപ്പെട്ടത്. ഇതടക്കം ഒമ്പത് സീറ്റുകളില്‍ ഈ മാസം 12ന് ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
കരുവാറ്റ, ഭരണിക്കാവ് ഡിവിഷനുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടിവെച്ചു. പ്രശ്‌നം പരിഹരിച്ചാല്‍ ഈ സീറ്റുകള്‍ ബി ഡി ജെ എസിന് നല്‍കുമെന്നായിരുന്നു സൂചന. എന്നാല്‍, ബി ജെ പിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച നൂറനാട്, കൃഷ്ണപൂരം, പള്ളിപ്പാട്, മുളക്കുഴ ഡിവിഷനുകളില്‍ ബി ഡി ജെ എസും സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ ഒഴിച്ചിട്ട രണ്ട് സീറ്റുകളിലൊന്നായ കരുവാറ്റയിൽ ബി ജെ പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തിരിച്ചടിച്ചു.
ആലപ്പുഴ നോര്‍ത്ത് ജില്ലാ കമ്മിറ്റിയില്‍ അരൂര്‍, വെളിയനാട് ഡിവിഷനുകളാണ് ബി ഡി ജെ എസിന് നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കമുണ്ട്.
അതേസമയം, വെള്ളാപ്പള്ളിയുടെ ഇടപെടലില്‍ ബി ഡി ജെ എസ് ആഭിമുഖ്യമുള്ളവര്‍ക്ക് യു ഡി എഫ്- എൽ ഡി എഫ് മുന്നണികളില്‍ സീറ്റ് തരപ്പെടുത്തിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിൽ മൂന്ന് സി പി എം പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിവിട്ട സംഭവവുമുണ്ടായിട്ടുണ്ട്.




