Kerala
വി എം വിനുവിനുവോട്ടില്ല; വോട്ടര്‍പട്ടിക പരിശോധിക്കാത്തതിന്റെ ഉത്തരവാദിത്തം ചാര്‍ത്തിയ വാര്‍ഡ് കൗണ്‍സിലര്‍ കോണ്‍ഗ്രസ് വിട്ടു
വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് രാജേഷ് ഡി സി സിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നേതൃത്വം കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് കൗണ്‍സിലര്‍ കെ പി രാജേഷ് കുമാര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
കോഴിക്കോട് | കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട യു ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി സംവിധായകന്‍ വി എം വിനുവിന്റെ വാര്‍ഡിലെ കൗണ്‍സിലര്‍ കെ പി രാജേഷ് കുമാര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചു.
വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് രാജേഷ് ഡി സി സിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നേതൃത്വം കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് ഇദ്ദേഹം രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അറിയിച്ച് പാര്‍ട്ടി നേതൃത്വത്തിന് രാജേഷ് കത്തു നല്‍കി. മാനസിക കാരണങ്ങളാല്‍ സംഘടനാ പ്രവര്‍ത്തനം തുടരാനാകാത്ത നിലയിലാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്നും കത്തില്‍ പറയുന്നു.
വാര്‍ഡ് തലത്തില്‍ വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ പോലും സംഘടനാ സംവിധാനമില്ലാത്തതിന്റെ പേരില്‍ പാര്‍ട്ടി നാണക്കേടിലായ സാഹചര്യത്തിലാണ് വാര്‍ഡ് കൗണ്‍സിലര്‍ തറ്റിദ്ധരിപ്പിച്ചു എന്ന വാദം ഡി സി സി മുന്നോട്ടു വച്ചത്. പാര്‍ട്ടിയുടെ വീഴ്ച മറികടക്കാന്‍ തന്നെ ബലിയാടാക്കിയെന്നാണ് രാജേഷിന്റെ നിലപാട്.
വമ്പിച്ച പ്രചാരണത്തോടെ വി എം വിനുവിനെ കളത്തിലിറക്കി മണിക്കൂറുകള്‍ക്കകം ഉണ്ടായ തിരിച്ചടി കോര്‍പറേഷനിലെ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു പോരാട്ടത്തെയാകെ ബാധിച്ചിട്ടുണ്ട്.



